പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അനുനയത്തിന് എവി ഗോപിനാഥ് വഴങ്ങും. തനിക്ക് ഗോപിനാഥുമായുള്ള അടുപ്പം എന്താണെന്ന് നേരത്തെ സുധാകരൻ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷൻ പറഞ്ഞതിന് സമാനമായ സാഹചര്യം പാലക്കാടുണ്ടാകുമെന്നാണ് സൂചന. ഗോപിനാഥിനെ ജനകീയ നേതാവാണെന്ന് സിപിഎം വിശേഷിപ്പിച്ചിട്ടുണ്ട്. ഗോപിനാഥിനെ ക്ഷണിക്കാൻ സിപിഎം തയ്യാറുമാണ്. എന്നാൽ പാർട്ടിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ച ഗോപിനാഥിനി് ഇപ്പോഴും താൽപ്പര്യം കോൺഗ്രസ് തന്നെയാണ്.

കേരളത്തിൽ കോൺഗ്രസിന് പൊന്നാപുരം കോട്ടയെന്ന് പറയാൻ ഒരു പഞ്ചായത്തുണ്ട്. 1979 മുതൽ ഇങ്ങോട്ട് ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന പെരിങ്ങോട്ടുകുറിശ്ശി. ഇതിന് കാരണം എവി ഗോപിനാഥിന്റെ കരുത്തായിരുന്നു. ഇങ്ങനെ ഒരു പഞ്ചായത്തിൽ ആകെ സ്വാധീന ശക്തിയായി നിലയുറപ്പിക്കാൻ കഴിയുന്ന മറ്റൊരു കോൺഗ്രസ് നേതാവും ഇന്നില്ല. ഗോപിനാഥ് കോൺഗ്രസ് വിട്ടാൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 മെമ്പർമാരും രാജിവയ്ക്കും. ഗോപിനാഥും ഈ പഞ്ചായത്തിലെ അംഗമാണ്. 25 കൊല്ലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഗോപിനാഥ് കളം മാറിയാൽ ഈ പഞ്ചായത്തും സിപിഎമ്മിന് സ്വന്തമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് സുധാകരന്റെ ശ്രമം.

കോൺഗ്രസിനു പോറലേൽക്കുന്ന നീക്കത്തിനില്ലെന്നും സംഘടന ശക്തമാവുകയാണു വേണ്ടതെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കിയത് മാതൃസംഘടനയിൽ തുടരുമെന്ന സൂചനയായയാണ് വ്യഖ്യാനിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുധാകരനുമായുള്ള വ്യക്തിപരമായ അടുപ്പം ആവർത്തിച്ച ഗോപിനാഥ് അദ്ദേഹവുമായി ഇന്നലെ ഫോണിൽ സംസാരിച്ചുവെന്നാണു വിവരം. ഇതോടെ പ്രശ്‌നങ്ങളുടെ മഞ്ഞുരുകിയെന്നാണ് സൂചന. കെപിസിസി പുനഃസംഘടനയിൽ ഗോപിനാഥിന് അർഹമായ പരിഗണന നൽകാനാണ് നീക്കം.

കോൺഗ്രസിനു പോറലുണ്ടാക്കുന്ന ഒരു നീക്കങ്ങളും നടത്തരുതെന്ന് ഗോപിനാഥ് അടുപ്പമുള്ള പ്രവർത്തകരോടു പറഞ്ഞിട്ടുണ്ട്. രാജി തന്റേതു മാത്രമാണെന്നും പ്രകോപനങ്ങളിൽപ്പെട്ടു പോകരുതെന്നുമാണു നിർദ്ദേശം. രാജിയിൽ ഉറച്ചു നിൽക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. ഇതാണ് പാലക്കാട്ടെ പുതിയ ചർച്ചകൾക്ക് കാരണം. കോൺഗ്രസ് നേതാക്കളോ മറ്റു പാർട്ടിക്കാരോ വന്നാൽ ചർച്ച നടത്തുമെങ്കിലും സാഹചര്യമനുസരിച്ചു ശരിയെന്നു തോന്നുന്ന തീരുമാനം താനെടുക്കുമെന്നും വിശദീകരിച്ചിട്ടുണ്ട്.

രാജിയെക്കുറിച്ചുള്ള സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയെക്കുറിച്ച്, സിപിഎമ്മിലെയും മറ്റു പാർട്ടികളിലെയും പ്രധാന നേതാക്കൾ തന്നെക്കുറിച്ചു നല്ല അഭിപ്രായം പറയുന്നതു വലുതായി കാണുന്നു എന്നായിരുന്നു പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. അതു സംബന്ധിച്ചു കെ.സുധാകരൻ സംസ്ഥാന പ്രസിഡന്റിന് റിപ്പോർട്ടു നൽകിയതാണെന്നു ഗോപിനാഥ് പറഞ്ഞു.

അതിനിടെ കോൺഗ്രസ് വിട്ട മുൻ എംഎൽഎ എ.വി. ഗോപിനാഥിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ കെപിസിസി നേതൃത്വത്തിനു തീരുമാനമെടുക്കാമെന്നു കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഗോപിനാഥുമായി അടുപ്പമുള്ള സുധാകരൻ വിഷയം രമ്യമായി പരിഹരിക്കുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

എവിജി എന്നാണ് എവി ഗോപിനാഥിനെ പാലക്കാട്ടെ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. ഈ എവിജിയെ പാലക്കാട്ടെ സിപിഎം എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും സമ്മതത്തോടെയും അറിവോടെയുമാണ്. നേരത്തെ താൻ സിപിഎമ്മിലേക്ക് പോകുമെന്ന സൂചനകൾ ഗോപിനാഥും നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഗോപിനാഥ് പുകഴ്‌ത്തിയിരുന്നു. ഇതോടെയാണ് ഗോപിനാഥിനെ വിട്ടുകൊടുക്കാതിരിക്കാൻ സുധാകരനും രംഗത്ത് സജീവമായത്.

പാലക്കാട്ടെ രാഷ്ട്രീയം കുറച്ചു കാലമായി സിപിഎമ്മിന് അനുകൂലമാണ്. അപ്പോഴും പെരിങ്ങാട്ടുകുറിശ്ശിയിൽ നുഴഞ്ഞു കയറാൻ സിപിഎമ്മിന് ആയില്ല. ഇതിന് കാരണം എവി ഗോപിനാഥായിരുന്നു. ഈ പഞ്ചായത്തിൽ ഭരണത്തിലെത്താൻ ഗോപിനാഥിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ.