ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെയ്ക്ക് വെള്ളി. പുരുഷന്മാരുടെ 300 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് രണ്ടാം സ്ഥാനം നേടി. ദേശീയ റെക്കോഡോടെയാണ് താരം വെള്ളി മെഡൽ നേടിയത്.

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ സ്റ്റീപ്പിൾ ചേസിൽ രാജ്യത്തിന്റെ ആദ്യ മെഡൽ നേട്ടമാണിത്. തന്റെ തന്നെ ദേശീയ റെക്കോർഡും വെള്ളി നേട്ടത്തിൽ സാബ്ലെ ബർമിങ്ഹാമിൽ തിരുത്തിയെഴുതി.

8:11.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തിയത്. ഈ വർഷമാദ്യം റാബത്തിലെ ഡയമണ്ട് ലിഗിൽ കുറിച്ച 8:12.48 ആയിരുന്നു സാബ്ലെയുടെ പേരിലുള്ള മുൻ ദേശീയ റെക്കോർഡ്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ കെനിയയുടെ അബ്രഹാം കിബിവോട്ട് 0.05 സെക്കൻഡിന്റെ നേരിയ വ്യത്യാസത്തിൽ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയപ്പോൾ ലോക ജൂനിയർ ചാമ്പ്യൻ കൂടിയായ കെനിയയുടെ അമോസ് സേറം 8:16.83.സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടി.

സാബ്ലെയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2019-ൽ ദോഹയിൽ വെച്ച് നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും സാബ്ലെ വെള്ളി മെഡൽ നേടിയിരുന്നു.

കഴിഞ്ഞ മാസം ഒറിഗോണിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പതിനൊന്നാമതെത്തി നിരാശപ്പെടുത്തിയ സാബ്ലെയുടെ ഗംഭീര തിരിച്ചുവരവാണ് ബർമിങ്ഹാമിൽ കണ്ടത്. പതുക്കെ തുടങ്ങിയ സാബ്ലെ പിന്നീട് എതിരാളികളെ പിന്നിലാക്കി കുതിച്ചു. അവിനാശ് സാബ്ലേയ്ക്ക് ഇന്ന് ഇനി ഒരു ഫൈനൽ കൂടിയുണ്ട്. രാത്രി 12.40ന് 5000 മീറ്റർ ഫൈനലിലും സാബ്ലെ ഇറങ്ങുന്നുണ്ട്. വനിതകളുടെ ഹാമർ ത്രോയിൽ മഞ്ജു ബാല ഇന്ന് ഫൈനലിന് ഇറങ്ങും. രാത്രി പതിനൊന്നരയ്ക്കാണ് ഹാമർ ത്രോ ഫൈനൽ തുടങ്ങുക.

ബോക്സിംഗിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആറ് താരങ്ങൾ ഇന്ന് ഇടിക്കൂട്ടിലെത്തും. വനിതകളുടെ 45 കിലോ വിഭാഗത്തിൽ നീതു ഗംഗസ്സ് വൈകിട്ട് മൂന്നിന് കാനഡയുടെ പ്രിയങ്ക ധില്ലനെ നേരിടും. പുരുഷന്മാരുടെ 48 കിലോ വിഭാഗത്തിൽ അമിത് പാംഗലിന്റെ എതിരാളി സാംബിയൻ താരം. മൂന്നരയ്ക്കാണ് മത്സരം. വൈകിട്ട് ഏഴേ മുക്കാലിന് വനിതകളുടെ 48 കിലോ വിഭാഗത്തിൽ നിഖാത് സരീൻ ഇംഗ്ലണ്ടിന്റെ സാവന്ന ആൽഫിയയുമായി ഏറ്റുമുട്ടും. ജെയ്സമെയ്ൻ രാത്രി എട്ടിന് ഇംഗ്ലണ്ടിന്റെ ജെമ്മ റിച്ചാർഡ്സണെയും രാത്രി പന്ത്രണ്ടേമുക്കാലിന് രോഹിത് സാംബിയയുടെ സ്റ്റീഫൻ സിംബയെയും പുലർച്ചെ ഒന്നരയ്ക്ക് സാഗർ അഹ്ലാവത്ത് നൈജീരിയൻ താരത്തേയും നേരിടും.