ഷിക്കാഗോ: കലിയുഗവരദനും സർവ്വാഭീഷ്ടപ്രദായകനും ആയ ശ്രീധർമശാസ്താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത് ഷിക്കാഗോയിലെ അയ്യപ്പഭക്തർക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻ വിളക്കു മഹോത്സവം ആഘോഷിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചരാനുഷ്ഠാനമാണ് അയ്യപ്പൻവിളക്ക്.  ഭക്തജനങ്ങൾ സ്വാമി മന്ത്രങ്ങൾ ഉരുവിട്ട് വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളിൽ ഒരുമിച്ചു കൂടി നടത്തുന്ന ഈ ചടങ്ങുകളിൽ ശബരീസന്നിധാനത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത ഭക്തജനങ്ങളും സ്വാമി ദർശനപുണ്യവും അനുഗ്രഹവും നേടുന്നു.

ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 6 ന് വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ൽ വച്ച് നടത്തുന്നു. രാവിലെ 9 മണിക്കു ആരംഭിച്ച് വൈകിട്ട് 8 മണിക്ക് പര്യവസാനിക്കുന്ന ചടങ്ങുകളിൽ അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം ചെണ്ട മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളും ഈ ആഘോഷ പരിപാടികളിൽ പങ്കുകൊണ്ട് അയ്യപ്പ സ്വാമികളുടെ അനുഗ്രഹങ്ങൾ നേടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.  കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക  www.swamiayyappa.org