കൊച്ചി: കോഴിക്കാട് മാൻഹോളിൽ അപകടത്തിൽപ്പെട്ട രണ്ട് ആന്ധ്രാ സ്വദേശികളായ ജീവനക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു മരിച്ച നൗഷാദെന്ന യുവാവിനെ വെള്ളാപ്പള്ളി നടേശൻ അപമാനിച്ചതിനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആഷിഖ് അബുവും രംഗത്തെത്തി.

കേരളം കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ സാമുദായിക നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചപ്പോൾ കേരളമാണ് സൂക്ഷിക്കണം സാർ, എന്ന് പറഞ്ഞാണ് ആഷിഖ് അബു പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു രണ്ട് പേരുടെയും പ്രതികരണം.

ഉണ്ണികൃഷ്ണൻ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

കേരളംം കണ്ട ഏറ്റവും പ്രതിലോമകാരിയായ, അപകടകാരിയായ സാമുദായിക നേതാവ് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഇനിയുള്ളൂ; ആത്മത്യാഗത്തിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃക കാണിച്ച നൗഷാദിന്റെ ഓർമ്മയെ അവഹേളിച്ച വെള്ളാപ്പള്ളി നടേശൻ, കേരള മന:സാക്ഷി താങ്കളോട് പൊറുക്കില്ല. പുതിയ പാർട്ടി ഉണ്ടാക്കുമ്പോൾ ചിഹ്നത്തിന്റെ കാര്യത്തിൽ ഒരു കൺഫ്യൂഷനും വേണ്ട: ഹിറ്റ്‌ലറിന്റെ സ്വസ്തിക തന്നെ മതി.