ഹൈദരാബാദ്: 'നിങ്ങളെ ബലാത്സംഗം ചെയ്യും' എന്നു സൈനികർ അലറുന്നതു കേട്ടിട്ടുണ്ടോ? പാചകം ചെയ്തതിനു പൊലീസ് മർദിച്ചിട്ടുണ്ടോ? കുടിവെള്ളമില്ലാതെ 45 ഡിഗ്രി ചൂടിൽ ജീവിച്ചിട്ടുണ്ടോ? വിദ്യാർത്ഥിനിയും സാമൂഹ്യപ്രവർത്തകയുമായ ബി അരുന്ധതിയുടേതാണു ചോദ്യം. ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ബോധവാന്മാരാകാത്ത പ്രബുദ്ധ മലയാളികളുടെ നിസംഗതയിൽ അറപ്പു തോന്നുന്നുവെന്നും അരുന്ധതി ഫേസ്‌ബുക്കിൽ കുറിച്ചു.

വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ് ഹൈദരാബാദ് സർവകലാശാല. ജയിലിനു സമാനമായ അവസ്ഥയിൽ കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവും ഒന്നുമില്ലാതെ നരകിക്കുകയാണ്. ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് അനാഥരായ അവസ്ഥയിലാണ്. പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ 30 വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

'അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാർത്ഥികൾ എവിടെയെന്നറിയില്ല. ഈ ചൂടിൽ വെള്ളവും വൈദ്യുതിയും ഇല്ലാതെ എത്ര ദിവസം പിടിച്ചുനിൽക്കണമെന്നറിയില്ല. നൂറുകണക്കിന് പൊലീസുകാർക്കിടയിൽ ഈ കോൺസൻട്രേഷൻ ക്യാമ്പിൽ സമരം ചെയ്യുമ്പോഴും നിങ്ങൾ തുടരുന്ന നിസംഗത അറപ്പുണ്ടാക്കുന്നു' - അരുന്ധതി പറയുന്നു.

'സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്,

നിങ്ങൾ കണ്ടിട്ടുണ്ടോ വിദ്യാർത്ഥികളുടെ മുൻപിലിട്ട് അദ്ധ്യാപകരെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ?

കേട്ടിട്ടുണ്ടോ Rapid Action Force ''നിങ്ങളെ ഞങ്ങൾ റേപ്പ് ചെയ്യും '' എന്ന് പെൺകുട്ടികളോടലറുന്നത് ?

ജീവിച്ചിട്ടുണ്ടോ 45 ഡിഗ്രി ചൂടിൽ കുടിവെള്ളമില്ലാതെ ? ആലോചിച്ചിട്ടുണ്ടോ പാചകം ചെയ്‌തെന്ന കുറ്റത്തിന് പൊലീസുകാരാൽ മർദ്ദിക്കപ്പെട്ട് ICUവിലാകുന്നത് ?'- അരുന്ധതിയുടെ ചോദ്യം തുടരുന്നു.

'എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവർഫോട്ടോയാക്കിയ ആയിരങ്ങൾ ? എവിടെ കവലയൊന്നിന് ഓരോന്ന് വീതം രോഹിത് അനുസ്മരണങ്ങൾ സംഘടിപ്പിച്ചവർ ? ആ പ്രകടനങ്ങളിൽ അല്പമെങ്കിലും ആത്മാർഥതയുണ്ടായിരുന്നെങ്കിൽ രോഹിതിന് നീതി കിട്ടാൻ തുടരുന്ന ഈ സമരത്തെ നിങ്ങൾക്കിങ്ങനെ അവഗണിക്കാനാവുമായിരുന്നില്ല.

അറിയാമോ നിങ്ങളുടെ രോഗമെന്താണെന്ന് ? മൃതദേഹങ്ങളോടുള്ള ആസക്തി. നിറയെ കഥകൾ പറയാൻ കഴിയുന്ന മരണങ്ങൾക്കായി HCU വിലേക്ക് നോക്കിയിരിക്കുകയാണ് നിങ്ങൾ , പുതിയ അനുശോചന ആഘോഷങ്ങൾക്കായി. ശവംതീനികൾ...'- എന്നു പറഞ്ഞാണ് അരുന്ധതി ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്, നിങ്ങള് കണ്ടിട്ടുണ്ടോ വിദ്യാർത്ഥികളുടെ മുൻപിലിട്ട് അധ്യ...

Posted by Arundhathi B on Wednesday, 23 March 2016

Can't believe it !Can't take it ! Such insensitivity.While your fellow students and your professors are missing ,...

Posted by Arundhathi B on Thursday, 24 March 2016
  • നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ