- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർദനമേറ്റ് മുഹമ്മദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള ശ്രമം നടന്നു; കാൽ മുറിച്ചുമാറ്റിയത് ഇതിന്റെ ഭാഗം; ചോര കണ്ട് അസ്വസ്ഥരായതോടെ അമ്മയും പെൺമക്കളും തീരുമാനിച്ചത് കീഴടങ്ങാൻ; അച്ഛനും മകനും പങ്കുമില്ല; സംഭവം നടക്കുമ്പോൾ രണ്ട് ഭാര്യമാരും വീട്ടിലുണ്ടായിരുന്നില്ല; ആയിരംകൊല്ലിയിൽ എല്ലാം വ്യക്തമെന്ന് പൊലീസ്
വയനാട്: മാതാവിനെ ഉപദ്രവിച്ചതു തടയാനുള്ള ശ്രമത്തിനിടെ ആയിരംകൊല്ലി മണ്ണിൻതൊടിയിൽ മുഹമ്മദി(68)നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൊലപ്പെടുത്തിയ കേസിൽ ദുരൂഹത കാണാതെ പൊലീസ്. കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കി. 15,16 വയസ്സുള്ള സഹോദരിമാരെ പൊലീസ് എറണാകുളത്തെ ഷെൽറ്റർ ഹോമിലേക്കു മാറ്റും. മൃതദേഹം ഒളിപ്പിക്കാനും മറ്റും കുട്ടികളെ സഹായിച്ച മാതാവിനെ ബത്തേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ മറ്റു ചിലർക്ക് പങ്കുണ്ടെന്നുള്ള ആരോപണവുമായി മുഹമ്മദിന്റെ രണ്ടാംഭാര്യ രംഗത്തെത്തിയെങ്കിലും തെളിവുകളൊന്നുമില്ലാത്തതിനാൽ ആ സാധ്യത തള്ളിക്കളയുകയാണു പൊലീസ്. തെളിവെടുപ്പ് സമയത്ത് പ്രതിയുടെ ഭർത്താവും മകനും വീട്ടിലെത്തിയിരുന്നു. ഇവരെ പൊലീസ് സംശയിക്കുന്നില്ല. ഈ സാഹചര്യത്തിൽ അതിവേഗം കുറ്റപത്രം നൽകും. തെളിവും തൊണ്ടി മുതലും കുറ്റസമ്മത മൊഴിയുമുള്ളതിനാൽ ഇനി ആരേയും കസ്റ്റഡിയിൽ വാങ്ങുകയുമില്ല. ്അങ്ങനെ അന്വേഷണം എല്ലാ അർത്ഥത്തിലും അവസാനിപ്പിക്കുകയാണഅ പൊലീസ്.
മാതാവിനെയും പെൺകുട്ടികളെയും ഇന്നലെ രാവിലെ പത്തോടെ സംഭവം നടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടന്ന സ്ഥലം മൂവരും അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തു. കൊല ചെയ്യാൻ ഉപയോഗിച്ച കോടാലി, കത്തി എന്നിവയും എടുത്തുനൽകി. വീടിന്റെ ഉള്ളിൽ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു ഇവ. വീടിന്റെ മുൻവശത്തേക്ക് കയറുന്ന ഭാഗത്തുവച്ചാണ് കോടാലി ഉപയോഗിച്ച് മുഹമ്മദിനെ അടിച്ചതെന്ന് അവർ മൊഴി നൽകി.
ആദ്യം മാതാവിനെയും പിന്നാലെ കുട്ടികളെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്. മൃതദേഹത്തിൽനിന്നു മുഹമ്മദിന്റെ വലതുകാൽ മുറിച്ചെടുത്ത് കൊണ്ടുപോയി അമ്പലവയൽ ടൗണിന് പരിസരത്ത് കളയാൻ പെൺകുട്ടികളിലൊരാൾ ഉപയോഗിച്ച സ്കൂൾ ബാഗും അവർ തന്നെ പൊലീസിന് എടുത്തുകൊടുത്തു. കാൽ കൊണ്ടു പോയി കളഞ്ഞ അമ്പലവയൽ ടൗണിലെ മാലിന്യ കേന്ദ്രത്തിനു സമീപത്തും പൊലീസ് തെളിവെടുപ്പ് നടത്തി. എല്ലാ തെളിവും കിട്ടുകയും ചെയ്തു.
മുഹമ്മദ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അമ്പലവയൽ ടൗണിന്റെ പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ചതിനാൽ ഇനി അമ്മയെയും കുട്ടികളെയും കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ 11 മണിയോടെ നടന്ന കൊലപാതകത്തിനുശേഷം ഉച്ചകഴിഞ്ഞ് അമ്മയും മക്കളും പൊലീസിൽ കീഴടങ്ങിയ ശേഷമാണ് സമീപവാസികളും നാട്ടുകാരുമൊക്കെ വിവരമറിയുന്നത്. നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്കായി വയനാട്ടിലെത്തിയ മുഹമ്മദ് ആയിരംകൊല്ലിയിൽ താമസമാക്കുകയായിരുന്നു.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികൾ പറയുന്നു. അതുകൊണ്ടുതന്നെ, ചൊവ്വാഴ്ചയുണ്ടായ ബഹളമൊന്നും സമീപവാസികൾ അത്ര കാര്യമാക്കിയില്ല. മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കളും മുഹമ്മദും തമ്മിൽ ഉന്തുംതള്ളുമുണ്ടായിരുന്നു. ഈ ബഹളവും പിന്നീടുണ്ടായ കൊലപാതകവും സമീപവാസികൾ അറിഞ്ഞതേയില്ല. ആയിരംകൊല്ലി സ്വദേശി മുഹമ്മദിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിനുസമീപത്തുള്ള കുഴിയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളും അവരുടെ മാതാവും പൊലീസിൽ കീഴടങ്ങി.
മുഹമ്മദ് മാതാവിനെ മർദിച്ചപ്പോൾ പെൺകുട്ടികൾ തടയാൻ ശ്രമിക്കുന്നതിനിടെ കോടാലികൊണ്ട് തലയ്ക്കടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ കോടാലികൊണ്ടുള്ള മുറിവേറ്റ പാടുകളാണുള്ളത്. വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയനിലയിലായിരുന്നു. തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദനമേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം കുട്ടികളിൽ ഒരാളാണ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. തുടർന്ന് കല്പറ്റ ഡിവൈ.എസ്പി. എം.ഡി. സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മുഹമ്മദിന്റെ വീട്ടിൽ നടന്ന വഴക്കാണ് കൊലപാതകത്തിലേക്കെത്തിയത്. മാതാവിനെ മർദിക്കുന്നതുകണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആയിരംകൊല്ലിയിൽ മുഹമ്മദിന്റെ വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയോടു ചേർന്നുള്ള കുഴിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പൊതിഞ്ഞ ചാക്ക് രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു.
മർദനമേറ്റ് മുഹമ്മദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള ശ്രമം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് കാൽ മുറിച്ചുമാറ്റിയത്. എന്നാൽ കാൽ മുറിച്ചുമാറ്റിയതോടെ അസ്വസ്ഥരായ മാതാവും പെൺമക്കളും പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മുറിച്ചുമാറ്റിയ കാൽഭാഗം മൂന്നുകിലോമീറ്റർ അകലെ അമ്പലവയൽ ടൗൺ പരിസരത്തുനിന്നാണ് കിട്ടിയത്. കോടാലികൊണ്ടാണ് മുഹമ്മദിന് മർദനമേറ്റത്. തലയ്ക്കും ശരീരത്തിലൊട്ടാകെയും പരിക്കുകളുണ്ട്. പരിക്കുകളുടെ സ്വഭാവവും മരണകാരണവും പോസ്റ്റമോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബത്തിൽനിന്ന് വീട്ടുവഴക്കും ബഹളവും പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. കൊല്ലപ്പെട്ട മുഹമ്മദ് അയൽക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. നിലമ്പൂരിൽനിന്ന് കൂലിപ്പണിയുമായി എത്തിയതാണ് മുഹമ്മദ്. കഴിഞ്ഞ 15 വർഷമായി പ്രദേശത്തുണ്ട്. രണ്ടുഭാര്യമാരുണ്ട്. സംഭവം നടക്കുമ്പോൾ ഭാര്യമാർ സ്ഥലത്തുണ്ടായിരുന്നില്ല. ഈ വീട്ടിൽതന്നെ താമസിക്കുന്ന ബന്ധുവായ സ്ത്രീയുടെ ഭർത്താവും മകനുമായി മുഹമ്മദ് നല്ല ബന്ധത്തിലായിരുന്നില്ല.ഇവർ ഇവിടേക്ക് വരാതായതോടെയാണ് പെൺകുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം മുഹമ്മദ് ഏറ്റെടുത്തത്. കുടുംബാംഗങ്ങൾക്കും മറ്റുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ