ചെന്നൈ:സദാചാര പൊലീസിങ്ങും, നാണം കെടുത്തലും പതിവാക്കിയിരിക്കുകയാണ് സിനിമയിലെ പാരമ്പര്യവാദികൾ. അമല പോളാണ് ഇത്തവണത്തെ ഇര. ദേശീയ പുരസ്‌കാര ജേതാവായ എഡിറ്റർ ബി.ലെനിനാണ് അമലയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദചിത്രം പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടിയിലാണ് ലെനിൻ അമലയുടെ ഒരു പരാമർശത്തിനെതിരെ ആഞ്ഞടിച്ചത്.വീഡിയോ യൂടൂബിലൂടെ കാറ്റ് പോലെ പ്രചരിക്കുന്നു.

തിരുട്ടു പയലേ 2 എന്ന ചലച്ചിത്രത്തിന്റെ സെക്‌സിയായ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സദാചാരവാദികൾ രംഗത്തെത്തുകയും ചെയ്തു.പ്രതിഷേധ പരിപാടിക്കിടെ വിഷയത്തിൽ നിന്ന് വ്യതിചലിച്ചാണ് ലെനിൻ ഒരു ഓൺലൈൻ പോർട്ടലിന്റെ ക്ലിപ്പ് കാട്ടി അനടീനടന്മാർക്ക് അമിത പ്രാധാന്യം നൽകുന്നതിനെ വിമർശിച്ചത്.തിരുട്ടുപയലേ 2 വിലെ പോസ്റ്ററിലെ പോസ്റ്ററിൽ തന്റെ പൊക്കിൾ കാട്ടിയത് ഈ ആധുനികകാലത്ത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. ഈ പരാമർശത്തെയാണ് ലെനിൻ വിമർശിച്ചത്. 'അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം.'

തനിക്കൊപ്പമുള്ള പ്രണയരംഗങ്ങളിൽ നായകൻ ബോബി സിംഹയ്ക്ക് പരിഭ്രമമുണ്ടായിരുന്നുവെന്നും താൻ മുൻകൈയെടുത്തോടെ അതിന് പരിഹാരമായെന്നും അമല പറഞ്ഞിരുന്നു. മേൽക്കൈ എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണ്, ആരാണ് മുകളിൽ എന്നാണ് ലെനിൻ ചോദിച്ചത്. പത്മാവതിയിലെ നായിക ദീപിക പദുക്കോണിനെയും ലെനിൻ വിമർശിച്ചു. ദീപികയുടെ അച്ഛൻ പ്രകാശ് പദുക്കോൺ തന്നെ അവളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടതാണെന്നും ലെനിൻ പറഞ്ഞു. പതിവുപോലെ സദസിൽ നിന്ന് പുരുഷന്മാരുടെ അടക്കിപിടിച്ച ചിരി കേൾക്കാമായിരുന്നു.