തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്കു ശേഷം ആയുർവേദത്തിന്റെ മറവിൽ നടത്തുന്ന തട്ടിപ്പുകൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ പത്ര-ദൃശ്യമാദ്ധ്യമങ്ങളും തട്ടിപ്പിന് കുടപിടിക്കുന്ന തരത്തിലാണ്, സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും മനസിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത്.

എയ്ഡ്‌സ് രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനും കണ്ടുപിടിച്ച മരുന്നുകൾ ശാശ്വതമായ എങ്ങനെ ഉപയോഗിക്കാമെന്നതടക്കമുള്ള വിഷയങ്ങളിൽ ഗവേഷണങ്ങൾ ലോകമെമ്പാടും നടക്കുമ്പോൾ, നമ്മുടെ സംസ്ഥാനത്ത് എയ്ഡ്‌സിനെതിരയുള്ള വ്യാജമരുന്ന് വിൽപന തകൃതിയായി നടക്കുകയാണ്. കാൽനൂറ്റാണ്ടിനു മുമ്പ് തന്നെ എയ്ഡ്‌സിനെതിരെയുള്ള മരുന്നെന്ന പേരിൽ വ്യാജമരുന്നു വിറ്റ് കോടികൾ നേടിയ ഫെയർഫാർമ എന്ന സ്ഥാപനം കാട്ടിയ വഴിയാണ് വർഷങ്ങൾക്ക് ശേഷം നാട്ടിലെ മുറിവൈദ്യന്മാർ പൊടിതട്ടിയെടുക്കുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖപത്രത്തിലെത്തിയ പരസ്യം ഇങ്ങനെ ' എച്ച്.ഐ.വി, ബ്ലഡ് കാൻസർ രോഗികൾക്ക് സന്തോഷവാർത്ത. രോഗികളിലെ സി.ഡി4 ഉം ( ശരീരത്തിലെ അണുബാധ തടയുന്ന കോശങ്ങൾ ) ഹീമോഗ്ലോബിനും ഉയർത്തി എ.ആർ.ടി മെഡിസിൻ ( എയ്ഡ്‌സ് രോഗികൾക്കുള്ള ആന്റി റിട്രോവൈറൽ തെറാപ്പി ) ഉപയോഗിക്കാതെ ആരോഗ്യത്തോടുകൂടി ജീവിക്കാൻ സഹായിക്കുന്ന അമൂല്യ ആയുർവേദ മരുന്നുകൾക്ക് ' കോഴിക്കോടുള്ള ഇസത്ത് ഹെർബൽ കൗൺസലിങ് സെന്റർ നൽകിയ പരസ്യമാണിത്. ചികിത്സയെ കുറിച്ചും മരുന്നിനെ കുറിച്ചുമുള്ള വിവരങ്ങൾക്ക് വിളിച്ചപ്പോൾ ലഭിക്കുന്ന മറുപടി ഇങ്ങനെ ;

ലേഖകൻ : ബ്ലഡ് കാൻസറിന്റെ ചികിത്സയെ കുറിച്ച് അറിയാനാണ് .
സ്റ്റാഫ് : ഒരു മാസത്തേക്കുള്ള മരുന്നിന് 10000 രൂപയാണ്, ആറുമാസം തുടർച്ചയായി കഴിക്കണം
ലേഖകൻ : ആയുർവേദ മരുന്നാണോ ?
സ്റ്റാഫ് : അതെ
ലേഖകൻ : മരുന്നിന്റെ പേരെന്താണ് ?
സ്റ്റാഫ് : അയ്യോ, മരുന്നിന്റെ പേരൊന്നും പറയാൻ കഴിയില്ല, അമൂല്യങ്ങളായ ആയുർവേദ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന മരുന്നാണ് .
ലേഖകൻ : ലേഹങ്ങളാണോ ? കഷായങ്ങളാണോ ?സ്റ്റാഫ് : രണ്ടും ഉണ്ട്
ലേഖകൻ : അസുഖം പൂർണമായും മാറും എന്നുറപ്പാണോ ?
സ്റ്റാഫ് : ഉറപ്പായും മാറും, പക്ഷെ ആയുർവേദമല്ലേ, ചിലപ്പോൾ വർഷങ്ങളെടുക്കും, മുടങ്ങാതെ കഴിക്കണം.
ലേഖകൻ : മരുന്നു വാങ്ങാൻ കോഴിക്കോട് വരണമോ ?
സ്റ്റാഫ് : വേണമെന്നില്ല, പണം അക്കൗണ്ടിൽ ഇട്ടാൽ മരുന്ന് പാഴ്‌സലായി വീട്ടിലെത്തും.

ഇങ്ങനെ തഴച്ചു വളരുകയാണ് തട്ടിപ്പിന്റെ ആയുർവേദം. ചികിത്സയുടെ വിവരങ്ങൾക്കായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ ഒരിക്കൽ പോലും രോഗിയുടെ വിവരങ്ങൾ അന്വേഷിച്ചിട്ടില്ല. രക്താബുർദത്തിനും എയ്ഡ്‌സ് രോഗികൾക്കും ചികിത്സ നിശ്ചയിക്കുമ്പോൾ രോഗിയുടെ നിലവിലെ ആരോഗ്യസ്ഥതി അനുസരിച്ചാണ് മരുന്നുകൾ നിശ്ചയിക്കുന്നത്. എന്നാൽ കൂണുകൾ പോലെ മുളച്ച് പൊങ്ങുന്ന ഇത്തരം സ്ഥാപനങ്ങൾ രോഗിയെ പോലും കാണാതെ പണത്തിനുവേണ്ടി വ്യാജമരുന്നുകൾ തോന്നിയതുപോലെ വിറ്റഴിക്കുകയാണ്.

രക്താബുർദ രോഗികളുടെ രോഗാവസ്ഥ അവസാനഘട്ടങ്ങളിലെത്തുമ്പോഴാണ് രോഗികളുടെ ബന്ധുക്കളെയും മറ്റും വിശ്വാസത്തിലെടുത്ത് ഇത്തരം മരുന്നുകൾ തട്ടിപ്പുകാർ അടിച്ചേൽപിക്കുന്നത്. രോഗബാധിതരായ അച്ഛനെയോ, അമ്മയോ, സഹോദരങ്ങളെയോ, മക്കളെയോ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന സാധാരണക്കാരുടെ ആഗ്രഹത്തെയാണ് പുതിയ ഭാവത്തിൽ എത്തിയിരിക്കുന്ന മുറിവൈദ്യന്മാർ വെട്ടിലാക്കുന്നത്. ആയുർവേദത്തിന്റെ പേരിൽ വ്യാജ മരുന്നുകൾ നൽകി എയ്ഡ്‌സ് രോഗം മാറി എന്ന് രോഗിയെ വിശ്വസിപ്പിക്കുന്നതിലൂടെ സമൂഹത്തോട് ഇവർ ചെയ്യുന്ന ക്രൂരത അചിന്തനീയമാണ്.

എയ്ഡ്‌സ് രോഗികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആന്റി റിട്രോവൈറൽ തെറാപ്പി പോലും ചെയ്യണ്ട എന്ന് രോഗികളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുന്ന ഇവർ രോഗികളെ കൊല്ലുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിക്കുന്ന കോശങ്ങളായ സി.ഡി4 വർധന ഇവരുടെ മരുന്നിലൂടെ സാധിക്കുമെന്ന വ്യാജപ്രചരണമാണ് കേരളത്തിലെ പ്രമുഖ പത്രങ്ങളിലൂടെ നൽകുന്നത്. സംസ്ഥാനവ്യാപകമായി ഏജൻസികളും സെയിൽസ്മാന്മാരും ഉള്ള ഇത്തരം സ്ഥാപനങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്നും മറ്റു പാലിയേറ്റിവ് കെയർ സെന്ററുകളിൽ നിന്നും രോഗികളുടെ വിലാസങ്ങൾ ശേഖരിച്ചാണ് വ്യാജമരുന്നുകൾ അടിച്ചേൽപിക്കുന്നത്.

എയ്ഡ്‌സ് രോഗം പൂർണമായി മാറ്റാൻ കഴിയുന്ന തരത്തിലുള്ള മരുന്നുകൾ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജപരസ്യങ്ങളിൽ വീണ് പണവും ആരോഗ്യവും നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം നാളുകൾ തോറും വർധിക്കുകയാണ്. കൂണുകൾ പോലെ മുളയ്ക്കുന്ന വ്യാജമരുന്നുകളെയും മുറിവൈദ്യന്മാരെയും കണ്ടില്ലെന്ന് നടിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇത്തരം തട്ടിപ്പുകൾക്ക് ഓശാന ചൊല്ലുകയാണ്.