- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജി; കെ കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞതും പാർട്ടിക്ക് പുറത്തെന്ന്; സിപിഎമ്മിലേക്ക് ചുവടുമാറ്റമെന്ന സൂചന നൽകി പിണറായിയുമായി എ വി ഗോപിനാഥിന്റെ കൂടിക്കാഴ്ച
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജിവച്ച പാലക്കാട് മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാലക്കാട് കെഎസ്ഇബി ഐബിയിലാണ് കൂടിക്കാഴ്ച നടന്നത്. പഞ്ചായത്തിലെ ഔദ്യോഗിക പരിപാടിക്ക് ക്ഷണിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയ മാനം കാണേണ്ടെന്നുമാണ് ഗോപിനാഥ് പ്രതികരിച്ചത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ പോയതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ഗോപിനാഥ് പറഞ്ഞു. ജനുവരിയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതായി ഗോപിനാഥ് പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടികയിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് ആലത്തൂർ മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ് ഓഗസ്റ്റിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. രാജി പ്രഖ്യാപനം അറിയിച്ച വാർത്താ സമ്മേളനത്തിലും ഗോപിനാഥ് പിണറായിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പിണറായിയുടെ അടുക്കളക്കാരനാകേണ്ടിവന്നാൽ അഭിമാനമാണെന്നും പിണറായിയുടെ ചെരുപ്പ് നക്കേണ്ടിവന്നാൽ അതും അഭിമാനമാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസിന്റെ വളർച്ചയ്ക്ക് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്കു കാരണമെന്നും നിലവിൽ ഒരു പാർട്ടിയിലേക്കും പോകാൻ താൽപര്യപ്പെടുന്നില്ലെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, അദ്ദേഹം കോൺഗ്രസിലേക്കു തിരികെ വരുമെന്നും സൂചനകളുണ്ടായിരുന്നു. ഡിസംബറിൽ പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ ഗോപിനാഥ് മുഴുവൻ സമയവും പങ്കെടുത്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് പാലക്കാട് കോൺഗ്രസിൽ ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയർത്തി എ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടന്നത്. പെരിങ്ങോട്ടുകുറിശ്ശിയിൽ നടന്ന കൺവെൻഷൻ മുൻ എംഎൽഎ സി പി മുഹമ്മദായിരുന്നു ഉദ്ഘാടനം ചെയ്തത്.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാർട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥായിരുന്നു. പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി. താൻ ഇപ്പോഴും പാർട്ടിക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവർത്തിച്ചു. അനുഭാവിയെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. ഗോപിനാഥ് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ പെരിങ്ങോട്ടുകുറിശ്ശിയിലെ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാഗികമായി വിട്ടുനിൽക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ, പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തന്റെ മടങ്ങിവരവായി ഇതിനെ കാണേണ്ടതില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്