തിരുവനന്തപുരം: അൽഫോൻസ് പുത്രന്റെ പ്രേമം സിനിമയെ സംസ്ഥാന സിനിമ അവാർഡിൽ തഴഞ്ഞതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. അൽഫോൻസിനെ പിന്തുണച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണനും രംഗത്തെത്തി. സിനിമയെ കുറിച്ച് വലിയ അസത്യമാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായിരുന്ന സംവിധായകൻ മോഹൻ പറഞ്ഞതെന്ന് ബി ഉണ്ണികൃഷ്ണൻ. പ്രേമത്തിന്റെ മേക്കിംഗിൽ സംവിധായകൻ ഉഴപ്പൻ നയമാണ് സ്വീകരിച്ചതെന്ന് അവാർഡ് പ്രഖ്യാപനത്തിന് ശേഷം മോഹൻ പറഞ്ഞിരുന്നു. ഒന്നര മാസത്തിന് ശേഷം പ്രേമത്തിന്റെ ടെലിവിഷൻ പ്രീമിയർ നടക്കുന്ന വിഷു ദിനത്തിലാണ് അൽഫോൻസ് പുത്രൻ ജൂറി ചെയർമാനോട് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്നലെ വീണ്ടും ടെലിവിഷനിൽ പ്രേമം കണ്ടുവെന്നും മോഹനെ പോലൊരു സംവിധായകന് എങ്ങനെ ഇങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അറിയില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ ടിവിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അൽഫോൻസ് മോഹൻ സാറിനോട് ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ് വിവാദളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ് പ്രഖ്യാപനമൊക്കെകഴിഞ്ഞ്, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുമ്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ല, ഇതിന് ഘടനയില്ല, ഫോക്കസില്ല, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാൾ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാൻ കഴിയില്ല. ഇത് ഉഴപ്പലാണെങ്കിൽ അൽഫോൻസ് താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ. നമ്മുക്ക് ഈ അവാർഡ് വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ..