സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ കുടുംബങ്ങൾക്കിത് നല്ല കാലമാണെന്ന് തോന്നുന്നു. രാജ്യത്തെ കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിക്കുകയാണെന്നാണ് റിപ്പോർട്ട് 2012ൽ 6,825 ഫ്രാങ്ക്‌സായിരുന്നു ശരാശരി വരുമാനമെങ്കിൽ ഇപ്പോൾ അത് 7,112 ഫ്രാങ്ക്‌സായി (7,490 ഡോളർ) വർധിച്ചിരിക്കുകയാണ്. ഫെഡറൽ  സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ ഒരു റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം സ്വിറ്റ്‌സർലണ്ടിലെ ശരാശരി കുടുംബങ്ങൾക്ക് വർഷം തോറും 15,800 ഫ്രാങ്ക്‌സ് സമ്പാദിക്കാനാകും.

തൊഴിലാണ് കുടുംബങ്ങളുടെ വരുമാനത്തിന്റെ പ്രാഥമിക ഉറവിടമെന്നും പ്രസ്തുത റിപ്പോർട്ട് പറയുന്നു. അതായത് വരുമാനത്തിന്റെ 75 ശതമാനവും ഇങ്ങനെയാണ് ലഭിക്കുന്നത്. പെൻഷൻ, അന്വറ്റീസ്, സോഷ്യൽ ബെനഫിറ്റുകൾ എന്നിവയാണ് വരുമാനത്തിന്റെ രണ്ടാമത്തെ ഉറവിടം. വരുമാനത്തിന്റെ 18.4 ശതമാനം ഇവയുടെ സംഭാവനയാണ്. വീടിനും ഊർജത്തിനും വേണ്ടിയാണ് കുടുംബങ്ങൾക്ക് കൂടുതലായി ചെലവഴിക്കേണ്ടി വരുന്നത്. അതായത് മാസത്തിൽ ഈയിനങ്ങളിൽ ശരാശരി 1500 ഫ്രാങ്ക്‌സെങ്കിലും ചെലവാക്കേണ്ടി വരുന്നുണ്ട്. മൊത്തം ഗ്രോസ് റവന്യൂവിന്റെ 15 ശതമാനമാണിത്.

2006 മുതൽ ഈയൊരു അനുപാതത്തിലാണ് പ്രസ്തുത ചെലവ് നിലനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നികുതികളടയ്ക്കാനായി മാസം തോറും 1200 ഫ്രാങ്ക്‌സ് വേണ്ടി വരുന്നു. നിയമാനുസൃതമായ കിഴിവുകളിലൂടെ  മാസത്തിൽ 2,950 ഫ്രാങ്ക്‌സ്  ലഭിക്കുന്നുണ്ട്.
സോഷ്യൽ ഇൻഷുറൻസ്, തൊഴിലില്ലായ്മ ഇൻഷുറൻസ്, പെൻഷനുകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ഈ കിഴിവുകളിൽ ഉൾപ്പെടുന്നത്. ശരാശരി വരുമാനത്തിൽ നിന്നായി ട്രാൻസ്‌പോർട്ടിനായി എട്ട് ശതമാനവും ലെഷർ ആൻഡ് കൾച്ചറിനായി 6.4 ശതമാനവും, ഫുഡ് ആൻഡ് നോൺ ആൽക്കഹോളിക് പാനീയങ്ങൾക്കായി 6.3 ശതമാനവും റസ്‌ററോറന്റുകളിലും ഹോട്ടലുകളിലും ചെലവഴിക്കാനായി 5.4 ശതമാനവും കുടുംബങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇപ്രകാരമുള്ള ചെലവുകൾ കഴിച്ച് കുടുംബങ്ങൾക്ക് ശരാശരി കുടുംബങ്ങൾക്ക് 1318 ഫ്രാങ്ക്‌സ് ഓരോമാസവും സമ്പാദിക്കാൻ കഴിയുന്നു. അതായത് ഇത് ഗ്രോസ് റവന്യൂവിന്റെ ഏകദേശം 13 ശതമാനം വരും. എന്നാൽ 5000 ഫ്രാങ്ക്‌സിൽ താഴെ ഗ്രോസ് ഇൻകമുള്ള കുടുംബങ്ങൾക്ക് യാതൊന്നും സമ്പാദിക്കാനാവില്ലെന്നും സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പറയുന്നു. അതായത് അവരുടെ ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാണെന്ന് ചുരുക്കം. റിട്ടയർ ചെയ്തവരുടെ കുടുംബങ്ങൾക്കാണീ അവസ്ഥ കൂടുതലായുമുള്ളത്. തങ്ങളുട ആജീവനാന്ത സമ്പാദ്യമുപയോഗിച്ചാണ് അവർ ചെലവുകൾ നടത്തുന്നത്.