തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാർഡുകൾ എന്നും വിവാദമുണ്ടാക്കാറുണ്ട്. ജൂറിയെ വിമർശിച്ച് അവാർഡ് കിട്ടാത്തവരെത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. എന്നു പറഞ്ഞ് എല്ലാം ശുഭകരവുമല്ല. രണ്ട് അവാർഡുകളാണ് സിനിമാ ലോകത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അവാർഡ് കിട്ടിയ കഥയെ കുറിച്ച് തർക്കം പുകയുകയാണ്. എന്നാൽ അതിലെല്ലാം ഉപരി ചർച്ചയാകുന്നത് സംഗീത സംവിധായകൻ രമേശ് നാരായണന്റെ തുറന്നു പറച്ചിലാണ്. നായക നടന്റെ ഇടപെടലിനെ തുടർന്ന് എന്റെ നിന്റെ മൊയ്തീനിലെ തന്റെ പാട്ടുകൾ മാറ്റിയെന്നാണ് ആക്ഷേപം.

രമേശ് നാരായണൻ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ: എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തിൽ നിന്നും താൻ സംഗീതം നൽകിയ ഗാനങ്ങൾ ഒഴിവാക്കിയ നടൻ പൃഥ്വിരാജിനുള്ള മറുപടിയാണു തനിക്കു ലഭിച്ച സംസ്ഥാന അവാർഡ്. ഞാൻ സംഗീതം നൽകിയ ഗാനങ്ങൾക്ക് അക്കാദമിക്ക് തലം മാത്രമേ ഉള്ളുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ദൈവമുണ്ടെന്നു തെളിഞ്ഞതായും തന്നെ അവഹേളിച്ച നടനോടുള്ള മറുപടിയായാണ് അവാർഡിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടൻ ഗാനങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നു തന്നോടു വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകൻ ആർ.എസ്. വിമലാണ്. ഇയാളെപ്പോലെയുള്ള നടന്മാരുടെ ഇടപടലാണ് മലയാള സിനിമക്കു നല്ല ഗാനങ്ങൾ ലഭിക്കാൻ തടസ്സമായി നിൽക്കുന്നത്. 'ശാരദാംബരം...' എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകനടന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.എന്നാൽ എന്റെ നിർബന്ധത്തിലാണു ജയചന്ദ്രനെ മാറ്റാതിരുന്നത്.

ഞാൻ സംഗീത സംവിധാനം ചെയ്ത മൂന്നു പാട്ടുകളും നായകനടന് ഇഷ്ടമായില്ല. സ്റ്റുഡിയോ മാറ്റണമെന്നും എന്റെ പാട്ടുകൾ സിനിമയിൽ ഉപയോഗിക്കരുതെന്നും പ്യഥ്വിരാജ് നിർബന്ധം പിടിച്ചു. അഞ്ചുവർഷം മുൻപ് സിനിമയുടെ അദ്യഘട്ടത്തിൽ തന്നെ സംഗീത ചെയ്ത പാട്ടുകളാണ് എന്റേത്. മൊയ്തീനിൽ പ്രവർത്തിച്ച എല്ലാവർക്കും ഇക്കാര്യം അറിയാമെന്നും രമേഷ് നാരായൺ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ സിനിമയുടെ സംവിധായകൻ തള്ളിക്കളഞ്ഞു. രമേഷ് നാരായണൻ പറഞ്ഞ കാര്യങ്ങളൊന്നും മറുപടി അർഹിക്കുന്നില്ലെന്നും ഇത്തരം വിലകുറഞ്ഞ, യുക്തിക്കു നിരക്കാത്ത ജൽപനങ്ങളോടു പ്രതികരിക്കുന്നില്ലെന്നും വിമൽ കൂട്ടിച്ചേർത്തു.

ഇതിന് പുറമേയാണ് കഥയെ ചൊല്ലിയുള്ള വിവാദം. സംവിധായകൻ ഹരികുമാറിന് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്ത കാറ്റു മഴയും എന്ന ചിത്രത്തെ ചൊല്ലിയാണ് തർക്കം. തിരക്കഥാകൃത്തായ നജീം കോയ 2003ൽ ഹരികുമാറിനോടു പറഞ്ഞ കഥ അദ്ദേഹം സ്വന്തം പേരെഴുതി ജൂറിക്കു നൽകി അവാർഡ് തരപ്പെടുത്തിയെന്നാണ് ആക്ഷേപം. വഞ്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഫ്കയ്ക്കു പരാതി നൽകുമെന്നും ഫ്രൈഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നജീം കോയ പറഞ്ഞു.

ഫ്രൈഡേ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അതു പോലൊരു കഥ വേണമെന്നാവശ്യപ്പെട്ട് ഹരികുമാർ എന്നെ സമീപിച്ചത്. മുമ്പ് പത്തോളം പേരോടു പറഞ്ഞ കഥ ഹരികുമാറിനോടും പങ്കുവച്ചു. പിന്നീടു ചർച്ച നടന്നില്ല. എന്നാൽ, ഈ കഥ സന്തോഷ് എച്ചിക്കാനത്തെക്കൊണ്ട് എഴുതിക്കുന്നെന്നു പിന്നീടു മനസിലായി. തുടർന്ന് ഫെഫ്കയിൽ പരാതി നൽകുകയും ഞാനും ഹരികുമാറും സന്തോഷ് എച്ചിക്കാനവും ചേർന്നു കരാറുണ്ടാക്കുകയും ചെയ്തു. 25,000 രൂപ പ്രതിഫലമായി എനിക്കു നൽകാമെന്നും സിനിമയിലും പോസ്റ്ററിലും കഥാകൃത്തായി എന്റെ പേരു വയ്ക്കാമെന്നുമായിരുന്നു കരാർ.പിന്നീട് പലവട്ടം ആവശ്യപ്പെട്ടിട്ടും പണം തന്നില്ല.

അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് കഥയുടെ അവകാശവും അദ്ദേഹത്തിന്റെ പേരിലാണെന്നു മനസിലായതെന്നും നജീം കോയ പറഞ്ഞു. കഥ നജീം കാനയുടേതു തന്നെയാണെന്നു ഹരികുമാർ സമ്മതിച്ച് കരാറിൽ ഒപ്പിട്ടതു ശരിയാണെന്നും പരാതി ലഭിച്ചാൽ ഫെഫ്ക വീണ്ടും വിഷയത്തിൽ ഇടപെടുമെന്നും ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പരാതി നിഷേധിച്ച ഹരികുമാർ വിവാദത്തെക്കുറിച്ച് ഹരികുമാർ കൂടുതൽ പ്രതികരിച്ചില്ല.