കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിലെന്ന സുനിൽകുമാറിനായി നാളെ ആലുവ കോടതിയിൽ ഹാജരാകുമെന്ന് അഡ്വ ബിജു ആന്റണി ആളൂരെന്ന ബി. എ. ആളൂർ വ്യക്തമാക്കി. കേസിൽ ഹാജരാകണമെന്ന് സുനിൽകുമാറുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂർ പറഞ്ഞു.

ജനവികാരം എതിരായ കേസുകളിൽ പ്രതികളുടെ വക്കാലത്ത് എടുത്തു പ്രസിദ്ധനായ വക്കീലാണ് ആളൂർ. ഇതിനു മുമ്പ് പൂന ഇൻഫോസിസ് ഓഫീസിൽ കോഴിക്കോട് സ്വദേശിനി രസീല രാജു കൊല്ലപ്പെട്ട കേസിലെ പ്രതി ബാബൻ സൈക്കിയയ്ക്കു വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്.

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുളിന്റെ വക്കാലത്ത് ഏറ്റെടുത്തതും ആളൂരായിരുന്നു. കൂടാതെ കേരളത്തിലുൾപ്പെടെ രാജ്യവ്യാപകമായി കവർച്ച നടത്തിയ ബണ്ടി ചോർ എന്ന കുറ്റവാളിക്കുവേണ്ടി ആളൂർ ഹാജരായിട്ടുണ്ട്. ജിഷ വധക്കേസിലും അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഹാജരാവാൻ തയ്യാറായെങ്കിലും അത് നടില്ല.

മാദ്ധ്യമശ്രദ്ധ നേടാൻ വേണ്ടായായിരുന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ കേസ് ആളൂർ ഏറ്റെടുത്തത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിക്ക് വേണ്ടി വാദിക്കാൻ 15 ലക്ഷത്തിലധികം രൂപ ഫീസ് ഇനത്തിൽ കൈപ്പറ്റിയെന്നും ആളൂർ വെളിപ്പെടുത്തിയിരുന്നു. ഫീസ് വാങ്ങുന്നത് ഒരു അഭിഭാഷകന്റെ അവകാശമാണെന്നും ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിയമമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. താൻ വാദിച്ച ഒരു കേസിലെ പ്രതികൾ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇവർ ആരാണെന്ന് വെളിപ്പെടുത്താൻ ആളൂർ തയാറായില്ല.