പ്രേക്ഷകലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2ന്റെ ട്രെയ്ലർ ചോർന്നതെന്ന് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് ട്രെയ്ലറിന്റെ ഔദ്യോഗിക ലോഞ്ച് ചടങ്ങ് നടക്കേണ്ടത്. എന്നാൽ രാവിലെ തന്നെ ട്രെയിലർ ഓൺലൈൻ വഴി പ്രചരിക്കുകയായിരുന്നു. ബാഹുബലി: ദ കൺക്ലൂഷന്റെ മലയാളം പതിപ്പിന്റെ ട്രെയ്ലറാണ് ഓൺലൈനിൽ ചോർന്നത്. സംവിധായകൻ എസ്.എസ് രാജമൗലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

മലയാളം പതിപ്പിന്റെ ട്രെയ്ലർ ചോർന്നതിനെ തുടർന്ന് ചിത്രത്തിന്റെ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളുടെ ട്രെയ്ലർ റിലീസ് ചെയ്തു. ട്രെയ്ലർ ചോർത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

പൈറസിയും ചോർത്തലും രണ്ടാണ്. ഇത് ചെയ്തത് ആരാണെന്ന് അറിയാതെ ആരെയും കുറ്റപ്പെടുത്താനില്ല. വൈകുന്നേരം അഞ്ച് മണിക്കാണ് ചിത്രത്തിന്റെ എല്ലാ ഭാഷയിലേക്കുമുള്ള ട്രെയ്ലറുകൾ റിലീസ് ചെയ്യാനിരുന്നതെന്നും രാജമൗലി കൂട്ടിച്ചേർത്തു.

എന്നാൽ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു കോടി കാഴ്‌ച്ചക്കാരാണ് കണ്ടത്.വെറും ഏഴുമണിക്കൂറുകൾകൊണ്ട് ബാഹുബലി 2 ട്രെയിലർ കണ്ടത് ഒരുകോടി ആളുകൾ. ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമാണ് ഒരു ട്രെയിലർ ഇത്രത്തോളം തരംഗമാകുന്നത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറാണ് ഒരുകോടി കടന്നത്..

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പ്രഭാസിന്റേയും റാണ ദഗുബതിയുടേയും പോരാട്ടം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകർഷണം. നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നൽകുന്നുണ്ട്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.