ണ്ടനിലെ ഹീത്രോവിൽ നിന്നും കാനഡയിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഇന്ത്യൻ വംശജയായ യാത്രക്കാരി മേഘ്‌ന കുമാർ പിടിയിലായി. ഇവർ മദ്യപിച്ചുണ്ടാക്കിയ ബഹളത്തെ തുടർന്ന് വിമാനം രണ്ട് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്. തുടർന്ന് മേഘ്‌നയെ വിമാനത്തിൽ നിന്നും പിടിച്ചിറക്കിയാണ് ടേയ്ക്ക് ഓഫ് ചെയ്തത്. ഈ കേസിൽ മേഘ്‌നയുടെ വിചാരണ തുടങ്ങിയിട്ടുമുണ്ട്. മദ്യം മണക്കുന്ന വായയുമായി മേഘ്‌ന വായിൽ തോന്നുന്ന തെറികളാണ് മറ്റ് യാത്രക്കാർക്കും വിമാന ജീവനക്കാർക്കും നേരെ ചൊരിഞ്ഞിരുന്നതെന്ന് വിചാരക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.

തുടർന്ന് ഈ 30 കാരി സീറ്റ് ബെൽട്ടിടാൻ വിസമ്മതിച്ചും പ്രശ്‌നമുണ്ടാക്കിയിരുന്നു. ഹീത്രോവിലെ ബാറിൽ വച്ചായിരുന്നു മേഘ്‌ന മദ്യപിച്ച് മദോന്മത്തയായിത്തീർന്നത്. തുടർന്ന് കാനഡയിലെ മോൺട്‌റിയലിലേക്ക് പോകാനിരുന്ന വിമാനം പുറപ്പെടാനാവാതെ രണ്ട് മണിക്കൂറോളം കിടക്കേണ്ടി വന്നുവെന്നും ഉക്‌സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടണിലാണ് മേഘ്‌ന താമസിക്കുന്നത്. ഈ വർഷം ഏപ്രിൽ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയിൽ വിചാരണക്കെത്തിയപ്പോഴും താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കാൻ മേഘ്‌ന തയ്യാറായിരുന്നില്ല.

ബാറിൽ പോയി മദ്യപിച്ചിരുന്നതിനാൽ വിമാനത്തിലെത്താൻ മേഘ്‌ന വൈകിയിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ വിജ്യ ഖുട്ടൻ ബോധിപ്പിച്ചത്. വിമാനത്തിൽ കയറിയ അവർ ഏവരോടും കയർത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ കക്ഷി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മേഘ്‌നയുടെ അഭിഭാഷകനായ അഹ്മദ് റാഫിക്ക് വാദിച്ചത്. കുററം കോടതിക്ക് മുന്നിൽ ബോധ്യപ്പെട്ടാൽ വൻ തുക പിഴയോ ജയിൽ ശിക്ഷയോ മേഘ്‌നയ്ക്ക് മേൽ ചുമത്തപ്പെടുന്നതാണ്. അടുത്ത മാസം ഐസ്ലെവർത്ത് ക്രൗൺ കോടതിയിൽ ഹാജരാകാൻ വേണ്ടി മേഘ്‌നയെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.