മുംബൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ ബാഹുബലി 2 പുതിയ റെക്കോർഡുകളുമായി മുന്നോട്ട് കുതിക്കുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ 1000 കോടി ചിത്രമായ ബാഹുബലി: ദ കൺക്ലൂഷൻ ഇപ്പോഴിതാ,റോട്ടൺ ടൊമാറ്റോസിന്റെ ഈ വർഷത്തെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.

റോട്ടൺ ടൊമാറ്റോസിൽ ഇടംനേടിയ 12 ചിത്രങ്ങളിൽ മൂന്നു സിനിമകൾ 100 ശതമാനം സ്‌കോർ നേടിയിരുന്നു. ഈ മൂന്നു ചിത്രങ്ങളിലൊന്ന് ബാഹുബലി 2 ആണ്. ബാഹുബലി: ദ ബിഗിനിങ് എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണ് ബാഹുബലി: ദ കൺക്ലൂഷൻ.ബാഹുബലി രണ്ടാം ഭാഗത്തിൽ പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

4കെ ഹൈ ഡെഫെനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിൽ 28 നാണ് ബാഹുബലി: ദ കൺക്ലൂഷൻ പ്രദർശനത്തിനെത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത് . റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കിയിരുന്നു.