- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന സ്വിഫ്റ്റ് കാറിന്റെ ശരിയായ ഉടമ പുറത്ത്; അന്വേഷണം തിരിഞ്ഞെന്ന് മണത്തപ്പോൾ പൊലീസിൽ പരാതി; ആയങ്കിയുടെ കാർ സജേഷിന്റെതെന്ന് സുഹൃത്തുക്കൾക്കും അറിയില്ല; ചെമ്പിലോട് മേഖല സെക്രട്ടറിയെ പുറത്താക്കി ഡിവൈഎഫ്ഐ
കണ്ണൂർ: അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സജേഷിനെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചു. ഡിവൈഎഫ്ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു.
''സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.''ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം.ഷാജർ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയാണ്.
അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. സിപിഎമ്മിന്റെയും സർക്കാരിന്റെയും പരിപാടികൾ ദൈനംദിനം ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രതികരിച്ചത്.
അർജുൻ ആയങ്കിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ചിത്രങ്ങളുണ്ടായിരുന്നു. അർജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒരാഴ്ചയായി തന്റെ കാർ കാണാനില്ലെന്ന് കാട്ടി സജേഷ് കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന തിരിച്ചറിവിലാണ് സജേഷ് പരാതി നൽകിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച്ച രാവിലെ മുതൽ സജേഷിനെ കാണാനില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. എന്നാൽ ഈ വിഷയത്തിൽ സിപിഎം ഇതു വരെ പ്രതികരിച്ചിട്ടില്ല.
സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ. കാറുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
നേരത്തെ അർജുൻ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ആയങ്കിയെ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ
അർജുൻ ആയങ്കിയെ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നു.
പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നും ഷാജർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അർജുൻ ആയങ്കിയുടെ സിപിഎം ബന്ധം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ