ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിൽ അമേരിക്കയിലെ ആദ്യത്തെ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ, സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെയും, പന്തളം ഇടയാണ മനയ്ക്കൽ മനോജ് നമ്പൂതിരിയുടെയും, സതീശ് ശർമ്മയുടെയും നേതൃത്വത്തിൽ നടത്തി. ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെയും സംഘത്തിന്റെ പ്രത്യേക താൽപര്യ പ്രകാരം നടന്ന പ്രതിഷ്ഠാ കർമത്തിൽ നൂറു കണക്കിനു ഭക്തർ പങ്കെടുത്തു.

പി കെ രാധാകൃഷ്ണൻ പോർചെസ്റ്റർ , ഗണേശ് നായർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.ജി. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ താഴത്തേതിൽ, സന്തോഷ് നായർ, ശ്രീകാന്ത്, ഡോ. രാമൻ പ്രേമചന്ദ്രൻ, രാജൻ നായർ, വാസുദേവ് പുളിക്കൽ, സുരേന്ദ്രൻ നായർ തുടങ്ങിവർ താന്ത്രിക മുഖ്യനോടോപ്പം എത്തിയപ്പോൾ ഭദ്ര ദീപവും തലപ്പൊലിയുമയി ട്രസ്റ്റ് സെക്രട്ടറി ഡോ. പത്മജ പ്രേം, ലളിതാ രാധാകൃഷ്ണൻ, ഓമന വാസുദേവ്, തങ്കമണി പിള്ള , രുക്മണി നായർ , രമണി നായർ, സുവർണ്ണ നായർ, ശ്യാമളാ ചന്ദ്രൻ, ശൈലജ നായർ ,രാജി ജനാർദ്ദനൻ തുടങ്ങിവർ സ്വീകരണ ചടങ്ങിനു മോടി കൂട്ടി.

തുടർന്ന് വെസ്റ്റ്‌ചെസ്റ്റർ എച്ച്.കെ.എസിന്റെ ചേണ്ട മേളത്തോടെ വിഗ്രഹം ക്ഷേത്രത്തിനുള്ളിലേക്ക് ആനയിച്ചു. തുടർന്ന് ക്ഷേത്ര ശിൽപി സുധാകരൻ നായരിൽ നിന്നും ക്ഷേത്രയജമൻ ഗുരുസ്വാമി പാർത്ഥസാരഥി പിള്ള സ്വീകരിച്ച് ബിംബ പരിഗ്രഹക്രിയകളോടെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന് പ്രതിഷ്ഠാനന്തര ക്രിയകൾക്കായി സമർപ്പിച്ചു. ബിംബ പരിഗ്രഹ പൂജ, ജലാതി വാസം, നേത്രോ ലിഖനം, , ജിവകലശ പുജകൾ, അധി വാസപുജ, പീഠ പ്രതിഷ്ഠ, ബിംബപ്രതിഷ്ഠ, പഠിത്തര സമർപ്പണം എന്നി കർമ്മങ്ങൾ താന്ത്രിക വിധിപ്രകാരം നടന്നു. താന്ത്രികമുഖ്യന്മാർ അയ്യപ്പ പ്രതിഷ്ഠക്ക് ശേഷം ഗണപതി ഭഗവാന്റെയും ഹനുമാൻ സ്വാമിയുടെയും പ്രതിഷ്ഠ കർമ്മങ്ങൾ നടത്തി. വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ഭജനക്കൊപ്പം ഷിക്കാഗോ ശ്രുതിലയ സംഘത്തിന്റെയും, ന്യൂയോർക്ക് ആനന്ദ് സംഘത്തിന്റെയും ഭക്തി ഗാനമേള പരിപാടികൾക്ക് മിഴിവേകി . വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ മഹിളാ വിഭാഗം നടത്തിയ അന്നദാനം അയ്യപ്പഅന്നദാനമയി പ്രഖ്യാപിച്ചു. ദീപാരാധനയ്ക്ക് ശേഷം ഹരി വരാസനം പാടി നടയടച്ചു.