തിരുവനന്തപുരം: അയപ്പ ജ്യോതിയുടെ പേരിൽ നിരവധി പ്രചരണങ്ങൾ നടക്കവെ. സംഘപരിവാർ നടത്തുന്ന ഒരു നുണ പ്രചരണം കൂടി സോഷ്യൽ മീഡിയയിൽ തകർന്നടിഞ്ഞു.ശബരിമല കർമസമിതിയും സംഘപരിവാറും മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ എക്‌സൈസ് കമ്മീഷണറും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം വ്യാപകമായിരുന്നു. ഇതാണ് ഇപ്പോൾ പൊളിഞ്ഞത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാജപ്രചരണം പൊളിച്ച് രംഗത്തെതിയത് കമ്മീഷണർ ഋഷിരാജ് സിങ് തന്നെയായിരുന്നു. ഇതോടെ വ്യാജ പ്രചരണത്തിനെതിരേ കേസെടുക്കാൻ ഋഷിരാജ് സിങ് തന്നെ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ അയ്യപ്പ കർമ്മ സമിതിയുടെയും ബിജെപി അടക്കമുള്ള മറ്റ് സംഘപരിവാർ സംഘടനകളുടെയും ആഭിമുഖ്യത്തിൽ അയ്യപ്പജ്യോതി നടത്തിയത്. സുരേഷ് ഗോപി എം പി, മുൻ ഡി ജി പി ടി പി സെൻ കുമാർ, പി എസ് സി മുൻ ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണൻ എന്നിവരടക്കം നിരവധി പേർ അയ്യപ്പജ്യോതി തെളിയിച്ചിരുന്നു.