- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവൻ കാലവും ഭരണ സാരഥി; 25 വർഷം പൂർത്തിയാക്കി ഒഴിഞ്ഞ നിലവിലെ മെമ്പർ; 1979ന് ശേഷം പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസിന്റെ പൊന്നാപുരം കോട്ട; ബാലൻ ഇഫക്ടിൽ എവി ഗോപിനാഥ് മാറ്റത്തിന് ഒരുങ്ങുമ്പോൾ
പാലക്കാട്: കേരളത്തിൽ കോൺഗ്രസിന് പൊന്നാപുരം കോട്ടയെന്ന് പറയാൻ ഒരു പഞ്ചായത്തുണ്ടായിരുന്നു. 1979 മുതൽ ഇങ്ങോട്ട് ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന പെരിങ്ങോട്ടുകുറിശ്ശി. ഇതും കോൺഗ്രസിന് നഷ്ടമാകുമോ? ഇതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. ഇതിന് കാരണം എവി ഗോപിനാഥിന്റെ കോൺഗ്രസിൽ നിന്നുള്ള രാജിപ്രഖ്യാപനമാണ്.
കോൺഗ്രസിന്റെ പൊന്നാപുരംകോട്ടയായ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമാക്കുന്നതാകും എവി ഗോപിനാഥിന്റെ രാജി. എവി ഗോപിനാഥ് കളം മാറിയാൽ പഞ്ചായത്തിലെ ബഹുഭൂരിഭാഗം മെമ്പർമാരും ചുവടുമാറും. ഇതോടെ ഭരണം സിപിഎമ്മിന്റെ കൈകളിലേക്ക് എത്തും. സിപിഎം എന്നും മോഹവുമായി നടന്ന പഞ്ചായത്ത്. അതുകൊണ്ടാണ് ഗോപിനാഥിന് വില കൂടുന്നത്.
പാലക്കാട്ടെ രാഷ്ട്രീയം കുറച്ചു കാലമായി സിപിഎമ്മിന് അനുകൂലമാണ്. അപ്പോഴും പെരിങ്ങാട്ടുകുറിശ്ശിയിൽ നുഴഞ്ഞു കയറാൻ സിപിഎമ്മിന് ആയില്ല. ഇതിന് കാരണം എവി ഗോപിനാഥായിരുന്നു. അത് എ.വി. ഗോപിനാഥ് എന്ന നേതാവിന്റെ മികവു മാത്രമാണ്. വേണമെങ്കിൽ എ.വി.ജി. ഗ്രൂപ്പിന്റെ കരുത്ത് പെരിങ്ങാട്ടുകുറിശ്ശിയെ മറ്റാരും കൊണ്ടു പോകാതെ കോൺഗ്രസ് പക്ഷത്ത് കാത്തു. ഇങ്ങനെ ഒരു പഞ്ചായത്തിൽ ആകെ സ്വാധീന ശക്തിയായി നിലയുറപ്പിക്കാൻ കഴിയുന്ന മറ്റൊരു കോൺഗ്രസ് നേതാവും ഇന്നില്ല. ഇത് സിപിഎമ്മിനും ബിജെപിക്കും അറിയാം.
പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എവി ഗോപിനാഥ് വിശദീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗോപിനാഥിന്റെ യാത്ര ഇടതു ചേരിയിലേക്കെന്ന് വ്യക്തം. ഇതിന് പിന്നിലെ ചാലക ശക്തി സിപിഎം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ എകെ ബാലനാണ്. ഗോപിനാഥിനിലൂടെ ബാലൻ പെരിങ്ങോട്ടുകുറിശ്ശിയെ സിപിഎമ്മിലേക്ക് അടുപ്പിക്കുകയാണ്.
ഇടതിനൊപ്പം നിൽക്കുന്ന തരൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിക്ക് ലീഡ് ലഭിക്കാറുണ്ടെങ്കിലും പഞ്ചായത്ത് ഭരണം, അത് കോൺഗ്രസിനൊപ്പമാണ്. ഇതിന് കാരണക്കാരൻ ഗോപിനാഥാണ്. തരൂരിനെ നിയമസഭയിൽ നേരത്തെ പ്രതിനിധീകരിച്ചത് എകെ ബാലനാണ്. ബാലനും ഗോപീനാഥനും അടുത്ത സുഹൃത്തുക്കളും. ഇത് പലപ്പോഴും വോട്ടുകളെ ഇടതുപക്ഷത്ത് എത്തിച്ചെന്ന കഥ പാലക്കാട് രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. ഈ ബാലനാണ് ഇന്ന് ഗോപീനാഥിനെ സിപിഎം പക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത്.
42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവൻകാലവും ഗോപിനാഥ് തന്നെയായിരുന്നു പ്രസിഡന്റ്. 25 വർഷം പ്രസിഡന്റ് പദവി പൂർത്തിയാക്കിയപ്പോൾ പദവി ഒഴിഞ്ഞുകൊടുത്തു. ഇത്തവണ പ്രസിഡന്റ് പദവി വനിതാ സംവരണമായിട്ടും പ്രവർത്തകരുടെ നിർബന്ധത്തിനുവഴങ്ങി മത്സരിച്ച എ.വി. ഗോപിനാഥ് ജയിച്ചിരുന്നു. 16 അംഗ പഞ്ചായത്തിൽ 11 പേരും കോൺഗ്രസ് അംഗങ്ങളാണ്.
ഞങ്ങൾ 11 പേരും ഒരുമിച്ചാണ്, ഞങ്ങൾ അഞ്ചുവർഷം ഭരിക്കും. അഞ്ചുവർഷം ഭരിക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം തന്നത് എന്ന് ഗോപിനാഥ് വൃത്തിയായി പറഞ്ഞിട്ടുണ്ട്. ഗോപിനാഥ് എങ്ങോട്ട് പോയാലും പഞ്ചായത്ത് ഭരണവും ആ പക്ഷത്തേക്ക് നീങ്ങും. സിപിഎമ്മിലേക്കെന്ന സൂചന ഗോപീനാഥ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ 42 വർഷത്തിന് ശേഷം ആദ്യമായി പഞ്ചായത്തിൽ സിപിഎം ഭരണത്തിലേറും. ഇതാണ് എകെ ബാലന്റെ ഓപ്പറേഷനും.
15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ഗോപിനാഥ്. ജില്ലയിലെ പ്രമുഖ നേതാവായിരുന്ന ഗോപിനാഥ്, മുൻപ് ഡി.സി.സി. അധ്യക്ഷനുമായിരുന്നു. 2009-ൽ സതീശൻ പാച്ചേനി എം.ബി. രാജേഷിനോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് ഗോപിനാഥ് രാജിവെച്ചത്. പിന്നീട് എല്ലാ അർത്ഥത്തിലും ഒതുക്കപ്പെട്ടു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപീനാഥും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കിട്ടില്ല. അന്ന് ഗോപിനാഥ് പാർട്ടി വിടാൻ പോകുന്നെന്ന് വാർത്തകളും ശക്തമായി. എന്നാൽ കെ. സുധാകരന്റെ സമയോചിതമായ ഇടപെടൽ ഗോപിനാഥന്റെ പാർട്ടിവിടലിനെ താത്കാലികമായെങ്കിലും തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ഗോപിനാഥിനെ പിടിച്ചുനിർത്തിയത്.
എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ഡി.സി.സി. അധ്യക്ഷ പട്ടികയിൽ ഗോപിനാഥിന് ഇടംപിടിക്കാനായില്ല. മുമ്പ് ഡിസിസി പ്രസിഡന്റായിരുന്നവരെ പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡമാണ് വിനയായത്. എന്നാൽ സുധാകരൻ തനിക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന പരിഭവം ഗോപിനാഥിനുണ്ട്. ഇതുകാരണമാണഅ അദ്ദേഹം പാർട്ടി വിട്ടത്.
ആശയപരമായി രണ്ടുചേരിയിലാണെങ്കിലും സിപിഎം. നേതാവ് എ.കെ. ബാലനുമായി അടുത്തബന്ധമാണ് ഗോപിനാഥിനുള്ളത്. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോകില്ലെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഗോപിനാഥ് പറഞ്ഞിരുന്നത്. എന്നിരുന്നാലും ഗോപിനാഥ് സിപിഎമ്മിലേക്ക് പോയാൽ അതിൽ അൽപം പോലും അദ്ഭുതപ്പെടേണ്ടി വരില്ല. അതിന് കാരണം, കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചുള്ള വാർത്താസമ്മേളനത്തിന് തൊട്ടുമുൻപത്തെ പരാമർശങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ