തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്വച്ഛഭാരത് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള പുരസ്‌കാരം എഫ്.എച്ച്.സി ചെമ്മരുതിക്ക്. സർക്കാർ ആശുപത്രികളുടെ ശുചിത്വം, രോഗ നിയന്ത്രണം, സേവന നിലവാരം,ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിൽ 300ഓളം ഘടകങ്ങൾ മൂന്ന് തലങ്ങളിലായി അവലോകനം ചെയ്താണ് എഫ്.എച്ച്.സി യെ തിരഞ്ഞെടുത്തത്.

എഫ്.എച്ച്.സിയിൽ ചികിത്സയ്ക്കെത്തുവർക്കെല്ലാം മികച്ച പരിചരണം ലഭിക്കുന്നതും ആശുപത്രിക്കുള്ളിൽ സജ്ജമാക്കിയിരിക്കുന്ന ഫിറ്റ്നസ്സ് സെന്ററിന്റെ പ്രവർത്തനവും വിലയിരുത്തിയാണ് അവാർഡ്. എല്ലാവർക്കും ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും, സാംക്രമികരോഗ നിയന്ത്രണ പരിപാടിയിലും മികച്ചപ്രകടനമാണ് കാഴ്‌ച്ച വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള പുരസ്‌കാരം ചെമ്മരുതി കരസ്ഥമാക്കിയത്.

ജില്ലാ വികസന ഏകീകരണ അവലോകന യോഗത്തിൽ കായകൽപ പുരസ്‌കാരവും സർട്ടിഫിക്കറ്റും സമ്പത്ത് എംപി ചെമ്മരുതി ചെമ്മരുതി മെഡിക്കൽ ഓഫീസർ ഡോ.അൻവർ അബ്ബാസിന് നൽകി. ജാഗിർ, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്് വി.ആർ. വിനോദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ അനിൽകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ തുടങ്ങിയവർ പങ്കെടുത്തു.