ദോഹ: അന്താരാഷ്ട്ര സ്റ്റാൻഡേർഡ്‌സ് & റേറ്റിങ്ങ് ഏജൻസിയുടെ 2016 ലെ 'യംഗ് സയന്റിസ്റ്റ് അവാർഡ്' വയനാട് പുൽപള്ളി പഴശ്ശിരാജ കോളജ് ബയോകെമിസ്ട്രി വകുപ്പിൽ അദ്ധ്യാപികയായ ഗീതു ഡാനിയലിന് ലഭിച്ചു. വിഷാദരോഗം തടയുന്നതിന് തിയോബ്രോമോ കൊക്കോ, കോഫീ അറബിക്ക എന്നീ സസ്യങ്ങൾക്കുള്ള സാധ്യതയെക്കുറിച്ചുള്ള പഠനമാണ് ബഹുമതിക്കർഹമായത്. നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ ഇത് സംബന്ധിച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കൃതി ഖത്തർ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സരുൺ മാണി ആടുകാലിലിന്റെ ഭാര്യയും, കോയമ്പത്തൂർ കാവനാൽ കെ.വി.ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ ക്‌ളിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു. ബയോകെമിസ്ട്രിയിലെ ഗവേഷണ മികവിന് റോയൽ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.