- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേറ്റുകൾക്കെല്ലാം സംഘപരിവാർ പ്രേമം കലശലായി; അസീം പ്രേംജിയും ആർഎസ്എസ് യോഗത്തിൽ; നെറ്റിചുളിച്ച് വിമർശകർ
നാഗ്പൂർ: നരേന്ദ്ര മോദി സർക്കാർ കോർപറേറ്റുകളുടെ പിന്നാലെയാണെന്നും അവർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നുമുള്ള ആരോപണം തുടക്കം മുതലേയുണ്ട്. മോദിയുടെ വിദേശയാത്രകൾ പോലും അദാനിയെയും അംബാനിയെയും പോലുള്ള വ്യവസായ പ്രമുഖർക്ക് കരാറുകൾ സംഘടിപ്പിക്കാനുള്ള യാത്രകളാണെന്ന വിമർശനമുണ്ടായി. രാജ്യത്തെ ഐ.ടി പ്രമുഖനായ അസീം പ്രേംജിയാണ് ഏറ്റവുമൊടു

നാഗ്പൂർ: നരേന്ദ്ര മോദി സർക്കാർ കോർപറേറ്റുകളുടെ പിന്നാലെയാണെന്നും അവർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നുമുള്ള ആരോപണം തുടക്കം മുതലേയുണ്ട്. മോദിയുടെ വിദേശയാത്രകൾ പോലും അദാനിയെയും അംബാനിയെയും പോലുള്ള വ്യവസായ പ്രമുഖർക്ക് കരാറുകൾ സംഘടിപ്പിക്കാനുള്ള യാത്രകളാണെന്ന വിമർശനമുണ്ടായി.
രാജ്യത്തെ ഐ.ടി പ്രമുഖനായ അസീം പ്രേംജിയാണ് ഏറ്റവുമൊടുവിൽ ആർ.എസ്.എസ്. ലാവണത്തിലെത്തിയത്. ആർ.എസ്.എസ് സംഘടിപ്പിച്ച സന്നദ്ധ സംഘടനകളുടെ സമ്മേളനമായ രാഷ്ട്രീയ സേവ സംഗമത്തിൽ അസീം പ്രേംജി പങ്കെടുത്തത് പലരുടെയും നെറ്റി ചുളിപ്പിക്കുക തന്നെ ചെയ്തു. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ക്ഷണമനുസരിച്ചാണ് അസീം പ്രേംജി യോഗത്തിനെത്തിയത്. ഭാഗവതിനൊപ്പം അദ്ദേഹം വേദി പങ്കിടുകയും ചെയ്തു.
എന്നാൽ, ആർ.എസ്.എസ് യോഗത്തിൽ പങ്കെടുത്തതിനെ വിമർശനത്തോടെ കാണുന്നതിൽ അർഥമില്ലെന്ന് അസീം പ്രേംജി പറഞ്ഞു. യോഗത്തിൽ പങ്കെടുത്തുവെന്നതുകൊണ്ട് ആർഎസ്എസിന്റെ വിശ്വാസപ്രമാണങ്ങളെ അപ്പാടെ താൻ അംഗീകരിക്കുന്നുവെന്ന് കരുതേണ്ടെന്ന അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ താത്പര്യമുള്ള വ്യക്തിയല്ല താൻ. രാഷ്ട്രീയപ്രവർത്തനത്തെക്കാൾ രാജ്യത്തിന്റെ താത്പര്യങ്ങൾക്കാണ് വില കൽപിക്കുന്നതെന്നും അസീം പ്രേംജി പറഞ്ഞു.
ആർഎസ്എസിനോട് ആഭിമുഖ്യമുള്ള 500-ഓളം സംഘടനാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഒട്ടേറെ വൈജാത്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും അതംഗീകരിക്കാൻ നാം തയ്യാറാകണമെന്നും യോഗത്തിൽ പ്രസംഗിക്കവെ അസീം പ്രേംജി പറഞ്ഞു. വ്യത്യാസങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ പൊതുവായ അടിത്തറയിൽനിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. വ്യത്യാസങ്ങൾ മാത്രം കണ്ടെത്തുന്നവർ പിന്തിരിപ്പന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭാവി സമ്പന്നമാക്കാൻ വിദ്യാഭ്യാസത്തിൽ ഊന്നൽ കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങണം. ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

