കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അയിഷ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തി പിടിക്കുന്നതാണ് ഹൈക്കോടതി വിധി.

എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അയിഷാ സുൽത്താന പറഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടിയുടെ നിരീക്ഷണവും അയിഷയ്ക്ക് അനുകൂലമാണ്. ഈ കേസിൽ രാജ്യദ്രോഹം നിലനിൽക്കില്ലെന്നും കോടതി വിശദീകരിക്കുന്നു.

വിധി മാത്രമേ താൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതൽ കാര്യം അറിയില്ലെന്നും അയിഷ പറഞ്ഞു. ലക്ഷദ്വീപ് പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാൽ പൊലീസുകാർ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്‌നം തരണം ചെയ്യാനാണ് താൻ ഇറങ്ങിയത്. ഞാനിപ്പോൾ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും അയിഷ സുൽത്താന പറഞ്ഞു.

അതിനിടെ അയിഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹം നിലനിൽക്കില്ല. ലക്ഷദ്വീപ് സർക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെയാണ് അയിഷാ സുൽത്താനയുടെ പ്രതികരണങ്ങൾ. അതിൽ രാജ്യദ്രോഹം നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നു. മുൻകൂർ ജാമ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയക്കാത്തതു കൊണ്ട് അതിലേക്ക് കടന്നതുമില്ല. ഇനി കേസ് റദ്ദാക്കാൻ അയിഷാ സുൽത്താനയ്ക്ക് മറ്റൊരു ഹർജി കൊടുക്കാം.

കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുൽത്താനയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതാണ് കോടതി അംഗീകരിക്കുന്നത്. തനിക്ക് നാക്കു പിഴ സംഭവിച്ചെന്നും അങ്ങനെയാണ് ജൈവായുധ പരമാർശം ഉണ്ടായതെന്നും അയിഷ വിശദീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഖേദ പ്രകടനവും നടത്തി. ഇതെല്ലാം ഹൈക്കോടി പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത്.

അയിഷാ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. മൂന്ന് ദിവസം കവരത്തിയിൽ ലക്ഷദ്വീപ് പൊലീസ് അയിഷയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട്, ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശം നടത്തിയതിനെ തുടർന്നാണ് അയിഷയ്‌ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ അയിഷ, ക്വാറന്റൈൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ആരോപണവും അയിഷ നിഷേധിക്കുകയാണ്.