കളക്ഷനിൽ ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബാഹുബലി രണ്ടാം ഭാഗം. തിയറ്ററുകളിലെത്തും മുൻപ് മുടക്കുമുതലിന്റെ ഇരട്ടി ലാഭം കൊയ്താണ് ബാഹുബലി-2 ഇന്ന് തിയറ്ററുകളിലെത്തുന്നത്. വിതരണ, സാറ്റ്‌ലൈറ്റ് കരാറുകളിലൂടെ 500 കോടി രൂപയാണ് പ്രദർശനത്തിനെത്തുന്നതിന് മുൻപ് ബാഹുബലി-2 ഇതുവരെ സ്വന്തമാക്കിയത്. പത്തര കോടിക്കാണ് കേരളത്തിലെ വിതരണവകാശം വിറ്റത്.

വിതരണാവകാശം, സാറ്റലൈറ്റ്, ഓഡിയോ റിലീസ് എന്നിവയിലൂടെയാണ് ഈ നേട്ടം. ബാഹുബലി ഒന്നാംഭാഗം ആകെ നേടിയത് 650 കോടി രൂപയാണ്. വിതരാണവകാശത്തിലൂടെയാണ് ബാഹുബലി രണ്ടാംഭാഗം ലാഭത്തിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം കിട്ടിയത് 290 കോടി. 127.5 കോടി രൂപയുമായി ആന്ധ്രയാണ് പട്ടികയിൽ മുന്നിൽ. തമിഴ്‌നാട്ടിൽ നിന്ന് 47 കോടിയും കർണാടകയിൽ നിന്ന് 36 കോടി രൂപയും വിതരണാവകാശത്തിലൂടെ നിർമ്മാതാക്കൾക്ക് കിട്ടി.

കേരളത്തിൽ നിന്ന് ലഭിച്ചത് പത്തര കോടി. ആദ്യഭാഗം വിതരണത്തിനെടുത്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ തന്നെയാണ് റെക്കോഡ് തുകയ്ക്ക് രണ്ടാംഭാഗവും സ്വന്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് പിരിഞ്ഞത് 69 കോടി. വിദേശത്ത് നിന്ന് 64 കോടി രൂപയുമാണ്.

നിലവിലെ കണക്കുകൾ നോക്കിയാൽ ബാഹുബലി രണ്ട് ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമാകുമെന്നുറപ്പാണ്. ആദ്യ ആഴ്ചയിൽ തന്നെ ബാഹുബലി ആമിർഖാൻ ചിത്രം പികെയുടെ കളക്ഷൻ റെക്കോഡ് മറികടന്നേക്കും. 2014ൽ എത്തിയ പികെ നേടിയ കളക്ഷൻ 792 കോടി രൂപയാണ്.

അതേസമയം, രാജ്യത്തെ ഒരു വിഭാഗം മൾട്ടിപ്ലക്സ് തീയറ്ററുകൾ ബാഹുബലി പ്രദർശിപ്പിക്കില്ലെന്ന തീരുമാനം കളക്ഷനെ ബാധിക്കാനിടയുണ്ട്. തീയറ്റർ വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി നിർമ്മാതാക്കളുമായുണ്ടായ തർക്കമാണ് ഇതിന് കാരണം. ഇതനുസരിച്ച് കേരളത്തിലെ 28 സ്‌ക്രീനുകളിൽ ബാഹുബലി പ്രദർശനത്തിനെത്തില്ല.