ദോഹ/കൽപ്പറ്റ: ഇന്ത്യൻ അക്കാഡമിക് റിസേർച്ചേഴ്സ് അസോസിയേഷന്റെ 2018ലെ മികച്ച ഗവേഷക പുരസ്‌കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിന് ലഭിച്ചു. തിരുച്ചിറപ്പിള്ളിയിൽ നടന്ന ഐ.എ.ആർ.എ അന്താരാഷ്ട്ര കോൺഫെറെൻസിൽ വെച്ച് കർണാടക കോലാർ ദേവരാജ് അരശ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി വി രഘുവീർ പുരസ്‌കാരം സമ്മാനിച്ചു.

പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്ളോറ (സ്റ്റാർ ചെറി) എന്ന ചെടിയുടെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ച് കോയമ്പത്തൂർ കെ.എ.എസ്.സി യിൽ നടത്തിയ ഗവേഷണമാണ് പുരസ്‌കാരത്തിന് അർഹമായത്. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ ക്‌ളിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം പൂർത്തിയാക്കി. നിരവധി രാജ്യാന്തര ജേർണലുകളിൽ ഇത് സംബന്ധിച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്‌കൃതി ഖത്തർ മുൻ കേന്ദ്ര കമ്മിറ്റി അംഗം സരുൺ മാണി ആടുകാലിലിന്റെ ഭാര്യയും, കോയമ്പത്തൂർ കാവനാൽ കെ. വി. ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്. നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും, നിരൂപകയായും പ്രവർത്തിച്ച് വരുന്നു. റോയൽ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാർഡ് (2016), ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് (2016), ഇന്ത്യൻ അക്കാദമിക് റിസർച്ച് അസ്സോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം (2017), ശിക്ഷാ ഭാരതി പുരസ്‌കാരം (2018) എന്നിവയും ലഭിച്ചിട്ടുണ്ട്.