മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ഏട് തന്നെയാണ് എസ് എസ് രാജമൗലിയെന്ന സംവിധായകന്റെ മികവിൽ പിറവിയെടുത്ത ബാഹുബലി. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ ബോക്‌സോഫീസ് ചരിത്രങ്ങളെയെല്ലാം പിന്നിലാക്കി കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 500 കോടിയുടെ കടന്നാണ് ബാഹുബലിയുടെ കുതിപ്പ്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം 506 കോടി രൂപ ബാഹുബലി ഇതിനോടകം കലക്ട് ചെയ്തു കഴിഞ്ഞു. ഹോളിവുഡ് ചിത്രങ്ങളെയും വെല്ലുന്ന വിധത്തിലാണ് ഈ ഇന്ത്യൻ ചിത്രം ആഗോള മാർക്കറ്റിലും കുതിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത മുഴുവൻ ഭാഷകളിൽ നിന്നും ആഗോള വ്യാപകമായി നേടിയ കളക്ഷനുകളുടെ കണക്കാണിത്. ഇന്ത്യയിലെ കളക്ഷൻ റെക്കോഡ് 385 കോടിലേക്ക് കടന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്. 108 കോടിയാണ് ബാഹുബലി ആദ്യ ദിനത്തിൽ വാരിക്കുട്ടിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്. കേരളത്തിൽ നിന്ന് മാത്രം 6.5 കോടി രൂപ ചിത്രം നേടിയിരുന്നു.

ബാഹുബലി 2 ഹിന്ദി പതിപ്പ് 40 കോടിയിലേറെ രൂപ ആദ്യദിനം തന്നെ വാരിക്കൂട്ടിയിരുന്നു. ബോളിവുഡിലെ റെക്കോർഡായിരുന്നു ഇത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ ബാഹുബലി 2വിന്റെ ബുക്കിങ് തുടങ്ങി 24 മണിക്കൂറിനകം വിറ്റ് തീർത്തത് 10 ലക്ഷം ടിക്കറ്റുകൾ. ടിക്കറ്റ് വിൽപ്പനയിൽ അമീർഖാന്റെ ദംഗൽ സൃഷ്ടിച്ച റെക്കോർഡാണ് ബാഹുബലി മറികടന്നത്.

ഇന്ത്യയിലെ 6500 തീയേറ്ററുകളിൽ ബാഹുബലി റിലീസ് ചെയ്തത്. മലയാളം അടക്കം അഞ്ചു ഭാഷാ പതിപ്പുകളിലാണ് ചിത്രം ഇറങ്ങിയത്. ആദ്യദിനം തന്നെ 121 കോടി നേടി. ഇന്ത്യയിൽ ഒരു ചിത്രം റിലീസിന് ഇത്രയും പണം വാരുന്നത് റിക്കാർഡായിരുന്നു. രണ്ടാംദിനം മറ്റൊരു നൂറു കോടി കൂടി ചിത്രം നേടിയെന്ന് ബോക്സ് ഓഫീസ് ഇന്ത്യ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. രണ്ടാം ദിനത്തെ കളകഷൻ കൂടി ചേർക്കുമ്പോൾ ചിത്രം 221 കോടിക്കു മുകളിൽ നേടി.

അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കളക്ഷനിൽ നേരിയ കുറവ് രണ്ടാംദിനം അനുഭവപ്പെട്ടു. അതേസമയം ബാഹുബലിയുടെ ഹിന്ദി പതിപ്പാണ് കളക്ഷനിൽ മുന്നിട്ടു നിൽക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമാണി ചിത്രം പ്രദർശിപ്പിക്കുന്നത്. മറ്റു ഭാഷകൾ ലഭ്യമല്ലാത്തതിനാൽ ചിലർ ഹിന്ദി പതിപ്പാണ് തെരഞ്ഞെടുക്കുന്നത്. ഇതാണ് ഹിന്ദി പതിപ്പിന് കളക്ഷൻ കൂടാനുള്ള കാരണം.