ആലപ്പുഴ: മികിക്രിയും സിനിമകളും മലയാളികൾക്കിടയിൽ ജനകീയമാകും മുമ്പ് കേരളത്തിലെ തെരുവോരങ്ങളെ ആനന്ദിപ്പിച്ചത് കാഥികരായിരുന്നു. സാംബശിവന്റെ കഥാപ്രസംഗങ്ങൾക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകർ ഉണ്ടയിരുന്നു. കഥാപ്രസംഗമെന്ന ശാഖ ക്രമേണ മുസ്ലിം സമുദായത്തിനിടയിലേക്കും വ്യാപിച്ചു. ഇങ്ങനെ വ്യാപിപ്പപ്പോൾ കഥാപ്രസംഗ കലയിൽ രംഗത്തിറങ്ങിയ ആദ്യകാല മുസ്ലിം വനിതകളിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച ആയിഷ ബീഗം(72)

പുലർച്ചെ പുന്നപ്ര നന്ദിക്കാട്ട് വെളി 'മാനസി'യിൽ മകൻ അൻസാറിന്റെ വസതിയിലായിരുന്നു ഇവരുടെ അന്ത്യം. ദീർഘകാലമായി അസുഖ ബാധിതയായിരുന്നു. കഷ്ടപാടും ദുരിതവും നിറഞ്ഞ ജീവിതത്തിലും കഥാപ്രസംഗ കലയെ നെഞ്ചോടു ചേർത്തു പിടിച്ച കലാകാരിയാണ് ആയിഷ ബീഗം. കേരളത്തിന് അകത്തും പുറത്തും മൂവായിരത്തോളം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും സഹൃദയ ലോകം ആദരവോടെ സ്വീകരിച്ചു. 1943ലാണ് ആയിഷ ബീഗത്തിന്റെ ജനനം. മുഹമ്മദുകണ്ണ് ഫാത്തിമ ദമ്പതികളുടെ മകളായ ആയിഷയുടെ കുടുംബം ചെറുപ്പകാലത്ത് തന്നെ ആലപ്പുഴയിലേക്ക് കുടിയേറി. കഥാപ്രസംഗ വേദികളിൽ ഭർത്താവ് എ.എം ശെരീഫ് പ്രോത്സാഹനവും പ്രചോദനവും നൽകി. 1998ൽ അദ്ദേഹം മരിച്ചു.

മൂന്ന് പതിറ്റാണ്ടോളം മാപ്പിള സാമൂഹ്യ പശ്ചാത്തലമുള്ള കഥകൾ വിവിധ വേദികൾ ആയിഷ ബീഗം അവതരിപ്പിച്ചു. 'ധീര വനിത' എന്ന കഥ ആലപ്പുഴ വട്ടപ്പള്ളിയിലെ വേദിയിൽ അവതരിപ്പിച്ചായിരുന്നു കഥാപ്രസംഗ രംഗത്തേക്ക് ആയിഷ ബീഗം കടന്നുവന്നത്. മുസ്‌ലിം വനിതകൾ പരസ്യമായി വേദികളിൽ കഥ പറയാൻ മടിച്ചിരുന്ന കാലഘട്ടത്തിൽ തന്നിലുള്ള പ്രതിഭയെ അടക്കി നിർത്താൻ ആയിഷക്കായില്ല.
ജനങ്ങളിൽ നിന്നു ലഭിച്ച ആദരവും പ്രോത്സാഹനവും ഉൾക്കൊണ്ട് മാപ്പിള സാഹിത്യത്തിൽ ഒമ്പതോളം കഥകളും മറ്റിതര സാമൂഹ്യ വിഷയങ്ങളിൽ പതിനഞ്ചോളം കഥകളും ആയിഷ ബീഗം അവതരിപ്പിച്ചു.

ടേപ് റെക്കാർഡറുകൾ പോലും അപൂർവമായിരുന്ന അന്ന് അവരെ കിസ്സകൾ പറഞ്ഞ് പാടിയുണർത്തി ഒരു പെൺകുട്ടി. ഒരിക്കൽ കേട്ടാൽ മനസിലെന്നും തങ്ങിനില്ക്കുന്ന ഒരു ഗാനം പോലെയായിരുന്നു കാഥിക ആയിഷ ബീഗം. അക്കാലത്തെ നാട്ടുനടപ്പുകൾ വകവെക്കാതെ ആദ്യമായൊരു മുസ്ലിം പെൺകുട്ടി പൊതുവേദിയിലത്തെിയപ്പോൾ അതിനെതിനെ സംഘടിച്ച സമുദായത്തിനും തളർത്താനായില്ല ആയിഷയുടെ ചങ്കുറപ്പിനെ. പാടിയും പറഞ്ഞും ആയിഷ വളരുകയായിരുന്നു. വി സാംബശിവനടക്കമുള്ളവർ കഥാപ്രസംഗവുമായി നിറഞ്ഞു നിന്ന കാലത്താണ് അരങ്ങത്തേക്കുള്ള ആയിഷയുടെ വരവ്. അതുവരെ പെണ്ണിനെ കഥാപ്രസംഗവേദിയിൽ കാണാത്ത കണ്ണുകൾക്ക് അത്ഭുതക്കാഴ്ചയായിരുന്നു അത്.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ മുഹമ്മദ് കണ്ണിന്റെയും ഫാത്തിമയുടെയും മകളായി 1943ലായിരുന്നു ആയിഷയുടെ ജനനം. ചെറുപ്പത്തിലേ ഉമ്മയെന്ന സംഗീതം നിലച്ചു. ഉമ്മയുടെ മരണ ശേഷം ആലപ്പുഴയിലെ ബന്ധുക്കളായ ഇബ്രാഹിം ആമിന ദമ്പതിമാർ ആയിഷയെ ദത്തെടുത്തു. ഖവാലിയെന്നാൽ ഇബ്രാഹിമിന് ജീവനായിരുന്നു. സംഗീതത്തോടുള്ള സ്‌നേഹംകൊണ്ടാകണം മകൾ ഗായികയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആലപ്പുഴയിലെ കുഞ്ഞുപണിക്കർ ഭാഗവതരുടെ കീഴിൽ സംഗീതപഠനത്തിനയച്ചു. മുസ്ലിം പെൺകുട്ടികൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന മതനേതാക്കളുടെ വിലക്ക് നാട്ടിലുള്ളൊരു കാലമായിരുന്നു അത്. ചിലർ എതിർപ്പുമായി രംഗത്തത്തെി. എന്നാൽ പാട്ടുപഠിക്കാനുള്ള അതിയായ മോഹത്തിനു മുമ്പിൽ എതിർപ്പുകളെ അവഗണിച്ചു ആയിഷയും ഇബ്രാഹിമും.

പഠിക്കാനും പാടാനും മിടുക്കിയായ ആയിഷ എല്ലാം പെട്ടെന്നു സ്വായത്തമാക്കി. എട്ടു വയസ്സുമുതൽ നൃത്തപരിപാടികൾക്ക് പിന്നണി പാടി പൊതുരംഗത്തേക്ക് വന്നു. ചെറുപ്പമായതിനാൽ ഇബ്രാഹിമിന്റെ തോളിൽ കേറിയിരുന്നായിരുന്നു ആ പാട്ടുയാത്രകൾ. പഠനം പത്താം കഌസിൽ അവസാനിപ്പിച്ച് സംഗീത രംഗത്ത് മുഴുവൻ സമയവും സജീവമായി. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും പിന്നീട് കേരളത്തിലാകമാനവും ആയിഷ ബീഗമെന്ന പെൺകുട്ടി സംഗീതമായി നിറയുകയായിരുന്നു. പതിനഞ്ചാം വയസ്സിലായിരുന്നു ആയിഷയുടെ വിവാഹം. കാഥികൻ വി സാംബശിവന്റെ ട്രൂപ്പിലെ തബലിസ്റ്റ് എം എം ഷരീഫായിയിരുന്നു വരൻ.

1961ൽ 'ധീരവനിത' എന്ന കഥപറഞ്ഞാണ് ആയിഷ ബീഗം ചരിത്രത്തിലേക്ക് കടന്നത്. ആലപ്പുഴയിലെ വട്ടപ്പള്ളിയിലായിരുന്നു ആദ്യ പരിപാടി. വട്ടപ്പള്ളി ശരീഫിന്റെതായിരുന്നു രചന. മുസ്ലിം പെൺകുട്ടിയുടെ കഥപറച്ചിൽ വിവരം നേരത്തെ അറിഞ്ഞതിനാൽ അതിനെ ഏതുവിധേനയും നേരിടാനായിരുന്നു സമുദായത്തിന്റെ തീരുമാനം. പക്ഷേ ഭീഷണി വകവെക്കാതെ ആ പതിനേഴുകാരി വേദിയിലത്തെി. മധുരമൂറുന്ന ഈരടികളിലൂടെ അവൾ ജീവിതത്തെയും വിധിയേയും പുരുഷമേധാവിത്തത്തെയും തന്റേടത്തോടെ നേരിട്ട വനിതാരത്‌നമായ ബീവി അസൂറയുടെ കഥ പറഞ്ഞപ്പോൾ എതിർപ്പുമായത്തെിയവർ അതിൽ ലയിച്ചു ചേർന്നു. പിന്നീടെല്ലാം ചരിത്രം. മിക്ക ദിവസങ്ങളിലും പരിപാടികൾ. ചില ദിവസങ്ങളിൽ രണ്ടുപരിപാടികൾ വരെയുണ്ടാകും. മലബാറിലും ആയിഷയുടെ ശബ്ദമത്തെി. അയ്യായിരത്തിലേറെ വേദികളിൽ ആയിഷ ബീഗം കഥ പറഞ്ഞു. ക്ഷേത്രോത്സവ വേദികളിലും മുസ്ലിം സദസ്സുകൾക്കും ഒരുപോലെ പ്രിയങ്കരിയായി മാറി. വട്ടപ്പള്ളി ഗഫൂർ, ആലപ്പി ശറീഫ് എന്നിവരുടെതായിരുന്നു രചനകൾ. ധീരവനിത, ജ്ഞാന സുന്ദരി, മുൾക്കിരീടം, കർബലയും പ്രതികാരവും, ത്യാഗം, സൈന, പ്രേമകുടീരം, ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ, വൈരമോതിരം, ഖുറാസാനിലെ പൂനിനിലാവ്, വിലങ്ങും വീണയും തുടങ്ങി ഇരുപത്തി അഞ്ചിലേറെ കഥകൾ.

അക്കാലത്തെ ഗ്രാമഫോണുകളിലും റെക്കോഡുകളിലും ആയിഷ ബീഗത്തിന്റെ ശബ്ദസാന്നിധ്യമുണ്ടായി. ഗുണമേറും മാസമല്ലോ... റമദാനതെന്നതോർക്കൂ, മണ്ണിനാൽ പടച്ചുള്ള, മലക്കുൽ മൗത്ത് അസ്‌റാഈൽ അണഞ്ഞിടും മുന്നേ, അഹദായവനേ സമദായവനേ, യാ ഇലാഹി നിന്നിൽ സർവമർപ്പിക്കുന്നു.., ബിരിയാണി വെക്കലല്ല പെരുന്നാള്, മുത്ത് റസീലിന്റെ ഉമ്മത്തിയാമെന്നിൽ സത്യ സ്വരൂപാ , മക്കാ റസൂലേ.. മദീനാ നിലാവേ.. തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ബീഗത്തിന്റേതായി പിറന്നു. ആകാശവാണിയിലും തുടർച്ചയായി കഥാപ്രസംഗം അവതരിപ്പിച്ചു അവർ.

നിരവധി വേദികളിൽ വിശ്രമമില്ലാതെ നിറഞ്ഞു നിന്നതിനാവാം 1988ൽ ശാരിരികാസ്ഥ്യം മൂലം കഥാപ്രസംഗരംഗത്തോട് വിടപറഞ്ഞു. മൂന്ന് വർഷത്തിനു ശേഷം വീണ്ടും വേദിയിലത്തെി. പതിനഞ്ചു വർഷം മുമ്പാണ് ആയിഷ ബീഗം അവസാനമായി പാടിയത്. കടുത്ത രക്ത സമ്മർദം കാരണം സംസാരശേഷി പിന്നീട് ഭാഗികമായി നഷ്ടപ്പെടുകയായിരുന്നു ആദ്യം. ചികിത്സകൾ ധാരാളമായി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആയിഷാ ബീഗത്തിന്റെ വിയോഗത്തോടെ ഒരു ചരിത്രം കൂടി അവസാനിക്കുകയാണ്.