തിരുവനന്തപുരം: 'ഈ സിനിമ ആദ്യത്തെ ഷോ കണ്ടില്ലെങ്കിൽ ശരിയാകില്ല. രണ്ട് വർഷമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിന്റെ സസ്പെൻസ് അത്രത്തോളമുണ്ടായിരുന്നു ആദ്യ ഭാഗം അവസാനിപ്പിച്ചിടത്ത്. ആദ്യ ഷോ കണ്ടില്ലേൽ പിന്നെ അത് വലിയ നഷ്ടമാകും അതാ ഇന്ന് ലീവെടുത്ത് രാവിലെ തന്നെ സിനിമയ്ക്ക് വന്നത്''- തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ വിഷ്ണു എന്ന പ്രേക്ഷകൻ പറഞ്ഞ വാക്കുകളാണ് ഇത്. ബാഹുബലി എന്ന ചിത്രത്തെ പ്രേക്ഷകർ എത്രത്തോളം കാത്തിരുന്നുവെന്ന് പ്രത്യേകമായി പറയേണ്ടതില്ല. കാത്തിരുന്നത് വെറുതെയായില്ലെന്ന അഭിപ്രായം തന്നെയാണ് ചിത്രം കണ്ടിറങ്ങയ ഓരോരുത്തരും പറയുന്നത്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ പ്രേക്ഷകർ വരവേറ്റത് വലിയ ആവേശത്തോടെ. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള തീയറ്ററുകളെ പൂരപ്പറമ്പുകളാക്കിയാണ് ഈ ബ്രഹ്മാണ്ഡ സിനിമക്ക് തുടക്കമായത്. തിരുവനന്തപുരം അടക്കമുള്ള മിക്കയിടത്തും രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങിയത്. തലസ്ഥാനത്ത് മാത്രം എട്ടോളം തീയറ്ററുകളിൽ പ്രദർശനം നടത്തിയചിത്രം കാണുവാനായി അതി രാവിലെ മുതൽ തന്നെ പ്രേക്ഷകർ എത്തിയിരുന്നു.

അഞ്ച് മണിയോടെ തന്നെ ടിക്കറ്റുകൾ കാണിച്ച് തീയറ്ററിന്റെ പ്രധാന കവാടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. തീയറ്ററിനുള്ളിൽ പ്രവേശിച്ച് തങ്ങളുടെ ഇരിപ്പിടങ്ങൾ ഉറപ്പാക്കാനായിരുന്നു ഓരോരുത്തരുടേയും തിരക്ക്. തിയറ്ററിലെ തിരക്ക് നിയന്ത്രിക്കാൻ തീയറ്റർ ജീവനക്കാരും ബുദ്ധിമുട്ടി.

ചിത്രത്തിന്റെ ടൈറ്റിൽ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ തന്നെ ആവേശം അണപൊട്ടി. ചിത്ത്രതിന്റെ ഓരോ രംഗങ്ങളും വലിയ ആവേശത്തോടെ തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആകെ ത്രില്ലടിപ്പിക്കുനാണ് ആദ്യ പകുതിയെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടത്. ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്. ശിവകാമിയാണ് രണ്ടാം ഭാഗത്തിലെ മുഖ്യതാരമെന്ന് തന്നെയാണ് കണ്ടിറങ്ങിയവർ പറയുന്നത്.

ആദ്യ ഭാഗത്തിലെ ദൃശ്യവിസ്മയം തന്നെയാണ് രണ്ടാം ഭാഗത്തിലും കാണാൻ കഴിയുന്നത്. ആരാധകരെ ഭ്രമിപ്പിക്കുന്ന വിധത്തിലാണ് ഗാനചിത്രീകരണങ്ങളും. ഗ്രാഫിക്‌സും വളരെ മേന്മപുലർത്തുന്നുണ്ട്. ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്താൻ രാജമൗലിക്കും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതി കണ്ടും കഴിയുമ്പോഴേക്കും അതിഗംഭീരം എന്ന അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെച്ചത്. സത്യരാജ്, പ്രഭാസ്, റാണ്ണ ദഗ്ഗുബട്ടി എന്നിവരുടെ അപാര സ്‌ക്രീൻ സാന്നിധ്യം രണ്ടാം ഭാഗത്തിലുമുണ്ട്. സംഘട്ടന രംഗങ്ങൾ കൊണ്ടും ബാഹുബലി അമ്പരപ്പിക്കുന്നുണ്ട്.

സസ്‌പെൻസും ട്വിസ്റ്റും നിലനിർത്തുന്ന ചിത്രത്തിന്റെ ആദ്യ പകുതിയിൽ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. ബാഹുബലി-പൽവാൾ ദേവൻ പോരാട്ടവും അതിഗംഭീരമെന്നാണ് കണ്ടിറങ്ങിയവരുടെ അഭിപ്രായം. സാങ്കേതിക വശമായാലും താരങ്ങളുടെ പ്രകടനമായാലും യുദ്ധ രംഗങ്ങളുടെ ചിത്രീകരണങ്ങളും സസ്പെന്സായ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത് ഉൾപ്പടെയുള്ള എല്ലാ രീതിയലും ഏത് അളവ്കോൽ കൊണ്ട് നോക്കിയാലും മികച്ചത് എന്ന അഭിപ്രായം മാത്രമെ പ്രേക്ഷകർക്ക് പറയാനുള്ളു.

ചിത്രത്തിന്റെ രണ്ടാമത്തെ പ്രദർശനത്തിന് കാത്തുനിന്ന പ്രേക്ഷകരുടെ പ്രതികരണങ്ങളും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. ആദ്യ ഷോ കണ്ട സുഹൃത്തുക്കളുടെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാതെയും വാട്സാപ്പിലും ഫേസ്‌ബുക്കിലും ലോഗിൻ ചെയ്യാതെയുമാണ് പലരും കാത്ത് നിന്നത്. കട്ടപ്പ എന്തിന് ബാഹുബലിയെ കോന്നു എന്ന സസ്പെൻസ് അറിാതെ തിയറ്ററിൽ പ്രവേശിക്കണം പടം കഴിഞ്ഞ് മാത്രമെ ഉള്ളു ഇനി ബാക്കി, ഇതായിരു്നനു പൊതു വികകാരം.

ആദ്യ പ്രദർശനം നടന്ന തിയറ്ററുകളിൽ സിനിമാ സീരിയൽ രംഗത്തുള്ള നിരവധിപേർ എത്തിയിരുന്നു. തലസ്ഥാനത്തിന്റെ യുവ മേയർ വികെ പ്രശാന്തും ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു.ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയലർ മാത്രമാണ് ആദ്യ ഭാഗം എന്നും ഹോളീവുഡ് സ്റ്റൈലിനെ പ്പോലും വെല്ലുവിളിക്കാൻ പോന്നതാണ് ചിത്രമെന്നും പ്രേക്ഷകർ പറയുന്നു. തിയറ്ററുകൾക്ക് മുന്നിൽ പ്രേക്ഷകർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.