തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥി സമരം തുടരുന്ന വേളയിൽ സമരക്കാർക്ക് പിന്തുണയുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ രംഗത്ത്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കുംവരെ സമരം നടത്താനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ രംഗത്ത്. കോടതിയിലെ ജയമൊന്നുമൊരു ജയമല്ലെന്നും ഈ ധർമ്മസമരത്തിൽ നിങ്ങൾ തോറ്റുപോയെന്നും ബി ഉണ്ണിക്കൃഷ്ണൻ ലക്ഷ്മി നായരോട് പറയുന്നു.

ബി.ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം:

പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം ' ഒന്ന് മാറി നിൽക്കൂ' എന്ന് പറയുമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്, ' നിങ്ങളുടെ ഇഷ്ടം നടക്കട്ടെ' എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്, 'നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച് ഞാനൊരുവഴിയാക്കിവിടുമെന്ന്' ശഠിക്കുന്ന ധാർഷ്ട്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം.

കോടതിയിൽ നിന്നുത്തരവ് വാങ്ങി നിങ്ങൾക്ക് സമരപന്തലുകൾ പൊളിക്കാം, കോളേജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്‌നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ.

കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe's gone sour, so stop cooking.