കൊച്ചി: ഫിലിപ്പ്സ് ആൻഡ് മങ്കിപെൻ-ന്റെ വിജയത്തിന് ശേഷം സംവിധായകൻ ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവരുടെ രാവുകൾ ജൂൺ 24-ന് തിയറ്ററുകളിലെത്തും.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും കൊച്ചി നഗരത്തിൽ എത്തിച്ചേരുന്ന മൂന്ന് യുവാക്കളും തുടർന്ന് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‌കൊബോ ജോൺസ് എന്ന മനുഷ്യൻ അവരുടെ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നതുമാണ് അവരുടെ രാവുകളുടെ കഥാ സന്ദർഭം. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവരാണ് മൂന്ന് യുവാക്കളെ അവതരിപ്പിക്കുന്നത്. സ്‌കൊബോ ജോൺസായി നെടുമുടി വേണുവാണ് വേഷമിടുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. ഈയിടെ അന്തരിച്ച അജയ് കൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്.

നിർമ്മാതാവിന്റെ ആകസ്മിക മരണം കനത്ത ആഘാതം സൃഷ്ടിച്ചെന്ന് സംവിധായകൻ ഷാനിൽ പറയുന്നു. എന്നാൽ അതിനേക്കാൾ വേദനിപ്പിച്ചത് അദ്ദേഹം ചിത്രം കണ്ട് നിരാശനായി ആത്മഹത്യ ചെയ്തതാണെന്ന പ്രചാരണമാണെന്നും ഷാനിൽ പറയുന്നു. ചിത്രത്തെ പെട്ടിലൊതുക്കാനുള്ള ചിലരുടെ കുത്സിത തന്ത്രമായിരുന്നു ആ ദുഷ്പ്രചാരണങ്ങൾ. 'അജയ്-യുടെ മരണത്തെത്തുടർന്ന് മറ്റൊരു നിർമ്മാതാവ് ചിത്രം വാങ്ങിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ചിത്രം അജയ്-യുടെ പേരിൽ തന്നെ പുറത്തിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആഗ്രഹം,' ഷാനിൽ പറഞ്ഞു.

സോപാനം എന്റർടെയ്ന്മെന്റ്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്. ശങ്കർ ശർമയാണ് സംഗീത സംവിധാനം.