- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലും മണ്ണും ചുമന്ന് ഐപിഎസ് നേടിയ വിജയനെ തേടി ഐബിഎൻ ചാനലിന്റെ ദേശീയ പുരസ്‌കാരം; മലയാളി പൊലീസ് ഉദ്യോഗസ്ഥനെ തുണച്ചത് ഓൺലൈൻ വോട്ടിങ്ങിലെ ഒന്നാം സ്ഥാനം; പ്രധാനമന്ത്രി മോദി പേഴ്‌സൺ ഓഫ് ദി ഇയർ
മുബൈ: ഐബിഎൻ ചാനലിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ പോപ്പുലർ ചോയിസ് പുരസ്‌കാരം മലയാളി ഐപിഎസ് ഓഫീസർ പി. വിജയന്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കരം നേടിയത്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് പൊലീസ് ഓ
മുബൈ: ഐബിഎൻ ചാനലിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ പോപ്പുലർ ചോയിസ് പുരസ്‌കാരം മലയാളി ഐപിഎസ് ഓഫീസർ പി. വിജയന്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കരം നേടിയത്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് പൊലീസ് ഓഫീസറായ വിജയനെ അവാർഡിനായി ചാനൽ പരിഗണിച്ചത്. എന്നാൽ ഏവരുടേയും പ്രതീക്ഷകൾ തെറ്റിച്ച് സുറ്റുഡന്റ് കേഡറ്റ് പൊലീസിന്റെ സൂത്രധാരൻ ഒന്നാമത് എത്തി. വൻ പേരുകളെയാണ് വോട്ടെടുപ്പിൽ വിജയൻ പിന്തള്ളിയത്.
സാധാരണ വോട്ടെടുപ്പിൽ ഒന്നാമത് എത്തുന്ന വ്യക്തിക്ക് തന്നെയാകും ഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരം നൽകാറ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചു. സോളി സോറാബ്ജിയുടെ നേതൃത്വത്തിലെ ജൂറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് പേഴ്‌സൺ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. അവാർഡുകൾക്ക് പരിഗണിച്ചവരുടെ പട്ടികയിൽ മോദി ഇല്ലായിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ബിജെപിക്ക് സമ്മാനിച്ച മോദി തന്നെയാണ് പേഴ്‌സൺ ഓഫ് ദി ഇയറെന്ന് ജൂറി വിലയിരുത്തി. മലയാളിയുടെ പ്രിയ നടൻ മോഹൻലാലും ജൂറി അംഗമായിരുന്നു.
പൊതു സേവകരുടെ പട്ടികയിലാണ് വിജയനെ പരിഗണിച്ചത്. എന്നാൽ ഈ പട്ടികയിലെ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകയായ തോങ്കം റീനയ്ക്ക് നൽകി. പേഴ്‌സൺ ഓഫ് ദി ഇയർ പോപ്പുലർ ചോയിസ് പുരസ്‌കാരത്തിനും ജൂറി തെരഞ്ഞെടുത്തത് വിജയനെ അല്ല. ഓൺലൈൻ വോട്ടെടുപ്പിൽ രണ്ടാമനായ തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനാണ് പുരസ്‌കാരം. ഈ പ്രത്യേക സാഹചര്യത്തിൽ വിജയനേയും കെ ച്ന്ദ്രശേഖര റാവുവിനും പോപ്പുലർ ചോയിസ് അവാർഡ് നൽകി. രാഷ്ട്രീയ വിഭാഗത്തിൽ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റിലി പുരസ്‌കാരം ലഭിച്ചു. നോബൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയും അസിം പ്രേംജിയുമെല്ലാം വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഐഎസ്ആർഒയ്ക്കാണ്.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്റെ നേട്ടമാണ് തീർത്തും അപ്രതീക്ഷിതം. ഓൺലൈൻ വോട്ടെടുപ്പിലെ പിന്തുണ മാത്രമാണ് വിജയനെ തുണച്ചത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പി വിജയന്റേത്. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കികുപ്പായത്തിൽ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്.
കുടുംബത്തിലെ സാഹചര്യങ്ങളാൽ പത്താംക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടം വരെയുണ്ടായി വിജയന്റെ ജീവിതത്തിൽ. എന്നാൽ ഇത് എന്റെ വിധി എന്ന് പറഞ്ഞിരിക്കാൻ അദ്ദേഹം തയ്യാറായില്ല. പോരാളിയുടെ മനസിന് ഉടമയായ അദ്ദേഹം തൊഴിലെടുത്ത് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി. അധ്വാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ട് തന്നെ ഉന്നത ബിരുദങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1999 ബാച്ചിൽ ഐപിഎസ് ഉദ്യോഗസ്ഥനായി മാറിയ പി വിജയൻ കേരളത്തിലെ സുപ്രധാന നഗരങ്ങളിലെ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
തൊഴിൽപരമായ കടമൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന് തന്നെ മാതൃകയായ 14 പദ്ധതികളുടെ അമരക്കാരനാകാൻ വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. രാജ്യത്തോട് കടമയുള്ള, നിയമപരിജ്ഞാനമുള്ള പുതുതലമുറയെ വാർത്തെടുക്കാനായി തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പ്രശസ്തി കടൽകടക്കുകയുണ്ടായി. 2006 ൽ കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റിഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇന്ന് 32,000ത്തോളം വിദ്യാർത്ഥികൾ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂർത്തിയാക്കി. 2,000ത്തോളം പേർ ഇപ്പോൾ പരിശീലനത്തിലുമാണ്.
കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങലിലേക്കും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തും, മഹാരാഷ്ട്രയും, ഒഡീഷയും വിജയൻ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പാതയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഘാന, ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളും കേരളാ പൊലീസിന്റെ ഈ മാതൃകയെ കടമെടത്തിരിക്കയാണ്. ഈ പദ്ധതിയുടെ നേട്ടം ശ്രദ്ധയിൽപ്പെട്ട് അദ്ദേഹത്തെ അമേരിക്ക ഫെലോഷിപ്പ് നൽകുകയുണ്ടായി. രണ്ടാഴ്‌ച്ച അമേരിക്കയിൽ പരിശീലനത്തിനായും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ഇത് കൂടാതെ കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാനും മിടുക്കന്മാരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനുമായി ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതിയുടെ ആസൂത്രകനും പി വിജയൻ ആയിരുന്നു. 'ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ' എന്ന പദ്ധതിയും ഏറെ കൈയടികൾ നേടിയിരുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനം ഏർപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥന്റെ മിടുക്കായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കേയായിരുന്നു ഈ സംവിധാനം തുടങ്ങിയത്.
സർക്കാർ ഏറ്റെടുത്ത പദ്ധതികൾക്ക് പുറമേ സുഹൃത്തുക്കളുടെ നേതൃത്വത്തിലും കുട്ടികൾക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിരുന്നു. നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന പദ്ധതി വഴി മിടുക്കരായ 5000ത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കിയിരുന്നു. കായിക മേഖലയിലും കൈയൊപ്പ് പതിപ്പിക്കാൻ പി വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന പദ്ധതി തുടങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
ശബരിമലയിൽ സ്‌പെഷ്യൽ ഓഫീസറായിരുന്ന വേളയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച പരിപാടി സംഘടിപ്പിക്കാൻ വിജയന് സാധിച്ചു. പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പോലും പ്രശംസിച്ചത് ഈ ഉദ്യോഗസ്ഥന്റെ ആത്മാർത്ഥയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളുമായും സജീവ രംഗത്തുണ്ട് അദ്ദേഹമിപ്പോൾ. ക്ലീൻ ക്യാംപ്‌സ് ആൻഡ് സേഫ് ക്യാംപസ് പരിപാടികളുമെല്ലാം വിജയൻ ഐപിഎസിന്റെ സംഭാവനയായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പി വിജയന്റെ നേതൃപാഠവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പതിനായിരങ്ങൾ അണിനിരന്ന സമരത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ നേടിക്കൊണ്ടാണ് പൊലീസിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വിജയൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.
ഇങ്ങനെ വിജയൻ ഐപിഎസിന്റ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ഐബിഎൻ ചാനലിന്റെ പുരസ്‌കാരം. ഐഎഎസ് ഉദ്യോഗസ്ഥയായ എം ബീനയാണ് പി വിജയൻ ഐപിഎസിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്.