- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണ്; പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെ എനിക്ക് തോന്നി; കവരത്തി പൊലീസിന് അയിഷ നൽകുന്നത് ഈ മൊഴിയോ? ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തിയ അയിഷ സുൽത്താന ലക്ഷദ്വീപിൽ
കൊച്ചി: ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുൽത്താന കവരത്തി പൊലീസിനു മുന്നിൽ ഹാജരാകും. ചാനൽ ചർച്ചയിൽ, കേന്ദ്ര സർക്കാർ ലക്ഷദ്വീപിനു നേരെ പ്രയോഗിച്ച ജൈവായുധമാണു കോവിഡ് എന്നു പറഞ്ഞതു വിവാദമായതിനെത്തുടർന്നാണു കവരത്തി പൊലീസ് ആയിഷയ്ക്കെതിരെ കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുൽ ഖാദറാണു പരാതി നൽകിയത്.
ഇന്നലെ ഉച്ചയ്ക്കു 12ന്റെ വിമാനത്തിൽ കൊച്ചിയിൽ നിന്ന് അഗത്തിയിലെത്തിയ ആയിഷയും അഭിഭാഷകനും അവിടെ നിന്നു ഹെലികോപ്റ്ററിൽ കവരത്തിയിയിലെത്തി. വൈകിട്ട് 4.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് ആയിഷ പറഞ്ഞു. പൊലീസുമായി പൂർണമായി സഹകരിക്കുമെന്ന് കൊച്ചി വിമാനത്താവളത്തിൽ ആയിഷ പറഞ്ഞു. ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നു താൻ പിന്തിരിയില്ലെന്നും അവർ വ്യക്തമാക്കി.
രാജ്യത്തിനെതിരായ ഒന്നും ചെയ്തിട്ടില്ലെന്ന് ആയിഷ സുൽത്താന പറയുന്നു. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു. വായിൽ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും ആയിഷ സുൽത്താന പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ അറിയാതെ പറഞ്ഞതാണ് ജൈവായുധം പ്രയോഗമെന്ന നിലപാടാകും അയിഷ എടുക്കുക. ഇതിൽ ഖേദ പ്രകടനം നടത്തിയതും പൊലീസിനെ അറിയിക്കും.
ഇത്തരത്തിലൊരു മൊഴി അയിഷ കൊടുത്താൽ പൊലീസിന് കേസ് കടുപ്പിക്കാൻ കഴിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലക്ഷദ്വീപിലെ സംഘർഷത്തിന് അയവുണ്ടാക്കാൻ കേന്ദ്ര സർക്കാരിനും താൽപ്പര്യമുണ്ട്. ഇതും അയിഷയുടെ കേസിൽ പ്രതിഫലിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മീഡിയാവൺ ചാനൽ ചർച്ചയ്ക്കിടെയാണ് അയിഷ ജൈവായുധ പരാമർശം നടത്തിയത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ നാക്കു പിഴയാണ് സംഭവിച്ചതെന്ന് വിശദീകരിച്ചിരുന്നു.
അതിന് ശേഷമാണ് ബിജെപി ലക്ഷദ്വീപ് ഘടകം കേസു കൊടുത്തത്. മുൻകൂർ ജാമ്യത്തിന് അയിഷ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകാനായിരുന്നു ഹൈക്കോടതിയുട നിർദ്ദേശം. ഇത് പരിഗണിച്ചാണ് കവരത്തിയിൽ അയിഷ എത്തിയത്. സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു... പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെ എനിക്ക് തോന്നി.-ഇതാണ് വിവാദത്തിൽ അയിഷയുടെ പരസ്യപ്രതികരണം.
അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫുൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്... ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ, പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ ഞാൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ല.
ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫുൽ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.-എന്നും അയിഷ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ