തിരുവനന്തപുരം: മത്സരിക്കുന്നെങ്കിൽ എറണാകുളം ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടാകുമെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഒ ഉദ്യോഗാർത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനലൂരിൽ മത്സരിക്കാൻ തന്നോട് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, എറണാകുളത്ത് താമസിക്കുന്ന താൻ പുനലൂരിൽ പ്രവർത്തനം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിപിഐയിലെ മുതിർന്ന നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെമാൽ പാഷയുടെ പ്രതികരണം: "സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കോൺഗ്രസുകാർ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുമ്പ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ഇടപെട്ടിട്ടുണ്ട്. എന്നാൽ സ്വർണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാൻ പറ്റിയ വഴി കോൺഗ്രസാണ്. ഇടതുമുന്നണി മോശമൊന്നുമല്ല. സിപിഐയിലെ പലരുമായി അടുത്ത ബന്ധമുണ്ട്. അവർ എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉൾപ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാൽ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല. സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുകയാണ്. വർഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്."

തന്നോട് യുഡിഎഫ് മത്സരിക്കാൻ ആവശ്യപ്പെട്ടത് പുനലൂർ മണ്ഡലത്തിലാണ്. എന്നാൽ എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരിൽ പ്രവർത്തനം നടത്തുന്നത് സാധ്യമല്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാൽ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോൺഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫിന് എന്നെ വേണമെങ്കിൽ മത്സരിപ്പിച്ചാൽ മതിയെന്നും കെമാൽ പാഷ പറഞ്ഞു. കെമാൽ പാഷ പുനലൂരിൽ നിന്നും ജനവിധി തേടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതാണെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. മത്സരിക്കാനുള്ള താൽപര്യം കെമാൽ പാഷ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് തന്റെ ആവശ്യമല്ല, മറിച്ച് ജനങ്ങളുടെ ആവശ്യമാണെന്നാണായിരുന്നു കെമാൽ പാഷ പറഞ്ഞത്.