- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഖറിനെ അച്ചടക്കം പഠിപ്പിച്ച കിക് ബോക്സർ; യുവരാജ് സിംഗിന്റെ ഭാര്യയെ വിസ്മയിപ്പിച്ച കൂട്ടുകാരി; ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പണറുടെ ആരാധകരുടെ സൂപ്പർ വുമണും വണ്ടർ വുമണുമായ ഫിനിക്സ് പക്ഷി! വിവാഹമോചനത്തിന് നൽകുന്നത് ഇതുവരെ ആരും മുമ്പോട്ട് വയ്ക്കാത്ത നിർവ്വചനം; ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുമ്പോൾ
ന്യൂഡൽഹി: ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിഞ്ഞതിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. 9 വർഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. വിവാഹമോചന വാർത്തയോട് ശിഖർ ധവാൻ പ്രതികരിച്ചിട്ടില്ല. അയേഷ മുഖർജിയാകട്ടെ, ധവാന്റെ പേരു ചേർത്തുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് 'അയേഷ മുഖർജി' എന്ന പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
വിവാഹമോചനം പരസ്യമാക്കി ദീർഘമായ കുറിപ്പും അയേഷ പങ്കുവച്ചിട്ടുണ്ട്. ആ കുറിപ്പ് വൈറലുമാണ്. വിവാഹമോചനത്തിന്റെ പേരിൽ നിങ്ങൾ ബുദ്ധിമുട്ടുന്നുവെങ്കിൽ, വിവാഹമോചിതയെന്ന പേര് ചാർത്തപ്പെടുമെന്ന് ഭയന്ന് ഇപ്പോഴത്തെ ബന്ധം അവസാനിപ്പിക്കാൻ ഭയപ്പെടുന്നുവെങ്കിൽ പ്രശ്ന പരിഹാരത്തിന് സധൈര്യം എന്നെ സമീപിക്കാമെന്ന് കുറിപ്പിൽ പറയുന്നു. വിവാഹമോചനമെന്നാൽ ഞാൻ സ്വയം കണ്ടെത്തുന്ന നിമിഷമാണെന്നാണ് അയേഷയുടെ വിശദീകരണം.
ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാൾ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്.ഇന്ത്യയുടെ ഇടം കൈയൻ ഓപ്പണിങ് ബാറ്റ്സ് മാൻ ആണ് ശിഖർ ധവാൻ. തന്റെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരം. അണ്ടർ എയ്റ്റീൻ ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടാണ് സെലക്ടർമാരുടെ കണ്ണിൽ ധവാൻ പെടുന്നത്. ഇതിനു ശേഷം വളരെ ചെറുപ്പത്തിൽത്തന്നെ താരത്തിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനുള്ള അവസരം ലഭിക്കുന്നു. പക്ഷേ പിന്നീടങ്ങോട്ട് താരത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. സാങ്കേതിക പിഴവുകൾ ധവാൻ എന്ന ബാറ്റ്സ്മാനെ വലച്ചു. സ്ഥിരമായി ഒരേ തരം പന്തുകളിൽ ഔട്ട് ആവാൻ തുടങ്ങി.
അതോടെ എതിരാളികൾക്ക് ധവാനെ വിക്കറ്റിനു മുന്നിൽ കുടുക്കാൻ പ്രയാസമില്ല എന്നായി. ഈയൊരു പ്രശ്നം ഇന്ത്യൻ ടീമിലേക്കുള്ള വാതിലടച്ചു. ഇതിനിടയിൽ ആണ് താരം ആയേഷ മുഖർജിയെ പരിചയപ്പെടുന്നത്. ധവാനെകാൾ പത്ത് വയസു കൂടുതലായിരുന്നു. ആദ്യ വിവാഹത്തിൽ അയേഷയ്ക്ക് ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ടായിരുന്നു. മികച്ച പരിശീലനം ലഭിച്ച ഒരു കിക് ബോക്സർ ആണ് ആയേഷ. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്.
എന്നാൽ കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പായിരുന്നു. പ്രത്യേകിച്ച് ധവാന്റെ പിതാവിൽ നിന്നും. അതിനിടയിൽ ധവാൻ ഫോം കണ്ടെത്താനും വിഷമിക്കുച്ചു. എന്നാൽ ആയേഷ ജീവിതത്തിലേക്ക് വന്നതോടെ മറ്റൊരു ധവാനെയാണ് കണ്ടത്. ധവാന്റെ ജീവിതത്തിൽ അച്ചടക്കം ഉണ്ടാക്കിയെടുക്കുകയാണ് ആയേഷ ആദ്യം ചെയ്തത്. കൃത്യമായ ഒരു അടുക്കും ചിട്ടയും താരം ഉണ്ടാക്കിയെടുത്തു. പതുക്കെ ഇതിന്റെ ഫലം ധവാന്റെ കളിയിലും കാണാൻ തുടങ്ങി. തന്റെ സാങ്കേതിക പിഴവ് കൃത്യമായി തിരിച്ചറിഞ്ഞ് അത് തിരുത്താൻ ധവാനായി. പിന്നീട് ഇന്ത്യക്ക് ലഭിച്ചത് മികച്ച ഒരു ഓപ്പണിങ് ബാറ്റ്സ്മാനെയായിരുന്നു. അങ്ങനെ ശിഖറിന്റെ ജീവിതത്തിൽ പ്രധാനിയായിരുന്നു ഇന്നലെ വരെ അയേഷ.
അയേഷ 2017ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം താൻ സുഖം പ്രാപിച്ചതായി അയേഷ അറിയിച്ചത് ജിമ്മിൽ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു. 'പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് ആറ് ആഴ്ച്ചയ്ക്ക് ശേഷം ഏറെ ഇഷ്ടമുള്ള പ്രവൃത്തിയിലേക്ക് തന്നെ ഞാൻ തിരിച്ചെത്തി, ഡെഡ്ലിഫ്റ്റിങ്. ഒരിക്കലും ഒഴിവ് കഴിവ് പറഞ്ഞ് ഒഴിവാകരുത്', അയേഷ അന്ന് കുറിച്ചു. അത് വൈറലായിരുന്നു. .
'സൂപ്പർ വുമൺ' എന്നും 'വണ്ടർ വുമൺ' എന്നുമൊക്കെയാണ് ആരാധകർ അയേഷയെ അന്ന് വിശേഷിപ്പിച്ചത്. ഫിനിക്സ് പക്ഷി പോലെ ആണ് അയിഷയുടെ ഉയർത്തെഴുന്നേൽപ്പെന്ന് ആരാധകർ കമന്റ് ചെയ്തു. യുവരാജ് സിംഗിന്റെ ഭാര്യ ഹൈസൽ കീച്ചും അയിഷയെ പുകഴ്ത്തി രംഗത്തെത്തി്. 'കൂട്ടുകാരി, നീ വിസ്മയിപ്പിക്കുന്നു' എന്നായിരുന്നു കീച്ചിന്റെ കമന്റ്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അന്ന് ഭാര്യയ്ക്ക് ഒപ്പം നിൽക്കാനായി ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന മത്സരത്തിൽ നിന്നും ശിഖർ ധവാൻ വിട്ടു നിന്നിരുന്നു.
ശിഖർ തന്നെയാണ് ഭാര്യയ്ക്ക് ശസ്ത്രക്രിയ ചെയ്യണമെനന് കാര്യം ട്വിറ്റർ വഴി ആരാധകരെ അറിയിച്ചത്. പിന്നാലെ അയിഷയ്ക്ക് വേണ്ടി ആശംസകളും പ്രാർത്ഥനകളും നേർന്ന് ആരാധകരം രംഗത്തെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ശിഖർ ആരാധകരെ അറിയിച്ചിരുന്നു. അങ്ങനെ പലവിധത്തിൽ ചർച്ചയായ ദമ്പതികളാണ് ഇപ്പോൾ പിരിയുന്നത്.
വിവാഹമോചനം പരസ്യമാക്കി അയേഷ പങ്കുവച്ച ദീർഘമായ കുറിപ്പ് ഇങ്ങനെ
'രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം മോശം വാക്കാണെന്നാണ് ഞാൻ കരുതിയിരുന്നത്.
വാക്കുകൾക്ക് ഇത്രമാത്രം അർഥതലങ്ങളാകാമെന്നത് എന്തൊരു തമാശയാണ്! ഇക്കാര്യം ആദ്യ വിവാഹമോചനത്തോടെ തന്നെ എനിക്ക് മനസ്സിലായിരുന്നു. ആദ്യ വിവാഹമോചനത്തിന്റെ വേളയിൽ ഞാൻ ആകെ ഭയചകിതയായിരുന്നു. തോറ്റുപോയെന്നും ജീവിതത്തിൽ തെറ്റായിട്ടെന്തോ ചെയ്യുകയാണെന്നുമുള്ള തോന്നലായിരുന്നു അന്ന്. ഞാൻ എല്ലാവരേയും നിരാശപ്പെടുത്തിയെന്നും എല്ലാം സ്വാർഥതയാണെന്നുമായിരുന്നു ചിന്ത. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് എനിക്കന്ന് തോന്നി. വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു.
ഇപ്പോഴിതാ, ഞാൻ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. വൂഹ്... ഇത് ഞെട്ടിക്കുന്നതാണ്. ഒരിക്കൽ വിവാഹമോചിതയായ ഞാനിതാ, വീണ്ടും മറ്റൊരു വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. എനിക്കിനിയും എന്തൊക്കെയോ തെളിയിക്കാനുണ്ടായിരുന്നു. അതുകൊണ്ട് രണ്ടാം വിവാഹബന്ധവും തകർന്നപ്പോൾ അതെന്നെ ഭയപ്പെടുത്തി. ആദ്യത്തെ തവണ വിവാഹമോചിതയായപ്പോൾ നേരിട്ടതെല്ലാം എന്റെ മനസ്സിലേക്കു വന്നു. ഭയം, തോറ്റെന്ന ചിന്ത, നിരാശ.. എല്ലാം നൂറിരട്ടിയായി എന്നിലേക്ക് വരുന്നു. ഇതെല്ലാം എന്തിനായിരുന്നു? വിവാഹവുമായി എന്റെ ബന്ധത്തെ ഇത് എങ്ങനെ ബാധിക്കും?
ഒരിക്കൽ ഇങ്ങനെ സംഭവിച്ചതിന്റെ പരിണിത ഫലങ്ങളെല്ലാം ഞാൻ അനുഭവിച്ചതാണ്. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാൻ അന്ന് എനിക്കു സാധിച്ചതാണ്. പതുക്കെ ഭയവും അപ്രത്യക്ഷമായി. കൂടുതൽ കരുത്തുള്ളതായി എനിക്കു തോന്നി. എന്റെ ഭയവും വിവാഹമോചനമെന്ന വാക്കിനോടുള്ള വെറുപ്പുമെല്ലാം എന്റെ തന്നെ സൃഷ്ടികളായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അതിനുശേഷം വിവാഹമോചനത്തെ ഞാനാഗ്രഹിക്കുന്ന രീതിയിൽ കാണാനും വ്യാഖ്യാനിക്കാനുമാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.
വിവാഹമോചനമെന്നാൽ ഞാൻ സ്വയം കണ്ടെത്തുന്ന നിമിഷമാണ്. അല്ലാതെ വിവാഹം കഴിച്ചുപോയി എന്നതിന്റെ പേരിൽ ആകെയുള്ള ജീവിതം ബലികഴിക്കാനുള്ളതല്ല. ചിലപ്പോൾ നിങ്ങൾ ഏറ്റവും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്താലും ഫലം നന്നാവണമെന്നില്ലെന്ന ഓർമപ്പെടുത്തലാണ് വിവാഹമോചനം. അത് സാധാരണയാണ്. പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കാനുള്ള ഒട്ടേറെ പുതിയ പാഠങ്ങൾ പകർന്നുനൽകിയ ബന്ധങ്ങളെന്നും വിവാഹമോചനത്തിന് അർഥമുണ്ട്! സ്വയം വിശ്വസിച്ചിരുന്നതിനേക്കാൾ എനിക്കു കരുത്തുണ്ടെന്നു തിരിച്ചറിയുന്ന നിമിഷമാണ് വിവാഹമോചനം.
വിവാഹമോചനത്തിന്റെ പേരിൽ നിങ്ങൾ ബുദ്ധിമുട്ടുന്നുവെങ്കിൽ, വിവാഹമോചിതയെന്ന പേര് ചാർത്തപ്പെടുമെന്ന് ഭയന്ന് ഇപ്പോഴത്തെ ബന്ധം അവസാനിപ്പിക്കാൻ ഭയപ്പെടുന്നുവെങ്കിൽ പ്രശ്ന പരിഹാരത്തിന് സധൈര്യം എന്നെ സമീപിക്കാം.''
മറുനാടന് മലയാളി ബ്യൂറോ