കൊച്ചി: മലയാള സിനിമയുടെ പ്രതിസന്ധി ആരാധകർ തമ്മിലുള്ള മത്സരവും പരിതാപകരമായ നിരൂപണങ്ങളുമാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. വില്ലൻ സിനിമയുടെ പ്രചാരാണാർത്ഥം മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്റെ വിമർശനം.

ആരാധകർ തമ്മിൽ യുദ്ധാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും നല്ല സിനിമയുടെ അളവുകോൽ ഇതല്ലെന്ന് മമ്മൂട്ടിയും മോഹൻലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണം. കോടികളുടെ കളക്ഷൻവച്ച് ഞാനോ നീയോയെന്ന നിലയിലാണ് മലയാള സിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഇവിടെ ആരാധകർ തമ്മിലുള്ള യുദ്ധാന്തരീക്ഷമുണ്ട്. ഉത്തരവാദിത്തപ്പെട്ട സംഘടനപ്രതിനിധിയെന്ന നിലയിൽ ഈ അഴുക്കിനൊപ്പം നിൽക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ.

വില്ലന്റെ സംവിധായകൻ മറ്റുപലരുമായിരുന്നെങ്കിൽ ക്ലാസിക്ക് എന്നു പറയുമായിരുന്നുവെന്നും മലയാളത്തിലെ സമീപകാല സിനിമാനിരൂപണം പരിതാപകരമാണെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ.