അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ 'അമൃത യുവധർമ്മധാര' (അയുദ്ധ്) യും അമൃതവിശ്വവിദ്യാപീഠം സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസം നീളുന്ന നേതൃത്വ വികസന ക്യാമ്പ് അമൃതപുരിയിൽ ആരംഭിച്ചു.

'ഇന്നിലാണ് ഭാവി' എന്ന പ്രമേയവുമായി നടത്തുന്ന നേതൃത്വ വികസന ക്യാമ്പിന്റെ ഉത്ഘാടനം നേവിയുടെ ദക്ഷിണ മേഖലാ കമാന്റിങ് ചീഫും, ഫ്‌ളാഗ് ഓഫീസറുമായവൈസ് അഡ്‌മിറൽ അനിൽ കുമാർ ചൗള നിർവ്വഹിച്ചു.തുടർന്ന് അദ്ദേഹം നല്ല നേതൃഗുണങ്ങളെ സംബന്ധിച്ച തന്റെ വീക്ഷണങ്ങൾ സദസ്യരുമായി പങ്കു വെച്ചു. വ്യക്തിത്വഗുണങ്ങളിൽ ശുചിത്വാവബോധം പ്രധാനമാണെന്നും, ഭാരതത്തിന്റെ പൗരാണികമൂല്യങ്ങളുടെ നല്ല വശങ്ങൾ പിന്തുടരേണ്ടത് ഇന്നത്തെ തലമുറയുടെ കർത്തവ്യമാണെന്നും ലോകത്ത് യുവാക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്ത്യ ഇക്കാര്യങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാവണമെന്നും അദ്ദേഹം വ്യക്തമാക്കി. മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന്മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമൃതവിശ്വവിദ്യാപീഠം സർവകലാശാലാ പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. നേതൃത്വഗുണങ്ങളിൽ ഏറ്റവും പ്രധാനം വിവേകത്തിനാണെന്നും സാങ്കേതികവിദ്യകളുടെ അതിപ്രസരമുള്ള ഇക്കാലത്ത് നമ്മുടെ ആന്തരികമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് പരമപ്രധാനമാണെന്നും അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു.

ഭാവി തലമുറയ്ക്കായി മികച്ച നേതൃഗുണങ്ങളുള്ളവരും സമൂഹത്തെ നയിക്കാൻ കഴിവുള്ളവരുമായ നേതാക്കളെ വാർത്തെടുക്കാൻ ഉതകുന്ന രീതിയിലാണ് ക്യാമ്പ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ശില്പശാലകൾ, വിനോദ പരിപാടികൾ, ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, വ്യക്തിത്വവികാസ ക്ലാസുകൾ, പ്രഭാഷണങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ജീവിത വിജയത്തിനും ആശയവിനിമയത്തിനും ആവശ്യമായ കഴിവുകൾ, ടീം വർക്കിന്റെ അടിസ്ഥാനതത്വങ്ങൾ, യോഗ, ധ്യാനം എന്നിവയുടെ പ്രാധാന്യം തുടങ്ങിയവക്യാമ്പിന്റെ ഭാഗമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളുടെ അവതരണം, ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങളും പാരമ്പര്യവുംഉൾപ്പെടുത്തിക്കൊണ്ടുള്ള ബൗദ്ധിക ചർച്ചകൾ തുടങ്ങിയവയെല്ലാം ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെമ്പാടുനിന്നും എത്തിച്ചർന്ന ക്യാമ്പ് അംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി ദേവിയുടെ ദർശന സൗഭാഗ്യം ലഭിക്കുന്നതാണ്.നാവികസേനാ വൈസ്അഡ്‌മിറൽ അനിൽ കുമാർ ചൗളയെ കൂടാതെ പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവർണ്ണർ കിരൺ ബേദി, എഴുത്തുകാരനും, ടി വി പ്രൊഡ്യൂസറും സംവിധായകനുമ്മായ രാജീവ് മെഹ് റോത്ര, സായ് കൃഷ്ണ അസോസിയേറ്റ് പാർട്‌നറും എഞ്ചിനീയറുമായ സായ് ദീപക്, പ്രശസ്ത പിയാനിസ്റ്റും കമ്പോസറുമായ സ്റ്റീഫൻ ദേവസ്സി, ന്യൂയോർക്കിലെ പ്രശസ്ത സംഗീതജ്ഞനും നടനുമായ റോഹൻ കൈമൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾ നയിക്കുന്ന പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും സംവദിക്കാനും ക്യാമ്പ് അംഗങ്ങൾക്ക് അവസരം ലഭിക്കും.

സമാധാനം കുടികൊള്ളുന്ന സുസ്ഥിര ലോകത്തിനു വേണ്ടി സേവന മനോഭാവവും കാരുണ്യ ഹൃദയവുമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് അയുദ്ധ് ലക്ഷ്യമിടുന്നത്.