ദോഹ : ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രഥമ അറബി ഇംഗ്ലീഷ് പിക്ടോറിയൽ ഡിക്ഷണറിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ ഏർപ്പെടുത്തിയ ലിംങ്കൺ എക്സലൻസ് അവാർഡ്.

യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ ഇന്ത്യ ചാപ്റ്റർ ചെന്നൈയിലെ പ്ലസന്റ് ഡേ റിസോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മദ്രാസ് ഹൈക്കോർട്ട് മുൻ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണൻ, യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ മുഖ്യ രക്ഷാധികാരി ഡോ. സെൽവിൻ കുമാർ, ഗ്ലോബൽ സൂഫി മൂവ്മെന്റ് ചെയർമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.

വിദ്യാഭ്യാസ രംഗത്തെ നൂതന രീതിയനുസരിച്ചാണ് ഡിക്ഷണറി തയ്യാറാക്കിയിരിക്കുന്നതെന്നും ഗൾഫിലും നാട്ടിലുമുള്ള പഠിതാക്കൾക്ക് ഏറെ സഹായകമാകുമിതെന്നും ഡോ. അമാനുല്ല പറഞ്ഞു. വാക്കുകളേക്കാൾ ഇമേജുകളാണ് പഠിതാക്കളുടെ മനസിൽ വേഗത്തിലും കൂടുതൽ നേരവും നിലനിൽക്കുകയെന്നാണ് പുതിയ വിദ്യാഭ്യാസ പരീശീലകരൊക്കെ പറയുന്നത്.

മാത്രമല്ല ആവശ്യം വരുമ്പോൾ ഓർത്തെടുക്കുവാനും ഉപയോഗിക്കുവാനും ഇമേജുകൾ കൂടുതൽ സഹായകകരമാകുമെന്നതാണ് പിക്ടോറിയൽ ഡിക്ഷണറി എന്ന ആശയത്തിന് പ്രേരകം. പല ഭാഷകളിലും ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിലും അറബി പഠിക്കുവാൻ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. പെരുമാൾജി, മദ്രാസ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഡോ. സൗന്ദർ രാജൻ, നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.