തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ മറുപടി നൽകിയതിന് പിന്നാലെ ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനും. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കേസിൽ എ വിജയരാഘവനെ ചോദ്യം ചെയ്യണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വിജയരാഘവന്റെ ഫോൺ പരിശോധിച്ചാൽ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതൽ വിവരം കിട്ടുമെന്നും മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളിൽ പലരും പ്രവർത്തിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊടകര കുഴൽപ്പണ സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി വിജയ രാഘവനെ പൊലീസ് ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചാൽ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതൽ വിവരം കിട്ടും. സിപിഎം തിരക്കഥ അനുസരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുഴൽപ്പണക്കേസ് കുഴലൂത്താക്കി ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പൊലീസ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാൽ നന്ന്.

പൊലീസ് സിആർപിസി പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്, എന്നാൽ ഇന്ന് സിപിസി (കമ്മൂണിസ്റ്റ് പ്രൊസീജർ കോഡ്) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പിണറായിയുടെ പോക്കറ്റ് ബേബികളാണ് പുതിയ അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ ബിജെപിയുടെ പത്തു കോടി കുഴൽപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്തതതെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെയാണ് പൊലീസ് ചോദ്യം ചെയ്യേണ്ടിയിരുന്നത്. കുഴൽപ്പണ കവർച്ചക്കേസിലെ പ്രതികളും വിജയരാഘവനും തമ്മിൽ പല ബന്ധങ്ങളുമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളിൽ പലരും പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രതികളെ രക്ഷിക്കാനാണ് വിജയരാഘവൻ ആദ്യം പ്രസ്താവന നടത്തിയത്.

അന്വേഷണം സത്യസന്ധമാണങ്കിൽ ആദ്യം വിജയരാഘവനെയാണ് ചോദ്യം ചെയ്യേണ്ടത്. അതല്ല, വിജയ രാഘവൻ വിടുവായിത്തം പറഞ്ഞതാണങ്കിൽ തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കണം. അതാണ് രാഷ്ട്രീയ മര്യാദ. പൊലീസ് മണം പിടിച്ച് അന്വേഷിക്കരുത്, മണം പിടിച്ച് അന്വേഷിക്കുന്നത് പൊലീസ് നായ്ക്കളാണ്, അന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം. പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാൽ മര്യാദയും തിരിച്ചാണെങ്കിൽ മര്യാദകേടും ഉണ്ടാകും എന്ന് മനസ്സിലാക്കണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴൽപ്പണം ബിജെപിയുടേതാണന്ന് പൊലീസ് കോടതിയിൽ പറഞ്ഞത്? ബിജെപിയുടേതാണന്ന് ആരും അവകാശപ്പെട്ടിട്ടില്ലന്ന് മാത്രല്ല പൊലീസിന്റെ കയ്യിൽ യാതൊരു തെളിവും ഇല്ല. എന്നിട്ടും ബിജെപിക്ക് അപകീർത്തി ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നത് സിപിഎമ്മിന്റെ കുഴലൂത്ത് പ്രകാരമാണ്.

പൊലീസിന്റെ മൊഴി സിആർപിസി പ്രകാരം തെളിവല്ല, അതുകൊണ്ടാണ് കമ്മൂണിസ്റ്റ് പ്രൊസീജർ കോഡ് സിപിസി പ്രകാരമാണ് ഇന്ന് പൊലീസ് അന്വേഷണം നടത്തുന്നത് എന്ന് സംശയിക്കേണ്ടി വരുന്നത്. ഇത് അപകടകരമാണ്, കേരളം സെൽ ഭരണത്തിലേക്ക് നീങ്ങുന്നുവൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബിജെപിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് ഞങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുത്. കുഴൽപ്പണ കേസ്സ് പിണറായിയുടെ കുഴലൂത്തു കേസ്സാക്കി മാറ്റി ബിജെപി യുടെ നെഞ്ചത്ത് കേറാമെന്ന് പൊലീസ് കരുതിയാൽ അതിശക്തമായി തന്നെ പ്രതികരിക്കും. ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ്. അതൊരു ദൗർബ്ബല്യമായി കാണരുത്. ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുകയൊ ഫോൺ പരിശോധിക്കുകയൊ ചെയ്ത് ബാക്കി കുഴൽപ്പണം പണം എവിടെ ഉണ്ടെന്ന് കണ്ടെത്തൂ, എന്നിട്ട് ആകാം ബിജെപിയുടെ നെഞ്ചത്ത് കയറ്റം.

ഭീഷണി ഗൗരവമായി കാണണമെന്ന് എ വിജയരാഘവൻ

മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങൾ നടത്താനുള്ള ആഹ്വാനമാണെന്നും അതിനെ ഗൗരവപൂർവ്വം കണക്കിലെടുക്കണമെന്നും എ വിജയരാഘവൻ. കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

എ വിജയരാഘവൻ പറയുന്നു: 'ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണക്കേസ് അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങൾ നടത്താനുള്ള ആഹ്വാനമാണ്. ഇത് ഗൗരവപൂർവ്വം കണക്കിലെടുക്കണം. സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. കുഴൽപ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. ബിജെപിയുടെ അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളഭരണം അട്ടിമറിക്കാൻ ബിജെപി നടത്തിയ ശ്രമം കേരളജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ നിരാകരിച്ചതാണ്.''

'ചാനൽ ചർച്ചകളിൽ അഭിപ്രായം പറയുന്നവർക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസിൽ കുടുക്കുമെന്നുമാണ് എ എൻ രാധാകൃഷ്ണന്റെ ഭീഷണി. കുഴൽപ്പണകടത്ത് പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ വിരട്ടി നിയമം കൈയിലെടുക്കാനാണ് കെ സുരേന്ദ്രന്റെ ശ്രമം. നിയമവാഴ്ചയും സ്വൈര്യജീവിതവും തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുക തന്നെ വേണം. ഭീഷണിയും വെല്ലുവിളിയും കേരളത്തിൽ വിലപ്പോകില്ലെന്ന് ബിജെപി നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തിൽതന്നെ ചെറുത്ത് തോൽപ്പിച്ചതാണ് കേരളത്തിലെ പാർട്ടിയുടെ ചരിത്രം. മുമ്പ് പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടിൽതന്നെയാണ് കിടന്നുറങ്ങിയത്. ബിജെപിക്കാരുടെ വിരട്ടലിന് മുമ്പിൽ മുട്ടുമടക്കിപോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം. ഇതിനെക്കാൾ വലിയ വെല്ലുവിളികളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കളും കേരളത്തിൽ മുന്നേറിയത്. ബിജെപി നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോൾ അവരുടെ ക്രിമിനൽ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണ്.''

'കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കിൽ അത് നടക്കില്ല. ഇല്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലിൽപോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടൽ കേരളത്തിൽ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം. കുഴൽപ്പണം ഇറക്കിയത് കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് കെ സുരേന്ദ്രനും രാധാകൃഷ്ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണം കവർച്ച ചെയ്തുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണ ഇടപാട് പുറത്തുവന്നത്. നിയമവാഴ്ചയുടെ ശരിയായ നിർവ്വഹണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും പ്രതിരോധം ഉയർന്നുവരണം.'