സിംഗപ്പൂർ: ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ പ്രസിഡന്റുമായിരുന്ന എസ് ആർ നാഥന് ഔട്ട്‌സ്റ്റാൻഡിങ് മെംബർ ഓഫ് ദ സൗത്ത് ഏഷൻ ഡയസ്‌പോറ അവാർഡ്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും മറ്റും എസ് ആർ നാഥൻ എടുത്ത തീവ്രശ്രമങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് അവാർഡ് നൽകിയത്.

2011-ലാണ് തന്റെ 12 വർഷത്തെ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കി എസ് ആർ നാഥൻ വിരമിച്ചത്. വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ഭാരതസർക്കാർ നൽകിവരുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാരവും എസ് ആർ നാഥൻ നേടിയിട്ടുണ്ട്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ശക്തമായ ബന്ധത്തിന് എസ് ആർ നാഥൻ നൽകിയ സംഭാവനകൾ മറക്കാവുന്നതല്ലെന്നും വിലയിരുത്തപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസ് (ഐഎസ്എഎസ്) ആണ് അവാർഡ് പ്രഖ്യാപിച്ചത്.