- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കുത്തുപാളയെടുക്കുന്ന സ്ഥാപനത്തെ 1,450 കോടിയുടെ പ്രവർത്തന ലാഭത്തിൽ എത്തിച്ച ധിഷണ; പെണ്ണുപിടിയനും അഴിമതിക്കാരനുമാക്കി തകർക്കാനുള്ള ശ്രമം പൊളിച്ച ഐഎഎസ് ധീരത; ഇരട്ടച്ചങ്കന് ഈ സ്ഥലംമാറ്റം തീരാത്ത നാണക്കേട്; മാറ്റിയത് യൂണിയൻ രാജിനെ പൊളിച്ച കേരളത്തിന്റെ 'ടി എൻ ശേഷനെ'; കെ എസ് ഇ ബി ഹീറോ ബി അശോകിന്റെ കഥ
ചില മനുഷ്യർ വരുമ്പോൾ അക്ഷരാർഥത്തിൽ ചരിത്രം മാറും. നമ്മുടെ രാഷ്ട്രീയക്കാർക്കും നിയമം അനുസരിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിച്ചുകൊടുത്തത്, തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ ആയിരുന്നു. അതിനുമുമ്പ് ഇലക്ഷൻ കമ്മീഷണർ എന്ന ഒരു സാധനത്തെക്കുറിച്ചോ, അതിന് ഇത്രയേറെ അധികാരങ്ങൾ ഉണ്ടെന്നോ ആരും അറിഞ്ഞിട്ടില്ലായിരുന്നു. 90മുതൽ 96വരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നു ഈ പാലക്കാടൻ പട്ടർ, ചരിത്രത്തിൽ അറിയപ്പെടുന്നത്, ഇന്ത്യൻ രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിച്ച വ്യക്തി എന്ന നിലയിൽ കൂടിയാണ്. ശേഷനെ പേടിച്ച്, പൊതുസ്ഥലത്ത് എഴുതിയ ചുവരുകൾ മായ്ക്കുന്ന അവസ്ഥപോലും പലയിടുത്തുമുണ്ടായി. തെരഞ്ഞെടുപ്പ് ചെലവും കുത്തനെ കുറഞ്ഞു. സംഘടിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയും എന്ന ധാർഷ്ട്യത്തിനാണ് ശേഷൻ തടയിട്ടത്. ശേഷനും ശേഷം കാര്യങ്ങൾ പഴയതുപോലെ ആയി എന്നത് വേറെ കാര്യം. പക്ഷേ ഇങ്ങനെയും ചെയ്യാൻ കഴിയും എന്ന് കാണിച്ചു തരുന്നവരാണ് യഥാർഥ ഹീറോകൾ.
ടി എൻ ശേഷനെപ്പോലെ കേരളത്തിൽ മാറ്റം ഉണ്ടാക്കിയ ഒരു റിയൽ ഹീറോയാണ് ഇപ്പോൾ കെഎസ്ഇബി ചെയർമാൻ പദവിയിൽനിന്ന് കൃഷിവകുപ്പിലേക്ക് സ്ഥലം മാറ്റപ്പെടുന്ന, ഡോ ബി അശോക് എന്ന ഐഎഎസുകാരൻ. ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അവസാനവാക്കായ നമ്മുടെ സർവീസ് സംഘടനകളെയും ടേഡ്ര് യൂണിയൻ നേതാക്കളെയും, ഒരാൾ വിചാരിച്ചാൽ നന്നാക്കിയെടുക്കാമെന്ന്, അശോക് കാണിച്ചു തരുന്നു. ഒരു വർഷം തികച്ച് കെഎസ്ഇബിയിൽ ചെയർമാനായി ഇരിക്കാനുള്ള അവസരം അയാൾക്ക് സർക്കാർ നൽകിയില്ല. പക്ഷേ ആ ചുരുങ്ങിയ കാലയളവിനുള്ളിൽ അയാൾ ഈ പറയുന്ന ഇത്തിൾക്കണ്ണി നേതാക്കൾക്കും, ട്രേഡ് യൂണിയൻ കാരെയും വരച്ച വരയിൽ നിർത്തി. നന്നാവാത്തവർക്ക് എട്ടിന്റെ പണി കൊടുത്തു. കേരളത്തിലെ ഐഎഎസുകാർ രാഷ്ട്രീയ പാർട്ടികളുടെ വാൽ അല്ലെന്ന് തെളിയിച്ചു. കൃത്യമായ ആസൂത്രണവും പ്രെഫഷണലിസവും, ട്രേഡ് യൂണിയൻ ഗുണ്ടായിസവും ഇല്ലെങ്കിൽ ഏത് പൊതുമേഖലാ സ്ഥാപനത്തെയും നമുക്ക് ലാഭത്തിൽ ആക്കാൻ കഴിയും എന്ന കൃത്യമായ സൂചന നൽകിയാണ് ബി അശോക്, തല ഉയർത്തി കെഎസ്ഇബിയുടെ പടി ഇറങ്ങുന്നത്.
എന്നാൽ രണ്ടാം പിണറായി സർക്കാർ, കേരളത്തിലെ ജനങ്ങൾക്കു നൽകുന്ന സന്ദേശം എന്താണ്. ഞങ്ങൾ ഈ ഉദ്യോഗസ്ഥ- ട്രേഡ്യൂണിയൻ വൈതാളിക സംഘത്തിന് ഒപ്പമാണ്. ഇവിടെ ഒന്നും ശരിയാക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ( എൽഡിഎഫ് വരും എല്ലാം ശരിയാവും എന്നത് എത്ര അർഥവത്തായ മുദ്രാവാക്യമാണ്!) ഇരട്ടചങ്കൻ എന്ന് അറിയപ്പെടുന്ന പിണറായി മെറിറ്റ് എന്നതിന് യാതൊരു വിലയുമില്ലെന്ന മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. അശോക് പടിറയങ്ങുമ്പോൾ, കുനിയുന്ന തലകളിൽ ഒന്ന് പിണറായിയുടേത് കൂടിയാണ്.
ശിവാദാസമേനോന്റെ കാലത്തെ സ്വപ്നം
കഴിഞ്ഞ കുറേ വർഷങ്ങളായി കെഎസ്ഇബിയും കെഎസ്ആർടിസിക്ക് സമാനമായ അവസ്ഥയിൽ ആവുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. കാരണം കെഎസ്ഇബിയുടെ നഷ്ടം പെരുകി പതിനാലായിരം കോടിയിൽ എത്തിനിൽക്കുന്നു. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വർധനയിലൂടെ, ഇതിന്റെ ഭാരം താങ്ങേണ്ടിവരുന്നത്, സാധാരണക്കാരാണ്. കെഎസ്ആർടിസിയിൽ കാണുന്നതുപോലെ തന്നെയുള്ള അഴിമതി, ട്രേഡ്യൂണിയൻ ഗുണ്ടായിസം, അനാവശ്യമായ നിയമനങ്ങൾ എന്നിവയെല്ലാം അതിന്റെ എത്രയോ ഇരട്ടിയിൽ ഉള്ള സ്ഥാപനമാണ് കെഎസ്ഇബി.
കെഎസ്ആർടിസി പോലെയല്ല വൈദ്യുതി വകുപ്പ്. കെഎസ്ആർടിസി ഇല്ലെങ്കിൽ നമുക്ക് ഓപ്ഷനുകൾ ഉണ്ട്. സ്വകാര്യബസുകളും സ്വന്തം വാഹനങ്ങളുമൊക്കെയായി എങ്ങനെയെങ്കിലും അതിജീവിക്കാം. പക്ഷേ കെഎസ്ഇബി കേരളത്തിലെ വൈദ്യുതി വിതരണത്തിൽ കുത്തകയാണ്. അതുപൊളിഞ്ഞ് പാളീസായാൽ നിങ്ങൾക്ക് വേറെ ഓപ്ഷൻ ഇല്ല. വിദേശരാജ്യങ്ങളിലൊക്കെ അഞ്ചും ആറു കമ്പനികളാണ് ഊർജോത്പാദന- വിതരണ രംഗങ്ങളിൽ മത്സരിക്കുന്നത്. ആധുനിക കാലത്ത് പ്രാണവായുപോലെതന്നെയാണ് വൈദ്യുതിയും. ഏത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം.
കെഎസ്ഇബിയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു ടി ശിവദാസമേനോൻ ഇതിനായി നടത്തിയ ശ്രമങ്ങൾ വലിയ വാർത്തയായിരുന്നു. അതിനായി കാളീശ്വരൻ എന്ന കർക്കശക്കാരനും, മികച്ച ആസൂത്രകനുമായ ഉദ്യോഗസ്ഥനെയാണ് മോനോൻ വൈദ്യുതി ബോർഡിന്റെ തലപ്പത്ത് എത്തിച്ചത്. കാളീശ്വരൻ പണി തുടങ്ങിയ അപ്പോൾ തന്നെ അശോകിന് നേരിടേണ്ടി വന്ന അതേ രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായി. എന്നാൽ പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട എലിയെ പിടിച്ചാൽ മതി എന്ന ശിവദാസമേനോന്റെ വാക്കുകൾ മാധ്യമങ്ങളിൽ വാർത്തയായി.
ഒരിക്കൽ മലബാറിലെ ഒരു വ്യക്തിക്ക് വൈദ്യുതി കണക്ഷൻ കൊടുക്കാതിരുന്നത് വിളിച്ച് ചോദിച്ച കാളീശ്വരനോട്, സ്റ്റോക്ക് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സ്റ്റോക്കിന്റെ വിവരങ്ങൾ മനപാഠംപോലെ ചെയർമാൻ പറഞ്ഞതോടെ ഉദ്യോഗസ്ഥൻ മുട്ടമുടക്കി. ഈ രീതിയിൽ ശ്രദ്ധിക്കാൻ ആളില്ലെങ്കിൽ ആകെ കുത്തഴിഞ്ഞ് പോകുന്ന രീതിയിലാണ് കെഎസ്ഇബിയുടെ പ്രവർത്തനം.
അന്ന് ശിവദാസമേനോൻ മൂന്ന് കാര്യങ്ങളാണ് കാളീശ്വരനോട് പറഞ്ഞത്. ഒന്ന് വൈദ്യുതി ഉൽപ്പാദത്തിൽ കേരളത്തിന് സ്വയം പര്യാപ്തത ഉണ്ടാവണം. രണ്ട് കെഎസ്ഇബി ലാഭത്തിൽ ആവണം. മൂന്ന് അഴിമതിയും കെടുകാര്യസ്ഥയയും ഒഴിവാക്കി തീർത്തും പ്രൊഫഷണൽ ആയി ഈ സ്ഥാപനത്തെ ശുദ്ധീകരിക്കണം. ഈ മൂന്നിലേക്കും കാര്യമായ സംഭാവനകൾ ഈ ടീം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദം അവർക്കും വിനയായി. പിന്നെ ഭരണമാറ്റവും ഉണ്ടായി. അതിനുശേഷം പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കെഎസ്ഇപിയുടെ പ്രവർത്തനം അൽപ്പം മെച്ചപ്പെട്ടിരുന്നു. പക്ഷേ പിന്നീടിങ്ങോട്ട് നഷ്ടങ്ങൾ കൂടിക്കൂടി വന്നു. ആ ഒരു അവസ്ഥയിലാണ് ബി അശോക് കെഎസ്ഇബിയിൽ ചെയർമാൻ ആയി എത്തുന്നത്.
മികവിന്റെ അശോക കാലം
1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക്, ജല വകുപ്പ് സെക്രട്ടറി, വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ജലനിധി ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് ജല മാനേജ്മെന്റിലും റ്റിയൂറിനിൽ നിന്ന് രാഷ്ട്രമീമാംസയിലും ബിരുദങ്ങൾ നേടിയ അദ്ദേഹം എൻ എസ് പിള്ള വിരമിച്ച ഒഴിവിലാണ് കെഎ്സഇബി ചെയർമാനായി നിയമിതനായത്.
രണ്ടാം പിണറായി സർക്കാറിൽ തന്റെ വകുപ്പ് ഏറ്റവും നന്നായി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന മന്ത്രിയാണ് ജനതാദൾ നേതാവ് കൂടിയായ കെ കൃഷ്ണൺകുട്ടിയെന്ന വൈദ്യുത മന്ത്രി. ശിവദാസമേനോന്റെ കാലം തൊട്ടുള്ള നടപ്പകാത്ത ആ പദ്ധതി തന്നെയായിരുന്ന കൃഷ്ണൻ കുട്ടിയുടേതും. വൈദ്യുതി വകുപ്പിനെ ശുദ്ധീകരിക്കുക. അതിന് അദ്ദേഹത്തിന് കിട്ടിയ ഒന്നാന്തരം സബോർഡിനേറ്റ് ആയിരുന്നു, പ്രൊഫഷണലിസത്തിന്റെ അവസാനവാക്കും, കൃത്യമായി പഠിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന, ഇന്ന് നിലവിലുള്ള മലയാളി ഐഎഎസുകാരിൽ ഏറ്റവും മിടുക്കനെന്ന് പേരുകേട്ടതുമായ ബി അശോക്.
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ശമ്പള ഘടനയുള്ള ഒരു സ്ഥാപനമാണ് കെഎസ്ഇബി. ലക്ഷങ്ങൾ ശമ്പളം പറ്റി രാഷ്ട്രീയ തണലിൽ വെറുതെ ഇരുന്ന് ഉപജാപങ്ങൾ നെയ്യുന്ന കെഎസ്ഇബി അസോസിയേഷൻ നേതാക്കളും, യൂണിയൻ നേതാക്കളും തന്നെയാണ്, ഈ സ്ഥാപനത്തിലെ ഇത്തിൾക്കണികൾ എന്ന് അറിയാൻ അശോകിന് അധികം താമസം വന്നില്ല. അവരുമായി നിരന്തരം ഏറ്റുമുട്ടികൊണ്ടുതന്നെയാണ് കെഎസ്ഇബിയെ ഈ പ്രവർത്തനലാഭത്തിലേക്ക് കൊണ്ടുവന്നത്.
ഒരു വർഷത്തിനുള്ളിൽ 1450 കോടി രൂപയായിരുന്നു കെഎസ്ഇബിയുടെ പ്രവർത്തന ലാഭം. അൽപ്പം ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കിൽ ഏത് പൊതുമേഖലാ സ്ഥാപനത്തേയും ലാഭത്തിലാക്കമെന്നതിന്റെ തെളിവായിരുന്നു ഇത്. അതുപോലെ അധിക വൈദ്യുതി ഉൽപ്പാദനം നടത്തി കേരളത്തെ വൈദ്യൂതി സ്വയംപര്യാപ്തമാക്കാനും കൃഷ്ണൺകുട്ടി- അശോക് ടീം ആഞ്ഞു ശ്രമിച്ചു. പുതിയ സബ്സ്റ്റേഷനുകളും, മിനി ൈവദ്യുതി ഭവനുകളും തൊട്ട്, ഇടുക്കി ഗോൾഡൻ ജൂബിലി പ്രൊജക്റ്റ്, വൈദ്യുതി വാഹനങ്ങൾക്കുള്ള സർവീസ് സ്റ്റേഷൻ അങ്ങനെ പോകുന്ന ഈ ഒരുവർഷത്തിലുള്ള നടപ്പാക്കിയ കാര്യങ്ങൾ.
തെരുവ് വിളക്കുകൾ എൽഇഡിയാക്കി വൈദ്യുതി ലാഭിക്കുക എന്നതിനുള്ള നടപടികളും ഊർജിതമായ പുരോഗമിക്കുന്നു. 4ലക്ഷം പുതിയ സർവീസ് കണക്ഷൻ കൊടുത്തുകഴിഞ്ഞു. വെറും ഒരു വർഷം കൊണ്ട് ഒരാൾക്ക് ഇതിൽ കൂടുതൽ എന്തൊക്കെ ചെയ്യാൻ കഴിയും.
താപ്പാനകളെ തളക്കുന്നു
കെഎസ്ഇബിയിൽ അതുവരെ മന്ത്രിയും ചെയർമാനുമൊക്കെ നോക്കുകുത്തികൾ തന്നെ ആയിരുന്നു. എല്ലാകാര്യങ്ങളും ചെയ്തിരുന്നത്, സിപിഎം നിയന്ത്രണത്തിലുള്ള യൂണിയൻ നേതാക്കൾ ആയിരുന്നു. ശരിക്കും ഒരു യൂണിയൻ രാജ് തന്നെയാണ് കെഎസ്ഇബിയിൽ ഉണ്ടായിരുന്നത്. ട്രാൻസ്ഫർ ലിസ്റ്റ് ഉണ്ടാക്കുന്നതും, സാലറി റിവിഷൻ നടത്തുന്നതും തൊട്ട് കെഎസ്ഇബിയിലെ കരാറുകളെവരെ നിയന്ത്രിച്ചിരുന്നത് ഈ സിപിഎം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ ലോബി ആയിരുന്നു. കനത്ത ശമ്പളമുള്ള കെഎസ്ഇബിയിൽ ജീവനക്കാരിൽനിന്ന് പിരിക്കുന്ന പണം സിപിഎമ്മിന് സംഭാവന ചെയ്യുന്ന രീതിയുണ്ടെന്ന് മനോരമ വാർത്തയാക്കിയത് ഒരു വർഷം മുമ്പാണ്.
അതിന് കാര്യവും ഉണ്ട്. യൂണിയനുകളുടെ സമ്മർദം മൂലം ധനവകുപ്പ് അറിയാതെയാണ് 2006നും 11നും കെഎസ്ഇബിയിലെ ശമ്പള പരിഷ്‌ക്കണം നടക്കാറുള്ളത്. 44 ശതമാനമൊക്കെ വർധിപ്പിച്ച്, ലോകത്തിൽ എവിടെയും കേട്ടുകേൾവിയില്ലാത്ത ശമ്പള പരിഷ്‌ക്കരണമാണ് ഇവിടെ നടക്കാറ്. പത്താംക്ലാസ് പോലും പാസാവാതെ ലൈൻ മാൻ തസ്തികയിൽ വരുന്നവർക്ക് പോലും ഉണ്ട് തുടക്കത്തിൽ 35,000രൂപ ശമ്പളം. ഇവർ ഏതാനും വർഷം സർവീസ് ആകുന്നതോടെ പിന്നെ തന്റെ കീഴിൽ സ്വകാര്യ വ്യക്തികളെ വെച്ച് പണിയെടുപ്പിക്കുന്ന സംഭവവും ഉണ്ട്. ബിഎസ്സി നഴ്സിങ്ങ് പാസായി വരുന്ന, നഴ്സുമാർക്ക് പതിനായിരം രൂപപോലും കിട്ടാത്ത നാടാണിതെന്ന് ഓർക്കണം. അതുപോലെ കെഎസ്ഇബി ഓഫീസർമാരുടെ ശമ്പളം കേട്ടാലും ഞെട്ടിപ്പോകും. ഒന്നരലക്ഷം രണ്ടുലക്ഷവും മൂന്നുലക്ഷവുമൊക്കെ ശമ്പളം വാങ്ങുന്നവർ അനവധിയാണ്. എന്നിട്ടാണ് യാതൊരു പണിയും ചെയ്യാതെ കറങ്ങി നടക്കുന്നത്.
മുമ്പ് എംഎം മണിയുടെ ഭരിക്കുമ്പോൾ യൂണിയൻ നേതാവ് സുരേഷ് ഒക്കെ മന്ത്രിയുടെ വാഹനത്തിൽ ഭാര്യവീട്ടിലേക്ക് പോകുയാണ് ചെയ്തു കൊണ്ടിരുന്നത്. രാഷ്ട്രീയ പിൻബലത്തിന്റെ മറവിൽ ബോർഡ് അംഗങ്ങളെ 'എടാ പോടാ' എന്നൊക്കെയാണ് ഇവർ വിളിച്ചിരുന്നത്. ഇത്തരം താപ്പാനകളെ അശോക് ശരിക്കും പിടികൂടി. ഒരു പണിയും എടുക്കില്ല മറ്റുള്ളവരെ കൊണ്ട് പണിയെടുക്കാനും അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ ലൈൻ. സുരേഷകുമാർ കെഎസ്ഇബിയുടെ വാഹനത്തിൽ അനധികൃതമായി നടത്തിയ യാത്രകൾ ഒക്കെ അശോക് പിടികൂടി. അതിന്റെയൊക്കെ ചെലവായി ലക്ഷങ്ങൾ ഫൈൻ ഈടാക്കി. ഇത്തിൾകണ്ണികളായ നേതാക്കളെ സ്ഥലം മാറ്റി. ശരിക്കും കെഎസ്ഇബി പ്രൊഫഷണൽ ആയി പ്രവർത്തിക്കാൻ തുടങ്ങി. ഈ പ്രവർത്തനം ലാഭം അതിന്റെ കൂടി ഭാഗമായി വന്നതാണ്.
കെഎസ്ഇബി ടെൻഡറുറുകളിലെ അഴിമതിയും, ഉദ്യോഗസ്ഥ തലത്തിലെ ധൂർത്തും തീർത്തും ഇല്ലാതായി. കാട്ടിലെ തടി തേവരുടെ ആന എന്ന നിലയിലുള്ള അവസ്ഥ മാറി. ഒരു സീറ്റിൽ ഉദ്യോഗ്ഥൻ ഇല്ലെങ്കിൽ ചെയർമാന്റെ വിളി വരുമെന്ന് വന്നൂ. പക്ഷേ അതിന് അദ്ദേഹം വ്യക്തിപരമായി വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.
സ്ത്രീപീഡനം മുതൽ കുപ്രചാരണം
അശോകിനെ വ്യക്തിഹത്യചെയ്തും ഒറ്റപ്പെടുത്തിയും ഓടിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു, പിന്നീട്് യൂണിയനുകൾ നടത്തിയത്. വൈദ്യുതി ബോർഡ് ചേരുമ്പോൾ അതിക്രമിച്ച് കയറിയ ഘൊരാവോ നടത്തുക, ഓഫീസ് വളയുക, തുടങ്ങിയ കലാപരിപാടികളായി പിന്നീട്. ഇതൊന്നും ഏശുന്നില്ല എന്ന കണ്ടതോടെ പിന്നെ തറ നമ്പറുകളായി. കെഎസ്ഇബി ചെയർമാൻ സ്ത്രീപീഡകൻ ആണെന്നായി പ്രചാരണം. അങ്ങനെ ജീവിനക്കാർക്കിടയിൽ നോട്ടീസ് അടിച്ചിറക്കി. ചില വനിതാ ജീവനക്കാരെ അശോകിനെതിരെ മീ ടു പറയിപ്പിക്കാൻ ശട്ടം കെട്ടിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ലീവ് പറയാതെ, ജോലിക്ക് ഹാജരാവാതിരുന്ന ഒരു ഉദ്യോസ്ഥയോട് വിശദീകരണം ചോദിച്ചപ്പോൾ, സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയിലായി പ്രചാരണം. പക്ഷേ അശോകിനെ നന്നായി അറിയാവുന്ന മന്ത്രിയും, പൊതുസമൂഹവും, കെഎസ്ഇബിയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരും ഇത് വിശ്വസിച്ചില്ല.
നട്ടാൽ മുളക്കാത്ത നുണകളാണ് അശോകിനെ പുറത്താക്കാനായി, ഉദ്യോസ്ഥ- രാഷ്ട്രീയ ലോബി പടച്ചുവിട്ടത്. വയനാട്ടിൽ അദ്ദേഹത്തിന് റിസോർട്ടുണ്ടെന്നും ഇവിടേക്ക് വൈദ്യുതി എടുത്തത് വൈദ്യുതി ബോർഡിനെ തെറ്റിദ്ധരിപ്പിച്ചാണെന്നും പ്രചാരണം വനനു. എന്നാൽ ഇതിന് പിന്നിലെ കള്ളം വൈകാതെ പുറത്തുവന്നു. വയനാട്ടിൽ അശോക് ജോലി നോക്കിയിരുന്നു. അന്ന് വയനാടിനോടുള്ള താൽപ്പര്യം കാരണം വാങ്ങിയ ഭൂമിയിൽ വീടു വച്ചു. ഇത് വാടകയ്ക്കോ ഹോംസ്റ്റേയ്ക്കോ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത.ഈ വീട്ടിന് അടുത്ത് റിസോർട്ടുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇതിന് അശോകിന്റെ വീടുമായി യാതൊരു ബന്ധവുമില്ല. ഇതോടെയാണ് അശോകിനെ സസ്പെന്റ് ചെയ്യാനുള്ള വലിയ ഗൂഢാലോചന അന്ന് പൊളിഞ്ഞു.
സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി. ബോർഡിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ അച്ചടക്കം അനിവാര്യമെന്ന നിലപാടാണ് അശോക് സ്വീകരിച്ചത്. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല എന്ന് അദ്ദേഹം ക്യത്യമായി വ്യക്തമാക്കിയപ്പോൾ, ചരിത്രം മാറുകായിരുന്നു. യൂണിയനുകളുടെ ധാർഷ്ട്യവും, താൻപ്രമാണിത്വവും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം തുടക്കത്തിൽ തന്നെ നൽകി. ബോർഡ് ഓഫീസ് വളഞ്ഞാലും ബോർഡും ചെയർമാനും വളയില്ലെന്നും പരിഹസിച്ചു. '' എടാ പോടാ ഡയറക്ടറിനെ വിളിച്ചാൽ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കിൽ കയ്യോടെ മെമോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാൻ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ലെന്നും അശോക് പറഞ്ഞിരുന്നു.''- ഒരു വാരികക്ക് കൊടുത്ത അഭിമുഖത്തിൽ അശോക് പറഞ്ഞു.
കെഎസ്ഇബിയിലെ തൊഴിലന്തരീക്ഷം അശോക് മാറ്റി. ചെയർമാന്റെയും ബോർഡിന്റെയും മുന്നിൽ വന്ന എല്ലാ തൊഴിൽ പ്രശ്‌നങ്ങളും രമ്യമായി പരിഹരിച്ചു. ഏതെങ്കിലും സംഘടന നേതാക്കളുടെ ദൈനംദിന നിയന്ത്രണം ചെയർമാന്റെയോ ബോർഡിന്റെയോ പുറത്ത് തീരെ അനുവദിക്കില്ല എന്നു അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം
ജേക്കബ് തോമസിനെപ്പോലെ അഴിമതിക്കെതിരെ ഒറ്റയാൻ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ഡോ ബി അശോകും. എവിടെ ജോലിചെയ്തിട്ടുണ്ടോ, അവിടെയൊക്കെ അദ്ദേഹം അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതിനാൽ അടിക്കടി സ്ഥലംമാറ്റങ്ങളും നേരിട്ടു.
അശോക് ഊർജ, ജലവിഭവ വകുപ്പിലായിരുന്നപ്പോൾ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് വൻ വിവാദമായി. കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചർച്ചയായിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങൾ എടുത്തിരുന്നു. അതിന് പിന്നാലെയാണ് ആതിരപ്പിള്ളി വാർത്ത വന്നത്.അതിരപ്പള്ളിക്ക് സംസ്ഥാന സർക്കാൻ എൻഒസി നൽകിയെന്ന വാർത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവർത്തകരും കേട്ടത്.
മുന്നണിയിൽ ചർച്ച ചെയ്യാതെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സർക്കാർ വെട്ടിലായി. ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് എൻഒസി നൽകിയത്. ഇതിന് പിന്നാലെ ഈ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന വാർത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയൽ നൽകിയത് ഊർജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി. ഇതോടെയാണ് അശോക് അവിടെ നിന്ന സ്ഥലം മാറ്റപെ്ടപുന്നത്.
ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തിൽ അല്ലായിരുന്നു. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി ടോം ജോസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചർച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിമയിക്കാനുള്ള ഫയലിൽ അശോക് ഒപ്പിട്ടാൻ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാൽ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്ക്കൊതുക്കാൻ കാരണമായി.
ഇതോടെ അശോകിനെ സപ്ലൈകോയിലേക്കു മാറ്റി. പ്രതിഷേധ സൂചകമായി അദ്ദേഹം നീണ്ട അവധിയെടുത്തു. അതോടെ റോഡ് സേഫ്റ്റി കമ്മിഷണർ ആയി നിയമിച്ചു. ഇതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന കിട്ടിയിരുന്നു. ഓണത്തിന് മുമ്പാണ് സ്‌പ്ലൈകോയിലേക്ക് അശോകനെ സ്ഥലം മാറ്റിയത്. എന്നാൽ കിറ്റ് വിതരണത്തിൽ ബലിയാടാകുമെന്ന ആശങ്ക കാരണം ലീവെടുത്ത് മാറി നിൽക്കാൻ അശോക് തീരുമാനിച്ചു. അഴിമതിക്കാരനായി അശോകനെ ചാപ്പകുത്താനുള്ള തന്ത്രമായിരുന്നു സ്‌പ്ലൈകോയിലേക്കുള്ള മാറ്റം. ഇതിനെ സമർത്ഥമായി അശോക് പ്രതിരോധിച്ചു.
ഓണക്കിറ്റിൽ പപ്പടവും ശർക്കരയും നിലവാരമില്ലാത്തതായി. തൂക്കകുറവും ചർച്ചയായി. ഇത് വലിയ വിവാദമായി. അതുകൊണ്ട് സ്‌പ്ലൈകോ എംഡിയായി വീണ്ടും അശോക് എത്തിയാൽ ഈ ഫയലുകളെല്ലാം പരിശോധിക്കും. അതുകൊണ്ട് അശോകനെ സപ്ലൈകോയിൽ വീണ്ടുമെത്തിക്കാത്തെ റോഡ് സേഫ്റ്റി കമ്മീഷണറാക്കുകയായിരുന്നു.ഈ പദവിയിലും അശോക് ഒരുപാട് കാര്യങ്ങൾ ചെയ്തു. അങ്ങനെ ഒരുപാട് കറങ്ങിത്തിരഞ്ഞാണ് അദ്ദേഹം കെഎസ്ഇബിയിൽ എത്തിയത്. ഇപ്പോൾ അവിടുന്ന് കൃഷി വകുപ്പിലേക്കും.സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തവർക്കെല്ലാം ഇതു തന്നെയാണ് അവസ്ഥ.
പിണറായിക്ക് തീരാത്ത നാണക്കേട്
കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. ബി അശോകിനെ മാറ്റണമെന്ന നിലപാടിലേക്ക് യൂണിയനുകൾ എത്തിയിട്ട് നാളേറെയായി. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മികച്ച ഉദ്യോഗസ്ഥനെ മാറ്റുന്നതിന് എതിരായിരുന്നു. വൈദ്യതി മന്ത്രി കൃഷ്ണൻ കുട്ടിയുടെ പുർണ്ണ പിന്തുണയും അശോകിന് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം എം മണി അടക്കമുള്ളവരുടെ സമ്മർദമാണ് ഈ നടപടിക്ക് പിന്നിൽ എന്നാണ് അറിയുന്നത്.
മുൻ സർക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയർമാന്റെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിലും യഥാർഥത്തിൽ ചർച്ചയായത് മന്ത്രി എം എം മണിയുടെ കാര്യക്ഷമത ഇല്ലായ്മയാണ്. മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ ഭൂമി പതിച്ചുകൊടുക്കാൻ ശ്രമം നടന്നുവെന്നായിരുന്നു അശോകിന്റെ ആരോപണം. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടുനൽകി.
നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് കൊടുത്തുവെന്നും അശോക് ആരോപിച്ചിരുന്നു. സിപിഎം സംഘടനകൾക്ക് കെഎസ്ഇബി ഭൂമി പതിച്ചു കൊടുത്തുവെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു. എന്നാൽ, തന്റെ കാലത്തെ ഭരണനടപടികൾക്കെതിരെ വിമർശനം ഉന്നയിച്ച അശോകിനെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു മണിയാശാന്റെ വാദം. ഇതിനൊപ്പം യൂണിയനുകളെ സമ്മർദവും ശക്തമായപ്പോൾ ഒരു നല്ല ഉദ്യോഗസ്ഥൻ തെറിച്ചു.
അശോകിനെകുറിച്ച് ഒരു പരാതിയുമില്ലെന്നും, ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനാണെന്നുമാണ്, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, ഇപ്പോഴും ആവർത്തിക്കുകയാണ്. ഒരു മുന്നണി സംവിധാനത്തിൽ ഘടകകക്ഷി മന്ത്രിയുടെ നിസ്സഹായാവസ്ഥ വ്യക്തമാണ്. പക്ഷേ ഇത് പൊതുസമൂഹത്തിലേക്ക് നൽകുന്ന ചിത്രമെന്താണ്. എത്ര കാര്യക്ഷമമായി പ്രവർത്തിച്ചാലും, മികച്ച ആസൂത്രണത്തിലൂടെ ലാഭം ഉണ്ടാക്കിയാലും, ഒരു കാര്യവുമില്ല. മെറിറ്റ് ഒരു മിഥ്യയാണ്. ഞങ്ങൾ പാർട്ടിക്കാരും, യൂണിയൻകാരും പറയുന്നത് കേട്ട് ജീവിക്കുക. ഞങ്ങൾ ആവശ്യത്തിന് കൊള്ളയടിക്കും, കട്ടുമുടിക്കും. ആരും ചോദിക്കരുത്. ഇരട്ടച്ചങ്കൻ എന്ന് പറയുന്ന പിണറായി വിജയന് ശരിക്കും നാണക്കേടാണ് ഈ സ്ഥലം മാറ്റം. കേരളം എന്തുകൊണ്ട് പിന്നോട്ടടിക്കുന്നുവെന്നതിന്റെ ജീവിക്കുന്ന തെളിവുകൾ ആണിത്.
'' ഞാൻ മന്ത്രിസഭയുടെ തീരുമാനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനായ ഒരു ഉദ്യോഗ്സഥനാണ്. ആ തീരുമാനം അനുസരിക്കുന്നു. എനിക്ക് ഇവിടെ നിന്ന് ഒരു ചോറ്റുപാത്രം മാത്രമേ എടുക്കാനുള്ളൂ. ഉത്തരവ് കിട്ടയാൽ ഉടൻ അത് എടുക്കും. പുറത്തിറങ്ങും.''- കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ ബി അശോക് തന്റെ പ്രതികരണം ഇങ്ങനെ ഒതുക്കുന്നു. ഒരു ചോറ്റുപാത്രം മാത്രം എടുത്ത് ഡോ ബി അശോക് കെഎസ്ഇബിയുടെ പടികൾ ഇറങ്ങുമ്പോൾ, കേരളം മനസ്സിൽ അയാൾ ഹീറോ ആവുകയാണ്. കേരള സർക്കാർ സീറോയും!
വാൽക്കഷ്ണം: വൈദ്യൂതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്. അവിടെ ആദ്യത്തെ 200 യൂണിറ്റ് സൗജന്യമാണ്. ഏഴു വർഷമായി ഇലട്രിസ്റ്റി ചാർജ് കൂട്ടിയിട്ടില്ല. ഇപ്പോൾ ആം ആദ്മി അധികാരത്തിൽ കയറിയ പഞ്ചാബിൽ ആദ്യത്തെ 300 യൂണിറ്റ് സൗജന്യമാണ്. ഇവിടുത്തെ ഇടതുപക്ഷസർക്കാറിന് വൈദ്യുതി നിരക്ക് കൂട്ടാനല്ലാതെ എന്തിനാണ് കഴിയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ