കുവൈത്ത് സിറ്റി: കുവൈറ്റിലെ ഔഖാഫ് മന്ത്രാലയത്തിലെ 1500 വിദേശികൾ പിരിച്ചുവിടുൽ ഭീഷണിയിൽ. ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ആവശ്യപ്രകാരം മന്ത്രാലയത്തിന്റെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിയമിതരായ വിദേശികളെയാണ് പിരിച്ചുവിടുകയെന്ന് ഔഖാഫ് ഇസ്ലമികകാര്യമന്ത്രി യഅ്ഖൂബ് അസ്സാനിഅ് അറിയിച്ചു.

മെയ്‌ 11 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ഇത്തരത്തിൽ പിരിച്ചുവിടപ്പെടുന്ന വിദേശികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി രണ്ടു മാസം സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം, സ്റ്റോർ കീപ്പർ, അദ്ധ്യാപകർ, സെക്യൂരിറ്റി ജീവനക്കാർ, മുറാസിൽ, ഫർറാഷ് എന്നീ തസ്തികകളിൽ ജോലിചെയ്യുന്ന വിദേശികൾ പിരിച്ചുവിടുന്ന ഗണത്തിലില്ല. പ്രത്യേക സമിതി വിശദമായി പഠിച്ചതിനുശേഷമായിരിക്കും ഇത്തരം തസ്തികളിലുള്ളവരുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി.