- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ തകർപ്പൻ തിരിച്ചുവരവുമായി ഫഹദ് ഫാസിൽ! 'അയാൾ ഞാനല്ല' ഫഹദിന്റെ വൺമാൻ ഷോ, ദുർബലമായ തിരക്കഥയെയും സംവിധാനത്തെയും നടൻ മറികടക്കുന്നത് ഇങ്ങനെ!
ഏത് സിനിമ പൊട്ടിയാലും ഈ പടം വിജയിക്കണേ, എന്ന ആത്മാർഥമായ ആഗ്രഹത്തോടെയാണ് 'അയാൾ ഞാനല്ല' എന്ന സിനിമക്ക് കയറിയത്. അത് ഇതിന് കഥയെഴുതിയ രഞ്ജിത്തിനോടോ, തിരക്കഥയൊരുക്കി സംവിധാനംചെയ്ത നടൻ വിനീത്കുമാറിനോടൊ, ഉള്ള സ്‌നേഹവും ആരാധനയുംകൊണ്ടായിരുന്നില്ല. പ്രഥ്വീരാജിനുശേഷം മലയാള സിനിമയിൽ വന്ന എറ്റവും ഉജ്ജ്വലനായ നടൻ എന്ന് ഈ ലേഖകൻ വിശ്വസിക്കുന്ന
ഏത് സിനിമ പൊട്ടിയാലും ഈ പടം വിജയിക്കണേ, എന്ന ആത്മാർഥമായ ആഗ്രഹത്തോടെയാണ് 'അയാൾ ഞാനല്ല' എന്ന സിനിമക്ക് കയറിയത്. അത് ഇതിന് കഥയെഴുതിയ രഞ്ജിത്തിനോടോ, തിരക്കഥയൊരുക്കി സംവിധാനംചെയ്ത നടൻ വിനീത്കുമാറിനോടൊ, ഉള്ള സ്‌നേഹവും ആരാധനയുംകൊണ്ടായിരുന്നില്ല. പ്രഥ്വീരാജിനുശേഷം മലയാള സിനിമയിൽ വന്ന എറ്റവും ഉജ്ജ്വലനായ നടൻ എന്ന് ഈ ലേഖകൻ വിശ്വസിക്കുന്ന ഫഹദ്ഫാസിൽ, വ്യാവസായിക സിനിമയിലേക്ക് തിരച്ചുവരണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. ഇത് നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെയൊക്കെ മോഹമായിരുന്നു. സത്യത്തിൽ ചിത്രം കണ്ടതോടെ ഫഹദിനെ കെട്ടിപ്പിടക്കാനാണ് തോന്നിയത്. എന്തൊരു നടനാണയാൾ. ഫഹദിന്റെ വൺമാൻഷോയാണിത്. വ്യത്യസ്തമായ ഒരു കഥയോ, കാമ്പുള്ള തിരക്കഥയോ, വൈറലാകാവുന്ന ഗാനങ്ങളോ ഒന്നുമില്ലാത്ത ഈ സിനിമയെ, കണ്ടിരിക്കാൻ പറ്റുന്നതാക്കുന്നത് ഈ യുവനടന്റെ അസാധ്യമായ പരകായപ്രവേശമാണ്. അഭിനയമല്ലിത്. കഥകളി നടന്മാർ പറയാറുള്ളപോലെ ശരിക്കുമൊരു വേഷപ്പകർച്ച!
'ഗോഡ്‌സ് ഓൺ കൺട്രി','വൺ ബൈ ടു', 'മണിരത്‌നം', 'മറിയംമുക്ക്', 'ഹരം' തുടങ്ങിയ അടുത്തകാലത്തെ ചില പടങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, വാങ്ങിയ അഡ്വാൻസ് തിരിച്ചുനൽകി ( മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്, വാങ്ങിയ കാശ് ഒരു താരം സ്വമേധയാ തിരച്ചുനൽകുന്നത്) സ്വയം മാറി നിൽക്കയായിരുന്ന ഈ ഫയർബ്രാൻഡ് നടൻ. സാമ്പത്തിക വിജയമാവുന്നെ് ഉറപ്പിച്ചുപറയാവുന്ന ഈ പടം, സത്യത്തിൽ ഫഹദിന്റെ തിരച്ചുവരവ് കൂടിയാണ്.
അസാധ്യമായ ഒരു സൃഷ്ടിയൊന്നുമല്‌ളെങ്കിലും കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പ്രേക്ഷകന് രണ്ടുമണിക്കൂർ ബോറടിക്കാതെ ചെലവിടാനും, പലപ്പോഴും ഉള്ള് തുറന്ന് ചിരിക്കാനുമുള്ള വകുപ്പ് നൽകുന്ന ചിത്രമാണിത്.പക്ഷേ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന 'അച്ചാദിൻ' പോലുള്ള പടപ്പുകളെ വച്ചുനോക്കുമ്പോൾ സ്വർഗവും.ഈ പടംകാണാൻ പ്രേക്ഷകർ തീയറ്ററുകളിലേക്ക് ഇരച്ചുകയറുന്നതും തമ്മിൽഭേദമെന്ന തിരിച്ചറിവ് കൊണ്ടായിരക്കണം.
ദുർബലമായ തിരക്കഥ, ശരാശരി വരുന്ന സംവിധാനം
പണം. അതുവച്ചുള്ള കളിയാണെല്ലോ, നമ്മുടെ മിക്ക ന്യൂജൻ ചിത്രങ്ങളുടെയും ഫോർമാറ്റ്. ന്യൂജൻ മോഡലിലല്ല, ചിത്രീകരിക്കപ്പെട്ടതെങ്കിലും 'അയാൾ ഞാനല്ല'യുടെ കഥയിലും ഇതേ ചർവിത ചർവണം കടുന്നുവരുന്നുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഒരു വലിയ തുക നമ്മുടെ കഥാനായകന് വേണം. അതിനായി എന്തും ചെയ്യാവുന്ന മാനസികാവസ്ഥയിലേക്ക് അയാൾ മാറുന്നു.അവസാനം പതിവുപോലെ, നന്മയുള്ളവനും സന്മനസ്സുള്ളവനും സമാധാനമെന്നപേരിൽ എല്ലാപ്രശ്‌നങ്ങളും 'സോൾവായി' അവസാനിക്കും. എത്രയോ തവണ കണ്ട ഈ ഫോർമാറ്റിട്ട് ഒരിക്കൽകൂടി കറക്കിക്കുത്തി കഥയാക്കിയിരക്കയാണ്, പ്രതിഭാധനനായ രഞ്ജിത്ത്. അതുകൊണ്ടുതന്നെ കലാപരമായി വാഴ്‌ത്തപ്പെടുന്ന സൃഷ്ടിയായി ഈ സിനിമ മാറാത്തതിന്റെ പ്രധാന പ്രതിയും നമ്മുടെ പ്രിയപ്പെട്ട രഞ്ജിയേട്ടൻ തന്നെ.[BLURB#1-H]
കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് വളരെ ചെറുപ്പത്തിൽ തന്നെ ഗുജറാത്തിലെ കച്ചിൽ എത്തിയ പാച്ചുവെന്ന പ്രകാശനിലൂടെയാണ് (ഫഹദ്) ചിത്രം വികസിക്കുന്നത്. അമ്മാവനൊപ്പം ( ടി.ജി രവി) ആ വരണ്ടമണ്ണിൽ പാതയോരത്തെ പൊരിവെയിലിൽ ഒരു ടയർ റിപ്പയറിങ്ങ് കട നടത്തുന്ന അയാൾക്ക് ഏതൊരു ശരാശരി ചെറുപ്പക്കാരന്റെയും സ്വപ്നങ്ങൾ മാത്രമാണുള്ളത്. തന്റെ വർക്ക്‌ഷോപ്പൊന്ന് വിപുലീകരിക്കണം, ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ സ്വന്തമാക്കണം. താൻ സ്‌നേഹിക്കുന്നവരും, തന്നെ സ്‌നേഹിക്കുന്നവരും ഈ മണ്ണിലായതിനാൽ ഇനി ഗുജറാത്ത്തന്നെയാണ് തന്റെ നാട് എന്നാണ് പ്രകാശന്റെ പക്ഷം. എന്നാൽ അമ്മാവന്റെ അപ്രതീക്ഷിതമായ മരണം അയാളുടെ എല്ലാം കണക്കുകൂട്ടലും തെറ്റിക്കുന്നു. ലക്ഷങ്ങൾ കടക്കാരനായ അയാൾ നാട്ടിലെ സ്ഥലം വിറ്റ് തന്റെ വർക്ക്‌ഷോപ്പ് വീണ്ടെടുക്കനുള്ള ശ്രമത്തിലാണ്്. അതിനായി ഒരു റിയൽ എസ്റ്റേറ്റ് പാർട്ടിയെ കാണാനായി തന്റെ സ്‌കൂൾമേറ്റിന്റെ ക്ഷണപ്രകാരം അയാൾ ബംഗലൂരു നഗരത്തിലേക്ക് അയാൾ യാത്ര തിരക്കുന്നു. അതോടെ പ്രകാശന്റെ ജീവിതം മാറിമറിയാണ്. ആ സസ്‌പെൻസ് പറയുന്നില്ല.
അപ്പോഴും യുക്തിയില്ലായ്മ പലേടത്തും കല്ലുകടിയാവുന്നുണ്ട്. പ്രശസ്തനായ തന്റെ അപരനെ പ്രകാശൻ മുതലെടുക്കാൻ ശ്രമിക്കുന്നത്, ഈ അതിദ്രുത വിവരസാങ്കേതിക വിസ്‌ഫോടനക്കാലത്താണെന്ന് ഓർക്കണം.പക്ഷേ അവിടെയൊക്കെ അനിതസാധാരണമായ അഭിനയപാടവംകൊണ്ട് സംവിധായകനെ രക്ഷിക്കുന്നുണ്ട് ഫഹദ്.
പക്ഷേ, ദുർബലമായ പ്രമേയത്തെ ലിഫ്റ്റ്‌ചെയ്യാനുള്ള സിനിമാറ്റിക്ക് തന്ത്രങ്ങളൊന്നും സംവിധായൻ കൂടിയായ വിനീത്കുമാർ ഒരുക്കിയ തിരക്കഥക്കും ഇല്ലാതെപോയി. കോഴിക്കോട്ടെ നാടക പ്രവർത്തകൻകൂടിയായ പ്രദീപ് കാവുന്തറ ഒരുക്കിയ കൊയിലാണ്ടി സ്‌ളാങ്ങിലുള്ള സംഭാഷണങ്ങളാണ് ഇതിൽനിന്ന് ആശ്വാസം നൽകുന്നത്. ഇറങ്ങിയോടിയെന്നതിന് കൊയിലാണ്ടിക്കാർ പറയുന്ന, 'കീഞ്ഞ് പാഞ്ഞ്' എന്ന ഡയലോഗൊക്കെ ഫഹദ് പറയുമ്പോൾ തീയേറ്ററിൽ പൊട്ടിച്ചിരിയാണ്. നാടകത്തിൽ താൻ ഉപയോഗിച്ച വിജയിച്ച പല ഡയലോഗുകളും പ്രദീപ് സിനിമക്കുവേണ്ടിയും സമർഥമായി ഉപയോഗിച്ചിരിക്കുന്നു.
വിനീത്കുമാറിന്റെ സംവിധാനത്തിന് ശരാശരിക്ക് മാത്രമേ മാർക്ക് കൊടുക്കാനാവൂ.ഇതിൽ ടി.ജി രവിയുടെ മരണം ചിത്രീകരിക്കുന്ന സീനുകളും,ആദ്യത്തെ പാട്ടിന്റെ മനോഹരമായ ചിത്രീകരണവും അടക്കം വെറും പത്ത് പതിനഞ്ച് സീനിൽ മാത്രമേ സംവിധായകന്റെ കൈയൊപ്പ് കാണാൻ കഴിയുകയുള്ളൂ. തുടക്കത്തിൽ നമുക്കുണ്ടാവുന്ന പ്രതീക്ഷ അവസാനം അൽപ്പം മങ്ങുമെന്ന് പറയാതെ വയ്യ. എല്ലാം ഒറ്റയടിക്ക് അവസാനിപ്പിച്ചപോലത്തെ കൈ്‌ളമാക്‌സിനും പഞ്ച് വന്നിട്ടില്ല. ഇവിടങ്ങളിലൊക്കെ കുറച്ചുകൂടി ജാഗ്രതയും, അവധാനതയും വിനീത് കാണിച്ചിരുന്നെങ്കിൽ ഈ പടം എത്രയോ മുകളിലേക്ക് കയറുമായിരുന്നു. പക്ഷേ ഒരുകാര്യത്തിൽ വിനീതിന് ഫുൾമാർക്ക് കൊടുക്കണം. കാസ്റ്റിങ്ങിൽ. ഇതിൽ നടിച്ച ഒരാളും മോശമായില്ല.ആ ഒരൊറ്റ എല്ലുബലത്തിലാണ് ഈ പടം പിടിച്ചുനിൽക്കുന്നത്.[BLURB#2-VR]
ഫഹദിന്റെ അപരവത്ക്കരണം
ഈ സിനിമയിൽ ഫഹദ് ഡബിൾ റോളിലല്ല. എന്നാൽ അങ്ങനെ തോന്നിക്കുന്ന രീതിയിൽ പ്രകാശന്റെ അപരവത്ക്കരണമാണ് കഥയുടെ ഹൈലൈറ്റ്. ഇവിടെ ഫഹദ് അൽപ്പമൊന്നു പാളിയിരുന്നെങ്കിൽ ഈ കടപൂട്ടേണ്ടി വന്നേനെ. ഇത്രയും ഭംഗിയായി ഈ നടനല്ലാതെ മറ്റൊരാൾക്ക് ഫലിപ്പിക്കാൻ കഴിയുമോയെന്നും സംശയമാണ്.നാലുവേഷങ്ങൾ ചെയ്തിട്ടും നാലും തീർത്തും വെവ്വേറെ ജന്മങ്ങളായി നമുക്ക് തോനുന്ന, കമൽഹാസൻ ടെക്ക്‌നിക്കുപോലത്തെ ഒരു സിദ്ധിയാണിത്. സോമൻ സുകമാരൻ കാലം തൊട്ട് മമ്മൂട്ടി, മോഹൻലാൽവരെയുള്ള ഇരട്ടവേഷങ്ങൾ എടുത്ത് ഇതിലെ ഫഹദിന്റെ വേഷവുമായി താരതമ്യപ്പെടുത്തയാൽ മനസ്സിലാവും ആ മാറ്റം.
ടിനിടോമും, ശ്രീകുമാറും, നോബിയും ഉൾപ്പെട്ട യുവ ചിരിനിരയാണ് ഈ പടത്തിന്റെ സമ്പത്ത്. ഇതിൽ നോബി, ടെലിവിഷൻ കോമഡി സ്‌കിറ്റുകളുടെ ഹാങ്ങോവറിൽനിന്ന് പൂർണമായും മോചിതനായിട്ടില്ല. ചിലപ്പോഴൊക്കെ ഓവറായിപോവുമെന്ന് തോന്നുമെങ്കിലും അപ്പോൾതന്നെ രസച്ചരട് തിരിച്ചുപിടിക്കുന്നുണ്ട്. എന്നാലും സുരാജ് വെഞ്ഞാറമൂടും, പാഷാണം ഷാജിയുമൊക്കെ ചില പടങ്ങളിൽ കാണിക്കുന്നപോലെ കോമഡികൊണ്ട് പ്രേക്ഷകരെ ആക്രമിക്കാൻ നോബി ശ്രമിക്കുന്നില്‌ളെന്നത് ആശ്വാസമാണ്.ഇന്ന് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായ രഞ്ജി പണിക്കർ, ഒരോ പടത്തിലും വ്യത്യസ്തമായ സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പ്രകാശന്റെ കാമുകിയുടെ അനിയനായി വേഷമിട്ട ബാലതാരം ഭാവിയുടെ വാഗ്ദാനമാണ്. ഇവന്റെ ഒരൊറ്റ ഗുജറാത്തി ഡാൻസ ്കണ്ടതിന്റെ ചിരി മനസ്സിൽ മായാതെ കിടക്കുന്നു.
സ്ത്രീകഥാപാത്രങ്ങൾ കാര്യമായൊന്നും ചെയ്യാനില്ലാത്ത രീതിയിലാണ് കഥാഘടന. എന്നാൽ ഉള്ളത് രണ്ടു നായികമാരും മോശമാക്കിയിട്ടില്ല. ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയെ എത്തൂ. ആദ്യ പകുതിയിലെ ഗാനം ദൃശ്യഭംഗികൊണ്ട് മികച്ചുനിന്നപ്പോൾ രണ്ടാം പകുതിയിലേത് അരോചകമായി. ഇത് മുറിച്ചുമാറ്റുകയായിരക്കും നല്ലത്.ഷാംദത്തിന്റെ കാമറായാണ് സംവിധായകന് വലിയ പിന്തുണ നൽകിയിരിക്കുന്നത്.
പറയാതെ പറയുന്ന ഗുജറാത്ത് രാഷ്ട്രീയം
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം നാടല്ല ഗുജറാത്ത് എന്നും, അത് ഗാന്ധിജിയുടെത് കൂടിയാണെന്നും തമാശയിലൂടെയാണെങ്കിലും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പ്രണയിനിയെ സ്വന്തമാക്കാനാണ് പ്രകാശൻ കച്ചിൽ പിടിച്ചു നിൽക്കുന്നത്. എന്നാൽ അയാൾ അവളുടെഅച്ഛനോട് പറയുന്നത് 'എനിക്ക് ഗാന്ധിജിയുടെ നാട്ടിൽ കിടന്ന് മരിക്കണം' എന്നാൺ ഗുജറാത്ത് മോഡൽ വികസനമെന്ന് പ്രകീർത്തിക്കപ്പെടുന്നത് ശുദ്ധതട്ടിപ്പാണെന്ന് ആ സംസ്ഥാനത്തിന്റെ ഗ്രാമങ്ങളിലൂടെ ഒരുതവണ യാത്രചെയ്ത ആർക്കും ബോധ്യമാവും. ഉത്തരേന്ത്യയിലെ ശരാശരി എത് ഗ്രാമത്തെയുംപോലെ അവികസിതവും, ജാതി പഞ്ചായത്തുകൾ നിലനിൽക്കുന്നതുമാണ് ഗുജറാത്തും.[BLURB#3-H]
പൊട്ടിപ്പൊളിഞ്ഞ ഒരു ബസിലൂടെയും, മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളാണോയെന്ന് സംശയിച്ചുപോവുന്ന കൊച്ചുകൊച്ചു കൂരകളിലൂടെയും ഈ സിനിമയും ഇത് പറയാതെ പറയുന്നുണ്ട്. സഹകരണബാങ്കുകളും കുടുംബശ്രീ സംവിധാനങ്ങളുമൊന്നുമില്ലാത്ത ഒരു നാട്ടിൽ, നാട്ടുപ്രമാണിമാരിൽനിന്ന് കൊള്ളപ്പലിശക്ക് പണം വാങ്ങി മുടിഞ്ഞുപോകുന്നവരുടെ പ്രതിനിധയാണ് പ്രകാശൻ.ഭഗവതിയുള്ള പറമ്പാണെന്ന് പറഞ്ഞ് നാട്ടിലെ വസ്തു വിൽക്കാൻ കഴിയാതായതോടെ, 'നാട്ടിലേത് ഭഗവതിയും കച്ചിലേത് പട്ടേലും കൊണ്ടുപോയി' എന്ന പ്രകാശന്റെ അത്മഗതത്തിനും കൃത്യമായ രാഷ്ട്രീയ സംഞ്ജകൾ ഉണ്ട്.സംവിധായകൻ അതൊന്നും ബോധപൂർവം ഉദ്ദേശിച്ചതല്‌ളെങ്കിലും.
വാൽക്കഷ്ണം: സിനിമക്കുള്ളിലെ സിനിമയിൽനിന്നും മലയാള സിനിമക്ക് മോചനമില്ലെന്ന് ഈ പടവും തെളിയിക്കുന്നു. 'ചിറകൊടിഞ്ഞ കിനാക്കളിൽ' പരിഹസിക്കപ്പെടുന്നപോലെ പുതിയ കഥകളിൽതൊണ്ണൂറുശതമാനവും സിനിമയെക്കുറിച്ചുതന്നെയായിരിക്കും. പിന്നെങ്ങനെ പുതുമയുണ്ടാവാനാൺ