- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമാണോ എന്ന് പത്ത് ദിവസത്തിനകം വ്യക്തമാകും; കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് വടകര എസ് പി; ദൃശ്യങ്ങൾ ചിത്രീകരിച്ചത് അസീസിന്റെ സഹോദരിയുടെ ഫോണിൽ; ദൃശ്യങ്ങളെ ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർ
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിൽ കഴിഞ്ഞ വർഷം മരണപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി കറ്റാറത്ത് അസീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. വിദ്യാർത്ഥിയെ സഹോദരൻ മർദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരണപ്പെട്ട അസീസിന്റെ സഹോദരിയുടെ ഫോണിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
അസീസ് മരിച്ച ദിവസം വീട്ടിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും വടകര എസ്പി എ. ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട അസീസിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് സഹോദരൻ അസീസിനെ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഇന്നലെ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ വീട്ടുകാരിൽ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ വീട്ടുകാർ ഇപ്പോഴും നേരത്തെ പറഞ്ഞ മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സഹോദരൻ സഫ്വാനെ നാട്ടിലെത്തിച്ചിട്ടുണ്ട്. സഫവാനാണ് അസീസിനെ മർദ്ദിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഫ്വാനെയും സഹോദരിയെയും ശാസ്ത്രീയമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
അതേസമയം അസീസിന്റെ മരണം കൊലപാതകമാണെന്ന് സൂചന നൽകുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ കണ്ടെത്താനോ കൂടുതൽ അന്വേഷണം നടത്താനോ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി.
48 സെക്കന്റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് പ്രചരിച്ചത്. കറ്റാരത്ത് അഷ്റഫിന്റെ മകൻ അസീസിനെ സഹോദരനായ സഫ്വാൻ കഴുത്തിൽ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് ദൃശ്യങ്ങളിൽ.
2020 മെയ് 17 നാണ് വിദ്യാർത്ഥിയായ അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഫ്വാൻ ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച് നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിയാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫോണിൽ നിന്ന് ഡിലിറ്റ് ചെയ്ത ദൃശ്യങ്ങൾ കണ്ടെത്താൻ അന്വേഷണസംഘം ശ്രമിച്ചില്ലെന്നാണ് പരാതി.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അസീസിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതിത്ത്തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.