- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര അനുമതിയില്ലാതെ ഒരു വർഷം വരെ താൽകാലിക തസ്തിക സൃഷ്ടിക്കാം; ഇതിന് വേണ്ടത് അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരം മാത്രം; ബി സന്ധ്യയെ ഡിജിപി കേഡറിൽ എത്തിക്കാൻ നിർദ്ദേശവുമായി പൊലീസ് മേധാവി; പൊലീസിലെ സിനിയോറിട്ടി അട്ടിമറിയിൽ പരിഹാര നിർദ്ദേശം എത്തുമ്പോൾ
തിരുവനന്തപുരം: പൊലീസ് മേധാവിയാകുമെന്ന് മലയാളി പ്രതീക്ഷിച്ച ബി സന്ധ്യക്ക് ഇടതു സർക്കാർ നിഷേധിച്ചത് അർഹിച്ച പ്രെമോഷനായിരുന്നു. ഇപ്പോഴിതാ ഇത് പൊലീസ് മേധാവി അനിൽ കാന്തും തിരിച്ചറിയുന്നു. സന്ധ്യയോട് കാട്ടിയ അനീതി വിശദമായി മറുനാടൻ വാർത്തയാക്കിയിരുന്നു. ബി സന്ധ്യയും സർക്കാരിന് ഇതു സംബന്ധിച്ച് കത്ത് നൽകി. ഇന്നലെ പൊലീസ് മേധാവിയെ സന്ധ്യ സന്ദർശിച്ചിരുന്നു.
സന്ധ്യയ്ക്കു ഡിജിപി പദവി നൽകാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനോടു ശുപാർശ ചെയ്തു കഴിഞ്ഞു.. അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുൻതൂക്കം 1 മാസം നഷ്ടമായി. ഈ സാഹചര്യത്തിലാണ് അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്.
താൽക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണു നിർദ്ദേശം. കേന്ദ്ര അനുമതിയില്ലാതെ 1 വർഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഇത് അക്കൗണ്ടന്റ് ജനറൽ കൂടി അംഗീകരിക്കണം. ഇതാണ് അനിൽ കാന്ത് മുമ്പോട്ടു വയ്ക്കുന്ന നിർദ്ദേശം. അംഗീകരിക്കപ്പെട്ടാൽ സന്ധ്യയും അനിൽകാന്തിനെ പോലെ ഡിജിപിയാകും. അല്ലെങ്കിൽ ഋഷിരാജ് സിങ് വിരമിക്കും വരെ കാത്തിരിക്കേണ്ടി വരും.
നാല് ഡിജിപിമാരെയാണ് കേരളാ കേഡറിൽ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നത്. സീനിയോറിട്ടി പ്രകാരം ജൂലൈ ഒന്നിന് ഈ റാങ്ക് കിട്ടേണ്ട ഉദ്യോഗസ്ഥയായിരുന്നു സന്ധ്യ. എന്നാൽ എഡിജിപി റാങ്കിലെ അനിൽ കാന്തിനെ പൊലീസ് മേധാവിയായി നിയമിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചതോടെ സന്ധ്യയ്ക്ക് സീനിയോറിട്ടിയിലും നഷ്ടം വരികയാണ്. എല്ലാ അർത്ഥത്തിലും സന്ധ്യയ്ക്ക് ഇടതു സർക്കാർ നൽകുന്നത് നിരാശയാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സന്ധ്യയെ എല്ലാ അർത്ഥത്തിലും പിണറായി പരിഗണിച്ചിരുന്നു. ജിഷാ കേസിന്റെ അന്വേഷണം നടത്തിയത് സന്ധ്യയായിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസോടെ എല്ലാം തകിടം മറിഞ്ഞു. ദിലീപിന്റെ അറസ്റ്റ് സർക്കാരിന് നേട്ടമായെങ്കിലും സന്ധ്യയ്ക്ക് വലിയ തിരിച്ചടിയായി. സ്വാമി ഗംഗേശാനന്ദയുടെ ലിംഗം പോയ കേസിലെ വിവാദവും തിരിച്ചടിയായി. ഇതിനിടെയാണ് പുതിയ പൊലീസ് മേധാവിയാകാനുള്ള സാധ്യത സന്ധ്യയ്ക്ക് തെളിഞ്ഞത്.
ടോമിൻ തച്ചങ്കരിയേക്കും സുധേഷ് കുമാറിനും വിവാദമുള്ളതിനാൽ സന്ധ്യ പൊലീസ് മേധാവിയാകുമെന്ന് ഏവരും കരുതി. അതുണ്ടായില്ലെന്ന് മാത്രമല്ല അർഹിച്ച പ്രമോഷൻ പോലും വൈകുന്ന സാഹചര്യം ലോക്നാഥ് ബെഹ്റയുടെ വിരമിക്കലോടെ സന്ധ്യയ്ക്കുണ്ടായി. ഐപിഎസുകാരിൽ ഇപ്പോൾ ഋഷിരാജ് സിംഗിനും തച്ചങ്കരിക്കും സുധേഷ് കുമാറിനും അനിൽ കാന്തിനുമാണ് കേന്ദ്രം അംഗീകരിച്ച ഡിജിപി കേഡറുള്ളത്. യഥാർത്ഥത്തിൽ നാലാമത് വരേണ്ടത് സന്ധ്യാണ്. എഡിജിപിയായ അനിൽകാന്തിനെ സന്ധ്യയെ മറികടന്ന് പൊലീസ് മേധാവിയാക്കിയതോടെയാണ് ഈ അവസരം സന്ധ്യയ്ക്ക് നഷ്ടമാകുന്നത്. ഫലത്തിൽ കേരളത്തിലെ ഐപിഎസ് സീനിയോറിട്ടിയിൽ അഞ്ചാമതായി സന്ധ്യയുടെ സ്ഥാനം. അടുത്ത മാസം ഋഷിരാജ് സിങ് വിരമിക്കും. ഈ സമയം കേന്ദ്ര കേഡറിൽ സന്ധ്യയും ഡിജിപിയാകും. അതായത് ഒരു മാസം വൈകി മാത്രമേ സന്ധ്യയ്ക്ക് പ്രമോഷൻ കിട്ടൂ എന്ന അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് അനിൽ കാന്തിന്റെ കത്തയയ്ക്കൽ.
അനിൽ കാന്ത് 2022 ജനുവരിയിൽ വിരമിക്കും. രണ്ടു കൊല്ലം സർക്കാർ പദവി നീട്ടികൊടുക്കാൻ സാധ്യതയുമില്ല. ഈ സമയത്തേക്ക് തച്ചങ്കരിയുടെ വിജിലൻസ് കേസുകൾ അവസാനിപ്പിക്കുന്ന തരത്തിൽ ഇടപെടലുണ്ടാകും. അങ്ങനെ വന്നാൽ തച്ചങ്കരി യുപിഎസ് സിയുടെ അംഗീകാരത്തോടെ പൊലീസ് മേധാവിയാകും. അല്ലാത്ത പക്ഷമേ സന്ധ്യയ്ക്ക് ഡിജിപിയാകാൻ അവസരം ഉണ്ടാകൂ. അന്ന് പുതിയ പേരുകൾ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനും ഇടയുണ്ട്. എതായാലും സർക്കാരിനെ പിണക്കാതെ മുമ്പോട്ട് പോകാനാണ് സന്ധ്യയുടെ തീരുമാനം. ഡിജിപി പദവിയിലെ പ്രമോഷൻ വൈകുന്നതിന് എതിരെ കേസിന് പോകാത്തതും സർക്കാരുമായി ഇടയാനുള്ള താൽപ്പര്യക്കുറവ് കൊണ്ട് മാത്രമാണ്.
ഡിജിപി പദവിയിലേക്കു പരിഗണിക്കേണ്ട 3 പേരുടെ പട്ടിക യുപിഎസ്‌സി സമിതി കൈമാറിയതോടെ പുതിയ ഡിജിപിയെ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണറായ എഡിജിപി അനിൽകാന്ത്, അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ തുടങ്ങിയവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സന്ധ്യയ്ക്ക് സാധ്യത കൂടുതൽ കൽപ്പിച്ചു. വനിതാ പൊലീസ് മേധാവി വരട്ടെയെന്നു അതൊരു ചരിത്രമാകുമായിരുന്നു.
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 2023 വരെ സർവീസുള്ള ബി സന്ധ്യയെ പൂർണമായും മാറ്റി നിർത്തി എന്ന് പറയാനും സാധ്യമല്ല. ഈ സർക്കാരിന്റെ കാലത്ത് തന്നെ വനിതാ ഡി.ജി.പിയായി ബി സന്ധ്യ വന്നാൽ അത്ഭുതപ്പെടാനില്ല.
മറുനാടന് മലയാളി ബ്യൂറോ