ന്യൂഡൽഹി: കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്... ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പരസ്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ഇതിൽ മിക്കതും തെറ്റിധരിപ്പിക്കുന്നതും.

ഔഷധങ്ങളുടെ പേരെടുത്തുപറഞ്ഞ് പരസ്യം പാടില്ല എന്ന നിയമത്തെ മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ രോഗികളിലും ഉപഭോക്താക്കളിലും ഉളവാക്കുന്ന മാനസിക പ്രലോഭനങ്ങൾ വളരെ വലുതാണ്. ശരീരത്തിലെ ഏതെങ്കിലും അവയവത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും, ബലം വർധിപ്പിക്കാനും, രോമ വളർച്ച ഉണ്ടാക്കാനും, അമിത രോമവളർച്ചയെ തടയാനും എന്നുവേണ്ട ശരീരത്തിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടോ അവയ്ക്ക് ഓരോന്നിനും ഓരോ തരം ഔഷധങ്ങളുടെ പേരെടുത്തു പറഞ്ഞ് പലതരം പരസ്യങ്ങൾ. ഇതിൽപ്പെട്ട് വലയുന്നവർ ഏറെയും.

അതുകൊണ്ട് തന്നെ തെറ്റിദ്ധരിപ്പിക്കൽ അവസാനിപ്പിക്കാൻ മോദി സർക്കാർ ഇടപെടുന്നു. ആയുർവേദമരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്ക് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം പരസ്യങ്ങൾ പരിശോധിക്കാൻ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിലുമായി കരാറുണ്ടാക്കിയെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെശ്ശോ നായിക് പറഞ്ഞു. ആയുർവേദ ഉൽപ്പനങ്ങളുടെ പേരിലാണ് വഞ്ചന കൂടുതൽ നടക്കുന്നത്. പല പ്രമുഖ ബ്രാൻഡും ആളുകളെ ആകർഷിക്കാൻ പലതും പരസ്യം നൽകുന്നു. ഇതിനാണ് തടയിടാൻ കേന്ദ്രം ഒരുങ്ങുന്നത്.

പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ആയുർവേദമരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വന്നാൽ അത് കേന്ദ്രത്തിന്റെയോ അതത് സംസ്ഥാനങ്ങളുടെയോ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ് കരാർ. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ലോക്സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആയുഷ് മിഷന് കീഴിലുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഫാർമസികളുടെയും മരുന്ന് പരിശോധനാ ലാബുകളുടെയും വികസനത്തിന് പ്രത്യേകശ്രദ്ധ നൽകും. പൊതുമേഖലയിൽ 27 മരുന്ന് പരിശോധനാ ലാബുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ ഔഷധങ്ങൾക്കു വലിയ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന മിഥ്യാധാരണയും, പരസ്യത്തിലൂടെ വഞ്ചിതരാകുന്നവർ തങ്ങൾക്കു പറ്റിയ അബദ്ധം മറ്റുള്ളവരോട് പറയാൻ തയാറാകാത്തതും ഈ രംഗത്ത് വ്യാജന്മാരുടെ തള്ളിക്കയറ്റത്തിന് കാരണമാകുന്നു. വർഷങ്ങളായി ഔഷധ നിർമ്മാണവും വിപണനവും നടത്തുന്ന പ്രമുഖ കന്പനികൾ ഒന്നും തന്നെ അവരുടെ ഔഷധങ്ങളെക്കുറിച്ചോ അവയുടെ ഗുണഗണങ്ങളെക്കുറിച്ചോ പൊതുജനത്തിനിടയിൽ സാധാരണയായി പരസ്യം ചെയ്യാറില്ല. എന്നാൽ പെട്ടന്ന് പൊട്ടിമുളച്ചവർ വലിയ ബ്രാൻഡുകളായി മാറുന്നത് പരസ്യത്തിലൂടെയാണ്. ഇത് മനസ്സിലാക്കിയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.