ന്യൂഡൽഹി: അയോധ്യ തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് സുപ്രീംകോടതി. പ്രശ്‌നപരിഹാരത്തിനായി ആവശ്യമെങ്കിൽ മധ്യസ്ഥം വഹിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാർ വ്യക്തമാക്കി. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബഞ്ചിന്റെ സുപ്രധാന പരാമർശം ഉണ്ടായത്.

ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത ആർ.എസ്.എസും ഹിന്ദുമഹാസഭയും ചർച്ചകൾക്കുള്ള നടപടികൾ വേഗം തുടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോടതിക്ക് പുറത്തല്ല, കോടതിയിലൂടെ മാത്രമെ പ്രശ്‌നം തീർക്കാനാകു എന്ന നിലപാടാണ് മുസ്ലിം വ്യക്തി നിയമബോർഡ് അറിയിച്ചത്.

യോദ്ധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ വർഷങ്ങളായി സുപ്രീംകോടതിയിൽ കെട്ടികിടക്കുകയാണ്. അതിന് പിന്നാലെയാണ് രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി തേടി സുബ്രഹ്മണ്യൻ സ്വാമിയും കോടതിയിലെത്തിയത്.

തുടർച്ചയായ ദിവസങ്ങളിൽ വാദം കേട്ട് കേസ് വേഗം തീർപ്പാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നം കോടതിക്ക് പുറത്ത് തീർത്തുകൂടേ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാർ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ആവശ്യമെങ്കിൽ എല്ലാവർക്കുമിടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതൊരു വൈകാരിക വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അയോദ്ധ്യ പ്രശ്‌നത്തിൽ ആദ്യമായാണ് ഇത്തരമൊരു ആശയം സുപ്രീംകോടതി മുന്നോട്ടുവെക്കുന്നത്. ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

സുപ്രീംകോടതിയുടെ നിർദ്ദേശം യു.പിയിലെ ബിജെപി സർക്കാരിന് വെല്ലുവിളി തന്നെയാണ്. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത ആർ.എസ്.എസും ഹിന്ദുമഹാസഭും ചർച്ചകൾക്കുള്ള നടപടികൾ വേഗം തുടങ്ങണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കോടതിക്ക് പുറത്തല്ല, കോടതിയിലൂടെ മാത്രമെ പ്രശ്‌നം തീർക്കാനാകു എന്ന നിലപാടാണ് മുസ്‌ളീം വ്യക്തിനിയമബോർഡ് അറിയിച്ചത്.