ബാംഗ്ലൂർ: ബാംഗ്ലൂരിൽ നടന്ന് കൊണ്ടിരിക്കുന്ന ബി ടെക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ താരങ്ങൾക്ക് മർദനമേറ്റതിനെക്കുറിച്ച് സംവിധായകൻ മൃദുൽ നായർ വെളിപ്പെടുത്തി,

രണ്ടു ജൂനിയർ ആർട്ടിസ്റ്റുകളെ ആണ് ലാത്തിയുമായി പൊലീസുദ്യോഗസ്ഥരുടെ റോളിൽ തീരുമാനിച്ചത്. എന്നാൽ ഷോട്ട് എടുത്തപ്പോൾ ഇത് ആറു പേരായി. ഈ ആറു പേരും ചേർന്ന് സൈജു കുറുപ്പ്, അപർണ ബാലമുരളി, അജു വർഗീസ് എന്നീ താരങ്ങളുടെ ദേഹത്തേക്ക് ലാത്തി വീശി. സ്ഥിതി വഷളായപ്പോൾ കട്ട് പറഞ്ഞു. പക്ഷെ അവർ നിർത്താൻ തയ്യാറായില്ല. അവസാനം ക്ഷുഭിതനാകേണ്ടി വന്നു.

ദേഷ്യപ്പെട്ട് കട്ട് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ മുഴുവൻ തന്റെ നേരെ തിരിഞ്ഞു. ചിത്രീകരണം നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായി. തെറ്റ് അവരുടെ ഭാഗത്തായിട്ടും താൻ സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞു. 400 ഓളം ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വച്ചാണ് മാപ്പ് പറഞ്ഞത്. പക്ഷെ അവർ പിന്നീടും ആക്രമണം തുടരുകയായിരുന്നു. മാപ്പു പറഞ്ഞു കാരവനിലേക്കു പോയ താൻ കണ്ടത് കാരവാനിലേക്കും ടെമ്പോ ട്രാവലറിലേക്കും കല്ലെറിയുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ ആണ്. ഈ രണ്ടു വണ്ടികളും അവർ തകർത്തു. കുറച്ചു നേരം സിനിമയുടെ ചിത്രീകരണം നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായി എന്നും സംഘർഷത്തെ തുടർന്ന് ആദ്യം സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചുവെങ്കിലും പിന്നീട് പൂർത്തിയാക്കിയെന്നും മൃദുൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രീകരണത്തിനിടെ താരങ്ങൾക്ക് മർധനമേറ്റു എന്ന വാർത്ത കേൾക്കുന്നത്, പറഞ്ഞ രീതിയിൽ അല്ലാതെ ഷൂട്ട് ചെയ്തതിലെ അമർഷമാണെന്നും താരങ്ങളുടെ പെരുമാറ്റം കൊണ്ട് ദേഷ്യം വന്നിട്ടാണെന്നും തുടങ്ങിയ പല ഊഹങ്ങൾ പുറത്തു വന്നിരുന്നു. ഇതിനെത്തുടർന്നാണ് സംവിധായകൻ വെളിപ്പെടുത്തൽ നടത്തിയത്. ആഭാസം എന്ന സിനിമക്കു ശേഷം ബാഗ്ലൂരിൽ ചിത്രീകരണ വേളയിൽ സംഘർഷം ഉണ്ടാവുന്ന രണ്ടാമത്തെ മലയാള സിനിമ യാണ് ബി.ടെക്ക്.