ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ അത്ഭുത ചിത്രമായ ബാഹുബലി: ദ കൺക്ലൂഷൻ അഥവാ ബാഹുബലി 2 ഇനി ജപ്പാനീസ് ഭാഷയിൽ ഒരുങ്ങുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിലിൽ പ്രദർശനത്തിനെത്തിയ ബാഹുബലി 2 മറ്റൊരു ഭാഷയിലേക്ക് ഒരുങ്ങുമ്പോൾ 2000 കോടി എത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ ആകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

എസ്.എസ്. രാജമൗലി എന്ന സംവിധായകന്റെ മികവിൽ ഒരുങ്ങിയ ബ്രഹ്മണ്ഡ ചിത്രങ്ങളാണ് ബാഹുബലി:ദ ബിഗിനിങ്, ബാഹുബലി: ദ കൺക്ലൂഷൻ എന്നിവ. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, സത്യരാജ് എന്നിവർ പ്രധാനതാരങ്ങളായി എത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം, ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്ന ബഹുമതികൾ സ്വന്തമാക്കിയിരുന്നു.

ഡിസംബർ 29നാണ് ജപ്പാനീസ് തിയേറ്ററുകളിൽ ബാഹുബലി 2 പ്രദർശനം ആരംഭിക്കുക. ജാപ്പനീസ് ഭാഷയിൽ ബാഹുബലി 2 മൊഴി മാറ്റിയാണ് എത്തുന്നത്. ഇന്ത്യയിലെ 'യു' സർട്ടിഫിക്കറ്റിന് തുല്യമായ 'ജി' സർട്ടിഫിക്കറ്റാണ് ജാപ്പനീസ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്.