അബുദാബി: തൊഴിലിടങ്ങളിലെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്ക്കരണം നടത്തുന്നു. അബുദാബിയിലും ഫുജൈറയിലും നടത്തിയ ബോധവത്ക്കരണ പരിപാടിയിൽ 550 തൊഴിലാളികളാണ് പങ്കെടുത്തത്. ഇന്റീരിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോ റെസ്പക്ട് കൾച്ചർ ബ്യൂറോയിലെ പൊലീസ് എഡ്യൂക്കേഷൻ സെക്ഷനാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെ കുറിച്ചും വിദേശത്ത് നടപ്പാക്കുന്ന നിയമങ്ങളെ കുറിച്ചും ബോധവത്ക്കരണ ക്ലാസുകൾ നടത്തി. സാധാരണയായി തൊഴിലാളികൾ വിദേശത്തെത്തി നടത്തുന്ന നിയമലംഘനങ്ങളും അവയുടെ ഗൗരവവും അതിന് ലഭിക്കാവുന്ന പിഴയും മറ്റും ബോധവത്ക്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരുന്നു. വിദേശത്ത് തൊഴിൽ തേടിയെത്തുന്ന ഏതൊരു പൗരന്റെയും സുരക്ഷിത ജീവിതത്തിന് ഉതകുന്ന നിയമവ്യവസ്ഥകളെ കുറിച്ചും അതനുസരിച്ച് ജീവിക്കാനുള്ള പരിശീലനവും വ്യക്തമാക്കിക്കൊടുക്കുന്നതായിരുന്നു ക്ലാസുകൾ.